അറിഞ്ഞിരിക്കുക, നിശ്ചയം ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും അല്ലാഹുവിനുള്ളതാണ്, അല്ലാഹുവിനെക്കൂടാതെ അവന്‍റെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഏതൊന്നിനെയാണോ പിന്‍പറ്റുന്നത്, അവര്‍ നിശ്ചയം ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല, നിശ്ചയം അവര്‍ നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്തുന്നവരുമല്ല.
അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് അതിന് യാതൊരു തെളിവും ഹാജരാക്കാനില്ല. അവര്‍ ഊഹങ്ങളെയും അനുമാനങ്ങളെയും പിന്‍പറ്റി പിശാചിന്‍റെ മാര്‍ഗത്തില്‍ ചരിക്കുന്നവരാണ്. ആകാശഭൂമികളടങ്ങുന്ന പ്രപഞ്ചത്തെയും അവയിലുള്ളവയെയും ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കുകയും അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത അല്ലാഹു പങ്കാളികളോ ഇടയാളന്‍മാരോ ശുപാര്‍ശക്കാരോ ഒന്നും തന്നെ ആവശ്യമില്ലാത്തവിധം സ്വയം പര്യാപ്തനും ഐശ്വര്യവാനുമാണ്. അപ്പോള്‍ ഗ്രന്ഥം വായിച്ചതിനുശേഷം അല്ലാഹുവിന് പങ്കാളികളെ സൃഷ്ടിക്കുന്നവരെല്ലാം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ കാഫിറുകളും ഭ്രാന്തന്‍മാരുമാണ്. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പെടാത്ത ഫുജ്ജാറുകള്‍ക്കിടയിലുള്ള വിവിധ സംഘടനകളെല്ലാം തന്നെ മുശ്രിക്കുകളും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍പെട്ടവരുമാണ്. അല്ലാഹുവിനെക്കൂടാതെ അവന്‍റെ ഏത് സൃഷ്ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കുകയാണെങ്കിലും അവര്‍ പിശാചിനെയല്ലാതെ വിളിക്കുന്നില്ലെന്ന് 4: 117 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസി 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാക്കി മാറ്റുകയും നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലുള്ള തന്‍റെ പട്ടിക 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്കുള്ള ഇല്ലിയ്യീനിലേക്ക് മാറ്റുകയും ചെയ്യുന്നതാണ്. 3: 102 ല്‍ വിവരിച്ച പ്രകാരം അവന്‍ മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിക്കുന്ന വനായി (മുസ്ലിമായി) മരണപ്പെടുക. നീയാണ് ആദ്യന്‍, നിനക്കുമുമ്പ് ആരുമില്ല! നീയാണ് അന്ത്യന്‍, നിനക്കുശേഷം ആരുമില്ല! നീയാണ് പ്രത്യക്ഷന്‍, നിനക്ക് മുകളില്‍ ആരും ഇല്ല! നീയാണ് പരോക്ഷന്‍, നിന്നെക്കൂടാതെ മറ്റൊന്നുമില്ല എന്ന് ആത്മാവുകൊണ്ട് പ്രാര്‍ ത്ഥിക്കാന്‍ 57: 3 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നതിനാല്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. ആത്മാവിനെ പരിഗണിക്കാത്ത ഈ കെട്ടജനത 7: 37 പ്രകാരം മരണസമയത്തും 6: 130 പ്രകാരം വിധിദിവസവും അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 36: 59-62 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇത്തരം ഭ്രാന്തന്മാര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവരും നാഥനെ പരിഗണിക്കേണ്ട വിധം പരിഗണിക്കാത്തവരുമായ ഏതൊരാളും 6: 116 ല്‍ പറഞ്ഞ പ്രകാരം ഊഹങ്ങളെയല്ലാതെ പിന്‍പറ്റാത്തവരും നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്താത്തവരുമാണ്. കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരെ പിന്‍പറ്റുന്ന മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ടവരും നരകക്കുണ്ഠം ഒരുക്കിവെക്കപ്പെട്ടവരുമാണ് എന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 4: 131-133; 6: 111; 9: 31; 10: 35-36 വിശദീകരണം നോക്കുക.