( അല്‍ ഹശ്ര്‍ ) 59 : 5

مَا قَطَعْتُمْ مِنْ لِينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّهِ وَلِيُخْزِيَ الْفَاسِقِينَ

ഇളം ഈത്തപ്പനകളില്‍ നിന്നുള്ള ഒന്ന് നിങ്ങള്‍ മുറിച്ചിട്ടുള്ളതും അല്ലെങ്കില്‍ അവയെ അവയുടെ വേരുകളില്‍ നിലനില്‍ക്കാന്‍ നിങ്ങള്‍ അനുവദിച്ചിട്ടുള്ളതും, അപ്പോള്‍ അത് അല്ലാഹുവിന്‍റെ അനുമതിയോടുകൂടി തെമ്മാടികളെ നിന്ദ്യരാക്കുന്നതിന് വേണ്ടിത്തന്നെയായിരുന്നു.

കൃഷി നശിപ്പിക്കാതിരിക്കുക, ഫലവൃക്ഷങ്ങള്‍ നശിപ്പിക്കാതിരിക്കുക, കെട്ടിടങ്ങള്‍ നശിപ്പിക്കാതിരിക്കുക, പ്രായമുള്ള പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും മൃഗങ്ങളെയും വധിക്കാതിരിക്കുക എന്നതെല്ലാം യുദ്ധങ്ങളില്‍ പാലിക്കേണ്ട പൊതു മര്യാദകളായി ഇസ്ലാം പഠിപ്പിച്ചിട്ടുള്ളതാണ്. അതെല്ലാം പ്രവാചകനിലൂടെ നാഥന്‍ വിശ്വാസികളെ പഠിപ്പിച്ചിരുന്നതുമാണ്. എന്നാല്‍ ഉപരോധം നീണ്ടുപോയപ്പോള്‍ കോട്ടകള്‍ക്കുള്ളില്‍ നിന്ന് അവരെ പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി വിശ്വാസികള്‍ ഏതാനും ഇളം ഈത്തപ്പനകളും ഉറിഞ്ചിലുകളായി കായ്ച്ചുനില്‍ക്കുന്ന ഈത്തപ്പനകളും മുറിച്ചു മാറ്റുകയുണ്ടായി. ഈ വിവരം അറിഞ്ഞ പ്രവാചകന്‍ അവര്‍ ചെയ്തതിനെ വിമര്‍ശിച്ചപ്പോള്‍ ഈ സൂക്തം അവതരിപ്പിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്: ഇതെല്ലാം തെമ്മാടികളായ ജനതയെ നിന്ദ്യരാക്കുന്നതിന് വേണ്ടി അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്റില്‍ നേരത്തെ രേഖപ്പെടുത്തി വെച്ചിട്ടുള്ള പ്രകാരം സംഭവിച്ചിട്ടുള്ളത് തന്നെയാണ്. ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന ഹൃദയത്തില്‍ സംശയമാകുന്ന രോഗമുള്ളവരുമാണ് നശീകരണ പ്രവര്‍ത്തനങ്ങളിലും രക്തച്ചൊരിച്ചിലുകളിലും ലോകത്തെല്ലായിടത്തും മുന്‍പന്തിയിലുള്ളത്. അതുകൊണ്ടാണ് ഈസാ രണ്ടാമത് വന്നാല്‍ അവരെ വധിച്ച് ശുദ്ധികലശം നടത്തുന്നത്.

വിശ്വാസികളുടെ സംഘമുള്ളപ്പോള്‍ മാത്രമാണ് 8: 39 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയായ ഒരാള്‍ക്ക് ആ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്യം ഉണ്ടാകുന്നതുവരെ യുദ്ധം ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. 2: 256 ല്‍ വിവരിച്ച പ്രകാരം മതത്തില്‍ നിര്‍ബന്ധമില്ല എന്നിരിക്കെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം ഇസ്ലാമിന് വിരുദ്ധമാണ്. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ സംഘം മാത്രമാണ് ലോകത്തെല്ലായിടത്തും ഉണ്ടായിട്ടുള്ളത്. ഇന്ന് ഒറ്റപ്പെട്ട വിശ്വാസിയോട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് പ്രപഞ്ചത്തിന്‍റെ നാശത്തിന് വേണ്ടി നശീകരണ പ്രവര്‍ത്തനങ്ങളിലും രക്തച്ചൊരിച്ചിലുകളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73 ലൂടെ കല്‍പിച്ചിട്ടുള്ളത്. ഭൂമിയുടെ തിരിച്ചുകറക്കം നീട്ടിവെക്കാനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും ലക്ഷ്യം വെച്ചുകൊണ്ട് നാഥനെ പരിചയപ്പെടുത്താനുള്ള ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുകയുമാണ് വേണ്ടത്. 9: 67-68; 22: 77 -78; 33: 60-61; 35: 14 വിശദീകരണം നോക്കുക.