لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ
ദീനില്‍ നിര്‍ബന്ധമില്ല, നിശ്ചയം തന്റേടത്തിന്റെ മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിട്ടുണ്ട്, അതുകൊണ്ട് വല്ലവനും ത്വാഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയുമാണെങ്കില്‍, അപ്പോള്‍ നിശ്ചയം അവന് ബലിഷ്ഠമായ ഒരു പാശത്തെയാണ് മുറുകെപ്പിടിച്ചിട്ടുള്ളത് -അത് പൊട്ടിപ്പോവുകയില്ല, അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയുമാകുന്നു.
76: 3 പ്രകാരം സന്മാര്ഗവും ദുര്‍മാര്‍ഗവും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയിലും നിക്ഷിപ്തമായിരിക്കെ ദീനിന്റെ കാര്യത്തില്‍ ഒരാള്‍ മറ്റൊരാളെ നിര്‍ബന്ധിക്കാന്‍ പാടില്ല. 10: 99 ല്‍, നിന്റെ നാഥന് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള എല്ലാവരും വിശ്വസിക്കുമായിരുന്നു, അപ്പോള്‍ മനുഷ്യര്‍ എല്ലാവരും വിശ്വാസികളാകാന്‍ നീ നിര്‍ബന്ധിക്കുകയോ, അഥവാ മനുഷ്യര്‍ വിശ്വാസികളാകാത്തതിന് അവരെ വെറുക്കുകയോ എന്ന് ചോദിക്കുകയും; 10: 100 ല്‍, അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരു ആത്മാവിനും വിശ്വാസിയാകാന്‍ സാധ്യമല്ല എന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഉരക്കല്ലായ അദ്ദിക്റിലൂടെ തന്റേടവും ദുര്‍മാര്‍ഗവും വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ആത്മാവിന്റെ ദൃഷ്ടിയും പൊട്ടിപ്പോകാത്ത പാശവും. 3: 103 ല്‍, നിങ്ങളെല്ലാവരും അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിച്ച് ഒന്നാവുക, നിങ്ങള്‍ ഭിന്നിക്കരുത് എന്ന് പറഞ്ഞതുകൊണ്ടും 22: 78 ലും 3: 101 ലും അല്ലാഹുവിനെ മുറുകെപ്പിടിക്കുക എന്ന് പറഞ്ഞതുകൊണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ മുറുകെപ്പിടിക്കുക എന്നുതന്നെയാണ്.
31: 22 ല്‍, ആരാണോ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച് അവനെ കണ്ടുകൊണ്ട് ചരിക്കുന്നത്, അപ്പോള്‍ അവന് പൊട്ടിപ്പോകാത്ത ബലിഷ്ഠമായ ഒരു പാശത്തിന്മേല് തന്നെയാണ് പിടിച്ചിരിക്കുന്നത്, എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്കാണ് മടക്കപ്പെടുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിരിക്കുന്ന പൊട്ടിപ്പോകാത്ത ബലമുള്ള പാശമാണ് അദ്ദിക്ര്‍. അതുകൊണ്ട് നിങ്ങള്‍ അതിനെ മുമ്പില്‍ നടത്തണം. അത് ഉള്‍വലിയുക അല്ലാഹുവിലേക്കാണ്. അതിനെ പിന്നിലാക്കരുത്, അതിനെ പിന്നിലാക്കുന്നവരെ അത് നരകത്തിലേക്ക് തള്ളിവിടുന്നതുമാണ് എന്ന് പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 185-186; 10: 108; 39: 41 വിശദീകരണം നോക്കുക.