وَاخْتَارَ مُوسَىٰ قَوْمَهُ سَبْعِينَ رَجُلًا لِمِيقَاتِنَا ۖ فَلَمَّا أَخَذَتْهُمُ الرَّجْفَةُ قَالَ رَبِّ لَوْ شِئْتَ أَهْلَكْتَهُمْ مِنْ قَبْلُ وَإِيَّايَ ۖ أَتُهْلِكُنَا بِمَا فَعَلَ السُّفَهَاءُ مِنَّا ۖ إِنْ هِيَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَنْ تَشَاءُ وَتَهْدِي مَنْ تَشَاءُ ۖ أَنْتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا ۖ وَأَنْتَ خَيْرُ الْغَافِرِينَ
നാമുമായുള്ള കൂടിക്കാഴ്ചക്കുവേണ്ടി തന്റെ ജനതയില്‍ നിന്ന് എഴുപത് ആ ളുകളെ മൂസാ തെരെഞ്ഞെടുക്കുകയുമുണ്ടായി, അങ്ങനെ അവരെയൊരു ഭയങ്കര പ്രകമ്പനം പിടികൂടിയപ്പോള്‍ അവന് പറഞ്ഞു, എന്റെ നാഥാ! നീ ഇച്ഛിച്ചിരുന്നുവെങ്കില്‍ ഇവരെയും എന്നെത്തന്നെയും ഇതിനുമുമ്പ് തന്നെ നശിപ്പിക്കാമായിരുന്നല്ലോ, ഞങ്ങളിലെ ഏതാനും അവിവേകികളായ മൂഢന്മാര് പ്രവര്‍ത്തിച്ച കുറ്റത്തിന് നീ ഞങ്ങളെ മുഴുവന്‍ നശിപ്പിക്കുകയാണോ, അല്ല, ഇത് നിന്റെ ഒരു പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല, അതുവഴി നീ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും നീ ഉദ്ദേശിക്കുന്നവരെ സന്മാര്ഗത്തിലാക്കുകയും ചെയ്യുന്നു, ഞങ്ങളുടെ രക്ഷാധികാരി നീ മാത്രമാകുന്നു, അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും നിന്റെ കാരുണ്യം ഞങ്ങളില്‍ വര്‍ഷിക്കുകയും ചെയ്യേണമേ, നീ പൊറുക്കുന്നവരില്‍ വെച്ച് ഏറ്റവും ഉത്തമന് തന്നെയുമാകുന്നു.
2: 55 ല്‍ വിവരിച്ച പ്രകാരം ഇസ്റാഈല്‍ സന്തതികള്‍ 'അല്ലാഹുവിനെ നേരില്‍ കാണുന്നതുവരെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല' എന്ന് മൂസായോട് പറഞ്ഞപ്പോള്‍ അവരില്‍ നിന്നുള്ള പ്രധാനികളായ 70 പേരെയും കൂട്ടി മൂസാ ത്വൂര് പര്‍വതത്തിലേക്ക് പോയ സംഭവമാണ് ഇവിടെ വിവരിക്കുന്നത്. അവിടെവെച്ച് ഒരു പ്രകമ്പനം വഴി അവരെ സ്തബ്ധരാക്കി വീഴ്ത്തിയപ്പോള്‍ പ്രവാചകന് മൂസാ ആത്മാവുകൊണ്ട് സൂക്തത്തില്‍ പറഞ്ഞ പ്രകാരം പ്രാര്‍ത്ഥിക്കുകയുണ്ടായി. ഇന്ന് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് സന്മാര്ഗ്ഗത്തിലായവരും അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമാണ്. 3: 58 ല്‍ പറഞ്ഞ യുക്തിനിര്ഭരഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും മൂടിവെക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമായ ഫുജ്ജാറുകള്‍ വഴികേടിലും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരുമാണ്. 2: 28; 5: 78-81; 6: 25-26 വിശദീകരണം നോക്കുക.