( അല്‍ ബഖറ ) 2 : 173

إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ

നിശ്ചയം നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളത് ശവവും രക്തവും പന്നി മാംസവും അല്ലാഹുവിനുവേണ്ടിയല്ലാതെ നീക്കിവെക്കപ്പെട്ടതുമാണ്, അപ്പോള്‍ വല്ലവനും നിര്‍ബന്ധിതാവസ്ഥയില്‍ പരിധി ലംഘിക്കാതെയും അതിക്രമപ രമല്ലാതെയും അവ ഉപയോഗിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍റെ മേല്‍ കുറ്റമില്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.

16: 115 ഉം ഇതേ ആശയമുള്ള സൂക്തമാണ്. 6: 145 ല്‍, അല്ലാഹുവിന് വേണ്ടിയല്ലാതെ (നേര്‍ച്ചയായി) നീക്കിവെക്കപ്പെട്ടത് മാലിന്യവും കാപട്യമുളവാക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. കരള്‍, ഹൃദയം എന്നിവയില്‍ രക്തം ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും 6: 145 ല്‍ ഒഴുക്കപ്പെട്ട രക്തം മാത്രമേ നിഷിദ്ധമാവുകയുള്ളൂ എന്ന് നിയമം വന്നിട്ടുള്ളതിനാല്‍ അവ ഭക്ഷിക്കല്‍ അനുവദനീയമാണ്. ചത്ത മത്സ്യവും വെട്ടുകിളിയും നിഷിദ്ധമല്ല എന്ന് അല്ലാഹു അവന്‍റെ പ്രവാചകനിലൂടെ ഈ സൂക്തത്തിന്‍റെ വിശദീകരണമായി പഠിപ്പിച്ചിട്ടുണ്ട്.  

നിര്‍ബന്ധിതാവസ്ഥയില്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വമനസോടെയല്ലാതെ കഴിക്കലും മറ്റ് ഭക്ഷണവസ്തുക്കളൊന്നും കിട്ടാത്ത അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആവശ്യത്തിനുമാത്രം ഉപയോഗിക്കലുമാണ്. കഴിയുന്നത്ര അനുവദനീയമായ ഭക്ഷണമാണെന്ന് ഉറപ്പുവരുത്തുകയും കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം നിഷിദ്ധമായതാണെന്ന് ബോധ്യം വന്നാല്‍ ഉടനെ നിര്‍ത്തുകയും അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും വേണം. 6: 121 ല്‍, അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാത്തതൊന്നും നിങ്ങള്‍ ഒരിക്കലും ഭക്ഷിക്കരുത്, നിശ്ചയം അത് കാപട്യമുളവാക്കുന്നതാണ്, നിശ്ചയം പിശാച് അവന്‍റെ മിത്രങ്ങള്‍ക്ക് നിങ്ങളോട് തര്‍ക്കിക്കാന്‍ വേണ്ടി ബോധനം നല്‍കുന്നതുമാണ്, നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ നിശ്ചയം നിങ്ങള്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവര്‍ തന്നെയായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാത്തത് നിങ്ങള്‍ തിന്നരുത്, നിശ്ചയം അത് കാപട്യമുളവാക്കുന്നതാണ് എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്‍റെ പേര് ഉച്ചരിച്ച് അറുത്താല്‍ മതി, അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ചാല്‍ മതി എന്നല്ല ആശയം, മറിച്ച് ഇത് (ഉരു) അല്ലാഹുവില്‍ നിന്നുള്ളതാണ്, അല്ലാഹുവിലേക്ക് തന്നെയാണ് ഇത് തിരിച്ചുപോകുന്നതും എന്ന് ആത്മാവുകൊണ്ട് സ്മരിച്ച് അറുക്കണമെന്നാണ്. അല്ലാഹുവിനല്ലാതെ മറ്റുള്ളവരുടെ പേരില്‍ നേര്‍ച്ചയായി നീക്കിവെച്ച ഭക്ഷണവിഭവങ്ങളെല്ലാം നിഷിദ്ധമാണെന്ന് ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. 

ആത്മാവുകൊണ്ട് നാഥനെ സ്മരിക്കുന്ന ജീവികളെ ദൈവസ്മരണ തീരെയില്ലാതെ വായ കൊണ്ട് മാത്രം ബിസ്മി ചൊല്ലി അറുത്തുതിന്നുന്നതിലും അല്ലാഹു അല്ലാത്തവരുടെ മേല്‍ നേര്‍ച്ചയായി ഭക്ഷണസാധനങ്ങളും മറ്റും നീക്കിവെക്കുന്നതിലും മുന്‍പന്തിയിലുള്ളത് ആത്മാവിനെ പരിഗണിക്കാതെ ജീവിക്കുന്ന മുശ്രിക്കുകളും യഥാര്‍ത്ഥ കാഫിറുകളുമായ ഫുജ്ജാറുകളാണ്. അതിനാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസിക്ക് അവരെ അനുസരിക്കാനോ അവര്‍ അറുത്തത് ഭക്ഷിക്കാനോ പാടില്ല. എന്നാല്‍ ഏതൊരാള്‍ അറവ് നടത്തി രക്തം ഒഴുക്കിയ ഭക്ഷ്യയോഗ്യമായ ജീവികളുടെ മാംസവും 5: 3-4 സൂക്തങ്ങളുടെ മൗഇളത്ത് -സമാനമായ ഉപമ ഉദാഹരണങ്ങള്‍- പരിഗണിച്ച് 'എല്ലാ ജീവികളുടെയും ആത്മാവ് നാഥനില്‍ നിന്നുള്ളതാണ്, അത് നാഥനിലേക്കുതന്നെ തിരിച്ചുപോകുന്നതുമാണ്' എന്ന സ്മരണയോടുകൂടി വിശ്വാസിക്ക് ഭക്ഷിക്കാവുന്നതാണ്. കാരണം ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്ന വിശ്വാസി 3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും പ്രപഞ്ചനാഥനെ ആത്മാവുകൊണ്ട് സ്മരിച്ച് നിലകൊള്ളുന്നവനാണ്. 2: 168-169; 5: 100 വിശദീകരണം നോക്കുക.