يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ഓ, വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ രേഖപ്പെടുത്തപ്പെട്ടതുപോലെ നിങ്ങളുടെ മേലും നോമ്പ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു-നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ തന്നെയാകണം എന്നതിനുവേണ്ടി.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗികവികാരങ്ങളും വര്ജ്ജിക്കുന്നതിനെയാണ് നോമ്പ് എന്ന് പറയുന്നത്. വിശ്വാസികളോട് മാത്രമാണ് ഈ സൂക്തത്തില്‍ പറഞ്ഞ പ്രകാരം റമളാന്‍ മാസത്തിലെ നോമ്പും 4: 103 ല്‍ വിവരിച്ച പ്രകാരം ഒരുമിച്ചുകൂടിയുള്ള നമസ്കാരവും കല്പിച്ചിട്ടുള്ളത്. 10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയോ പ്രാര്‍ത്ഥന, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല. മറിച്ച് ലക്ഷ്യബോധമില്ലാതെ ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 53-55; 25: 33-34, 65-66 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കാഫിറുകളായ അവരുടെ പ്രാര്‍ത്ഥന വഴികേടല്ലാതെയല്ല എന്ന് 13: 14 ലും 40: 50 ലും പറഞ്ഞിട്ടുണ്ട്. 2: 1-5, 110; 3: 7-10 വിശദീകരണം നോക്കുക.