( ത്വാഹാ ) 20 : 128

أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُمْ مِنَ الْقُرُونِ يَمْشُونَ فِي مَسَاكِنِهِمْ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِأُولِي النُّهَىٰ

ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത് എന്നത് ഇവര്‍ക്ക് മാര്‍ഗ്ഗദര്‍ശനമല്ലെയോ? അവരുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, നിശ്ചയം അതില്‍ ബുദ്ധികൂര്‍മതയുള്ള വര്‍ക്ക് പാഠങ്ങള്‍ തന്നെയുണ്ട്.

32: 26 സമാന ആശയത്തിലുള്ള സൂക്തമാണ്. 30: 9 ല്‍, അവര്‍ ഭൂമിയില്‍ സഞ്ചരി ക്കുകയും എന്നിട്ട് തങ്ങള്‍ക്ക് മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണുകയും ചെയ്യുന്നില്ലേ? അവര്‍ ഇവരെക്കാള്‍ ശക്തന്മാരായിരുന്നു, അവര്‍ ഭൂമിയെ നന്നായി കിളച്ചുമറിച്ച് ഉപയോഗപ്പെടുത്തുകയും ഇവര്‍ വികസനം നടത്തിയതി നെക്കാള്‍ കൂടുതല്‍ വികസനം നടത്തുകയും ചെയ്തിരുന്നു, അവരുടെ പ്രവാചകന്മാര്‍ അവരിലേക്ക് വെളിപാടും കൊണ്ട് വന്നിട്ടുമുണ്ട്, അപ്പോള്‍ അല്ലാഹു അവരോട് അക്രമം ചെയ്യുന്നവനായിരുന്നില്ല, എന്നാല്‍ അവര്‍ അവരോടുതന്നെയാണ് അക്രമം കാണിച്ചുകൊണ്ടിരുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. 36: 31 ല്‍, അവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെ യാണ് നാം നശിപ്പിച്ചിട്ടുള്ളത്! അവര്‍ ആരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല, അഥവാ ഇവര്‍ക്ക് അവരിലേക്ക് തിരിച്ചുപോകേണ്ടതുണ്ട് എന്ന് അവര്‍ മനസ്സിലാക്കുന്നി ല്ലേ എന്ന് ചോദിച്ചിട്ടുണ്ട്. നാഥന്‍റെ ഗ്രന്ഥത്തെ അവഗണിച്ച് ഒരു നാട്ടിലെ ജനത മുഴുവ ന്‍ തെമ്മാടികളും അക്രമികളുമായപ്പോഴാണ് ആ നാടിനെ നശിപ്പിച്ചിട്ടുള്ളത് എന്ന് 6: 47; 46: 35 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ബുദ്ധികൂര്‍മ്മതയുള്ളവര്‍ അദ്ദിക്റിന് സര്‍വ്വപ്രധാനം നല്‍കുന്നവരും അത് ലോകര്‍ക്ക് പ്രത്യേകിച്ച് ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട അദ്ദിക്ര്‍ വന്നുകിട്ടാത്ത ഇതര ജനവിഭാഗങ്ങര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ പ്രാമുഖ്യം നല്‍കുന്നതുമാണ്. 6: 25-26; 10: 39, 54; 20: 54 വിശദീകരണം നോക്കുക.