إِنَّ الَّذِينَ عِنْدَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ ۩
നിശ്ചയം നിന്റെ നാഥന്റെ അടുത്തുള്ളവര്‍ ഒരിക്കലും അവനെ സേവിക്കുന്നതിനെത്തൊട്ട് അഹങ്കരിച്ച് പിന്തിരിയുന്നവരല്ല, അവര്‍ അവനെ വാഴ്ത്തുന്നവരും അവന് സാഷ്ടാംഗം പ്രണമിക്കുന്നവരുമാകുന്നു.
ഗ്രന്ഥത്തില്‍ തിലാവത്തിന്റെ സാഷ്ടാംഗപ്രണാമം വരുന്ന 15 സൂക്തങ്ങളില്‍ ആദ്യത്തെ സൂക്തമാണ് ഇത്. മറ്റു സൂക്തങ്ങള്‍ താഴെപ്പറയുന്നവയാണ്.
(1) 13: 15:-ആകാശഭൂമികളിലുള്ളവരും അവരുടെ നിഴലുകളുമെല്ലാം തന്നെ അനുസരണയോടുകൂടിയോ നിര്‍ബന്ധിതമായോ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.
(2) 16: 48-50:-അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിനെയും അവര്‍ കാണുന്നില്ലെയോ? -അവയുടെ നിഴലുകള്‍ ഇടതും വലതുമായിക്കൊണ്ട് അല്ലാഹുവിന് കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നത്, അവ ദൈന്യത പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നവയുമാകുന്നു. ജീവികളില്‍ നിന്ന് ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും മലക്കുകളും അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുന്നു, അവര്‍ അഹങ്കരിക്കുന്നവരുമല്ല. അവര്‍ തങ്ങളുടെ മീതെയുള്ള അവരുടെ നാഥനെ ഭയപ്പെടുന്നവരും അവരോട് കല്പിക്കപ്പെടുന്നതെന്തോ, അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
(3) 17: 107-109:-നീ പറയുക: നിങ്ങള്‍ സത്യമായ ഗ്രന്ഥം കൊണ്ട് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളുവിന്‍, നിശ്ചയം ഇതിന് മുമ്പ് ജ്ഞാനം നല്‍കപ്പെട്ടവരായവര്‍, അവരുടെമേല്‍ അത് വിശദീകരിച്ചുകൊടുക്കപ്പെട്ടാല് അവര്‍ വിനീതരായി മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുന്നതാണ്; അവര്‍ പറയുന്നവരുമാണ്: ഞങ്ങളുടെ നാഥന് പരിശുദ്ധനാകുന്നു, നിശ്ചയം ഞങ്ങളുടെ നാഥന്റെ വാഗ്ദാനം പുലരാനുള്ളത് തന്നെയുമാണ്, അവര്‍ കരഞ്ഞുകൊണ്ട് വിനീതരായി മുഖം കുത്തി വീഴുമ്പോള്‍ അവരുടെ ഭയഭക്തി വര്‍ദ്ധിക്കുന്നതുമാണ്.
(4) 19: 58:-അക്കൂട്ടരെല്ലാമാണ് ആദം സന്തതികളില്‍ നിന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തിന് വിധേയമായിട്ടുള്ള നബിമാരില്‍ നിന്നുള്ള ചിലര്‍; നൂഹിന്റെ കൂടെ നാം കപ്പലില്‍ വഹിപ്പിച്ചവരില്‍ നിന്നുള്ള ചിലര്‍, ഇബ്റാഹീമിന്റേയും ഇസ്റാഈലിന്റെയും സന്തതിപരമ്പരകളില്‍ പെട്ട ചിലര്‍, നാം സന്മാര്ഗത്തിലാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളവരില്‍ നിന്നുള്ള ചിലര്‍; നിഷ്പക്ഷവാന്റെ സൂക്തങ്ങള്‍ അവരുടെമേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല് ഉടനെ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്നതാണ്.
കാരുണ്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള പ്രവാചകന്മാര്, നബിമാര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ മാത്രമാണ് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വിവരിച്ച് കൊടുക്കപ്പെട്ടാല് നാഥനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുക. ഫുജ്ജാറുകള്‍ പിശാചിന്റെ സംഘത്തില്‍ പെട്ടവരും തിലാവത്തിന്റെ സാഷ്ടാംഗപ്രണാമം ചെയ്യാത്തവരുമായതിനാല് അവരുടെ മേല്‍ തന്നെയാണ് അല്ലാഹുവിന്റെ ശാപവും കോപവും വര്‍ഷിച്ചിട്ടുള്ളത്.
(5) 22: 18:-നീ കണ്ടില്ലേ? നിശ്ചയം അല്ലാഹു; ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാവരും അവന് സാഷ്ടാംഗപ്രണാമം ചെയ്യുന്നു, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ നിന്ന് അധികപേരും ശിക്ഷ ബാധകമായ ധാരാളം പേരും അവന് സാഷ്ടാംഗപ്രണാമം ചെയ്യുന്നു, ആരെയാണോ അല്ലാഹു ഹീനനാക്കിയത്, അവന് മാന്യത നല്കാന് ആരുമുണ്ടാവുകയില്ല; നിശ്ചയം അല്ലാഹു, അവന് ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു.
മനുഷ്യരില്‍ ധാരാളം പേരും സാഷ്ടാംഗം പ്രണമിക്കുന്നു എന്ന് പറഞ്ഞത് പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതരജനവിഭാഗങ്ങളെക്കുറിച്ചും, ശിക്ഷ ബാധകമായ ധാരാളം പേരും സാഷ്ടാംഗപ്രണാമം ചെയ്യുന്നു എന്ന് പറഞ്ഞത് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളെക്കുറിച്ചുമാണ്. 8: 22 ല്‍ പറഞ്ഞ അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ ആത്മാവിനെ ശുദ്ധീകരിക്കാതെ അവരുടെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ കോഴി കൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നവരാണ്. തിലാവത്തിന്റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്ത ഇക്കൂട്ടര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ഒരുക്കി വെച്ചിട്ടുള്ളതെന്ന് 15: 44; 25: 34, 65-66 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
(6) 22: 77:-ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ കുനിയുകയും സാഷ്ടാംഗം പ്രണമിക്കുകയും നിങ്ങളുടെ നാഥനെ സേവിക്കുകയും ഉത്തമമായത് പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ വിജയം വരിക്കുക തന്നെ വേണമെന്നതിനുവേണ്ടി.
അനുയായികള്‍ പ്രവാചകനോട് സൂറത്ത് ഹജ്ജില്‍ തിലാവത്തിന്റെ സാഷ്ടാംഗപ്രണാമം നടത്തേണ്ട രണ്ട് സ്ഥലങ്ങളുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'അതെ ഉണ്ട്, അത് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ ആ സൂക്തങ്ങള്‍ വായിക്കരുത്' എന്നാണ് പ്രവാചകന് മറുപടി നല്‍കിയത്.
(7) 25: 60:-നിങ്ങള്‍ നിഷ്പക്ഷവാന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കുന്നതാണ്: 'ഏതൊന്നാണ് ഈ നിഷ്പക്ഷവാന്, നീ കല്പിക്കുന്നതിനൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുകയോ?' അത് അവരുടെ വിരോധം വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
അന്ന് മക്കാമുശ്രിക്കുകള്‍ പ്രവാചകനോട് അനുവര്‍ത്തിച്ചിരുന്ന നയമാണ് ഇതെങ്കില്‍ ഇന്ന് ആയിരത്തില്‍ ഒന്നായ വിശ്വാസി ഈ സൂക്തത്തിന്റെ ആശയം വിശദീകരിച്ചുകൊണ്ട് നിഷ്പക്ഷവാന്റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യണമെന്ന് പറയുമ്പോള്‍ പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകള്‍ സാഷ്ടാംഗപ്രണാമം ചെയ്യുകയില്ല എന്ന് മാത്രമല്ല, സൂക്തത്തിന്റെ കല്പനയെ ധിക്കരിച്ചുകൊണ്ട് സൂക്തം വിശദീകരിക്കുന്നവനോട് വെറുപ്പ് കാണിക്കുകയാണ് ചെയ്യുക.
(8) 27: 24-26:-ഞാന്‍ അവളെയും അവളുടെ ജനതയെയും അല്ലാഹുവിനെക്കൂടാതെ സൂര്യന് സാഷ്ടാംഗം പ്രണമിക്കുന്നവരായി കണ്ടെത്തി; അവരുടെ പ്രവര്‍ത്തനങ്ങള്‍ പിശാച് അവര്‍ക്ക് അലങ്കാരമാക്കി കൊടുത്തിരിക്കുന്നു, അങ്ങനെ അവന് അവരെ യഥാര്‍ത്ഥ വഴിയെത്തൊട്ട് തടയുകയും ചെയ്തിരിക്കുന്നു, അപ്പോള്‍ അവര്‍ സന്മാര്ഗ്ഗം പ്രാപിക്കുന്നവരായില്ല. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞുകിടക്കുന്ന എല്ലാ വസ്തുക്കളും പുറത്തുകൊണ്ടുവരികയും നിങ്ങള്‍ ഗോപ്യമാക്കിവെക്കുന്ന ഒന്നും നിങ്ങള്‍ പരസ്യമാക്കുന്ന ഒന്നും അറിയുന്നവനുമായ അല്ലാഹുവിന് എന്തുകൊണ്ട് അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നില്ല? അല്ലാഹു, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അവന് മഹത്തായ സിംഹാസനത്തിന്റെ ഉടമയുമാണ്.
ഇലാഹ്:-വിളിച്ച് പ്രാര്‍ത്ഥിക്കപ്പെടാനും ഭയപ്പെടാനും ഭരമേല്‍പ്പിക്കപ്പെടാനും സഹായം തേടപ്പെടാനും ആരുടെ മുമ്പിലാണോ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടതും, അതിനെല്ലാം അര്‍ഹന്‍ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ്, അവന് എല്ലാം അടക്കിഭരിക്കുന്ന മഹത്തായ സിംഹാസനത്തിന്റെ ഉടമയാണ്.
(9) 32: 15:-നിശ്ചയം, നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വസിക്കുന്നവരാകട്ടെ, അവര്‍ അവ കൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടാല്‍ തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും സാഷ്ടാംഗത്തില്‍ വീഴുന്നതാണ്, അവര്‍ ഒരിക്കലും അഹങ്കരിക്കുന്നവരാവുകയുമില്ല.
(10) 38: 24:-അവന് പറഞ്ഞു: നിശ്ചയം നിന്റെ പെണ്ണാടിനെ അവന്റെ ആടുകളോടൊപ്പം ചേര്‍ക്കാന്‍ ആവശ്യപ്പെടുക വഴി അവന് നിന്നോട് അക്രമം കാണിച്ചിരിക്കുന്നു, നിശ്ചയം കൂടിക്കലര്‍ന്ന് കഴിയുന്നവരില്‍ അധികപേരും ചിലര്‍ ചിലരുടെമേല്‍ അതിക്രമം കാണിക്കുന്നവര്‍ തന്നെയാകുന്നു -വിശ്വാസികളായവരും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും ഒഴികെ, അവര്‍ കുറച്ചുപേര്‍ മാത്രമാണുള്ളത്; ദാവൂദ് ധരിക്കുകയും ചെയ്തു: നിശ്ചയം അതുവഴി നാം അവനെ പരീക്ഷിക്കുക തന്നെയാണ് എന്ന്, അപ്പോള്‍ അവന് തന്റെ നാഥനോട് പൊറുക്കലിനെത്തേടുകയും കുമ്പിട്ടുവീണ് ഖേദിച്ച് മടങ്ങുകയും ചെയ്തു.
99 ഭാര്യമാരുണ്ടായിരുന്ന ദാവൂദ് തന്റെ പട്ടാളക്കാരന്റെ ഭാര്യയെക്കൂടി തന്റെ ഭാര്യമാരോടൊപ്പം ചേര്‍ക്കുന്നതിനുവേണ്ടി ആഗ്രഹിച്ചപ്പോള്‍ ത്രികാലജ്ഞാനിയായ അല്ലാഹു ഒരുവിഭാഗം മലക്കുകളെ മനുഷ്യരൂപത്തില്‍ ദാവൂദിന്റെ അടുത്തേക്ക് അയക്കുകയും, 'ഞങ്ങള്‍ തര്‍ക്കത്തിലകപ്പെട്ട രണ്ട് കക്ഷികളാണ്, അപ്പോള്‍ നീ ഞങ്ങള്‍ക്കിടയില്‍ സത്യം കൊണ്ട് വിധി കല്പിക്കുക, നീ ഞങ്ങളോട് അനീതി കാണിക്കുകയുമരുത്, ഞങ്ങളെ നീ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയിക്കുകയും വേണം. നിശ്ചയം ഇത് എന്റെ സഹോദരനാണ്. അവന് 99 പെണ്ണാടുകളുണ്ട്, എനിക്ക് ഒരു പെണ്ണാട് മാത്രമാണുള്ളത്. അവന് ആ ഒന്നിനെക്കൂടി എന്നെ ഏല്പിക്കുക എന്ന് പറയുന്നു, സംസാരത്തില്‍ അവന് എന്നെ അതിജയിക്കുകയും ചെയ്തിരിക്കുന്നു' എന്ന് അവരിലൊരാള്‍ പറയുകയും ചെയ്തു. ഇത് കേട്ടപ്പോള്‍ ദാവൂദ് വിധി കല്പിച്ചു: 'നിന്റെ പെണ്ണാടിനെ അവന്റെ ആടുകളോടൊപ്പം ചേര്‍ക്കാന്‍ ആവശ്യപ്പെടുക വഴി അവന് നിന്നോട് അക്രമം കാണിച്ചിരിക്കുന്നു, കൂടിക്കലര്‍ന്ന് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും അധികവും അവിഹിതബന്ധത്തിന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതാണ്; വിശ്വാസികളും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുമൊഴികെ -അവരാകട്ടെ, കുറച്ചുപേര്‍ മാത്രമാണുള്ളത്'. അപ്പോഴേക്കും പട്ടാളക്കാരന്റെ ഭാര്യയെ മോഹിച്ചത് തെറ്റായിപ്പോയി എന്ന് ദാവൂദിന് ബോധ്യം വരികയും കുമ്പിട്ട് വീഴുകയും നാഥനോട് പൊറുക്കലിനെത്തേടുകയും അവനിലേക്ക് മടങ്ങുകയും ചെയ്തു.
ഈ സംഭവം തന്നെ പരീക്ഷിക്കുന്നതിന് വേണ്ടി അല്ലാഹു ഉണ്ടാക്കിയതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ദാവൂദ് സാഷ്ടാംഗത്തില്‍ വീണത്.
ഈ സൂക്തം വായിക്കുന്ന ഫുജ്ജാറുകള്‍ ഇവിടെ സാഷ്ടാംഗപ്രണാമം ചെയ്യല്‍ ദാവൂദിന് നിര്‍ബന്ധവും നമുക്ക് നന്ദിപ്രകടനത്തിന്റെ സാഷ്ടാംഗപ്രണാമവുമാണെന്ന് പ്രവാചകന് പറഞ്ഞത് മറയാക്കി തിലാവത്തിന്റെ 15 സാഷ്ടാംഗപ്രണാമത്തില്‍ ഒന്നായി ഇതിനെ പരിഗണിക്കുക പോലും ചെയ്യുന്നില്ല. അവരുടെ കണക്കില്‍ 14 എണ്ണം മാത്രമാണ് തിലാവത്തിന്റെ സാഷ്ടാംഗപ്രണാമം. എന്നാല്‍ അവര്‍ അതും നിര്‍വഹിക്കുന്നില്ല.
20: 14 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥത്തില്‍ ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടിയാണ് നമസ്കാരം നിലനിര്‍ത്താന്‍ കല്പിച്ചിട്ടുള്ളതുതന്നെ. എന്നാല്‍ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാതെ നമസ്കരിക്കുന്ന ഇവര്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് നമസ്കാരത്തില്‍ ഹൃദയം കൊണ്ട് കാണുന്നത്. അതെല്ലാം തന്നെ 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് മറ്റ് 14 സാഷ്ടാംഗപ്രണാമത്തേക്കാളും പ്രാധാന്യം നല്‍കേണ്ടത് ദാവൂദിന് നിര്‍ബന്ധമാക്കപ്പെട്ട ഈ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാനാണ്. എന്നാല്‍ ഇക്കാര്യം മനസ്സിലാവുക അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തിലൊന്നായ വിശ്വാസിക്ക് മാത്രമാണ്. ഈ സാഷ്ടാംഗപ്രണാമം അധികമായി നിര്‍വഹിക്കാനും മുന്‍കാലത്ത് അവരുടെ പിരടിയിലുള്ള കര്‍മരേഖയില്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ള ലൈംഗികാവയവങ്ങള്‍ ഇറക്കിവെക്കുന്നതിനുവേണ്ടി നാഥനോട് ഏറ്റവും സാമീപ്യത്തില്‍ നിലകൊള്ളുന്ന സാഷ്ടാംഗപ്രണാമത്തില്‍ പൊറുക്കലിനെത്തേടാനും അവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥജ്ഞാനമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുക വഴി അത് ലഭിക്കുന്നവരും അവരുടെ പിരടിയിലുള്ള കര്‍മരേഖയില്‍ നിന്ന് ഇത്തരം തിന്മകളും ഭാരങ്ങളും നീക്കിക്കിട്ടുന്നതിനുവേണ്ടി സാഷ്ടാംഗത്തില്‍ വീണ് പൊറുക്കലിനെത്തേടുകയും പ്രായശ്ചിത്തമായി ഇതെല്ലാം ഉണര്‍ത്തുന്ന പ്രസ്തുത ഗ്രന്ഥം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവരെയും അവര്‍ അറിവില്ലാത്ത കാലത്ത് കയറ്റിവെച്ച പാപഭാരങ്ങള്‍ ഇറക്കിവെക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടതാണ്. 25: 68-70 വിശദീകരണം നോക്കുക.
(11)41: 37-38:-രാവും പകലും സൂര്യനും ചന്ദ്രനും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, സൂര്യനോ ചന്ദ്രനോ നിങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യരുത്, അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യുക, നിങ്ങള്‍ അവനെ മാത്രം സേവിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്! ഇനി അവര്‍ അഹങ്കാരം നടിക്കുകയാണെങ്കില്‍ അപ്പോള്‍ നിന്റെ നാഥന്റെ സമീപത്തുള്ളവരായവര്‍ ആരോ, അവര്‍ രാവും പകലും അവനെ പരിശുദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നവരാണ്, അവര്‍ അതിന് മടുപ്പുളവാകുന്നവരുമല്ല.
ഈ സൂക്തം വായിക്കുന്നത് ലോകരില്‍ ഫുജ്ജാറുകള്‍ മാത്രമാണ്. ചന്ദ്രന് സാഷ്ടാംഗപ്രണാമം ചെയ്യുക എന്ന് പറഞ്ഞാല്‍ ചന്ദ്രന്റെ മുമ്പില്‍ ശരീരം കൊണ്ട് സാഷ്ടാംഗം പ്രണമിക്കുക എന്നല്ല; മറിച്ച് നോമ്പ്, പെരുന്നാള്‍, അറഫാദിനം എന്നിവ വിവിധ നാടുകളിലെ ചന്ദ്രദര്‍ശനം അടിസ്ഥാനമാക്കി കൊണ്ടുനടക്കുക എന്നാണ്. അങ്ങനെ ചെയ്യുന്നവരെല്ലാം മുശ്രിക്കുകളാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ പ്രതീകമായി സ്ഥാപിച്ചിട്ടുള്ള ഭൂമിയുടെ കേന്ദ്രത്തിലുള്ള കഅ്ബയെ ഖിബ്ലയായി അംഗീകരിച്ച് അവിടെ എന്നാണോ നോമ്പും പെരുന്നാളും അറഫാദിനവും വരുന്നത്, അതേദിവസം തന്നെ ലോകം മുഴുവന്‍ നോമ്പ്, പെരുന്നാള്‍, അറഫാദിനം എന്നിവ കൊണ്ടുനടക്കുമ്പോള്‍ മാത്രമാണ് പ്രപഞ്ചനാഥന്റെ ഏകത്വം ലോകം മുഴുവന്‍ അംഗീകരിക്കുന്നവരാവുക. എന്നാല്‍ അല്ലാഹുവിനെ വിസ്മരിച്ച് പ്രവാചകനെ തള്ളിപ്പറഞ്ഞ് ഖിബ്ല അംഗീകരിക്കാതെ, വിവിധ നാടുകളിലെ ചന്ദ്രോദയം നോക്കി നോമ്പും പെരുന്നാളും അറഫാദിനവും കൊണ്ടുനടക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വ്യത്യസ്തങ്ങളായ മൂന്നും നാലും ദിവസങ്ങളിലായിട്ടാണ് ഇതെല്ലാം കൊണ്ടുനടക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കാത്ത ഇത്തരം മുശ്രിക്കുകള്‍ ലോകത്തെവിടെയും ദിവസം മാറുന്നില്ല എന്ന പ്രാഥമിക വിവരം പോലുമില്ലാത്തവരാണ്. 2: 145; 9: 36-37 വിശദീകരണം നോക്കുക.
(12) 53: 59-62:-അപ്പോള്‍ ഈ വര്‍ത്തമാനത്തിലാണോ നിങ്ങള്‍ അത്ഭുതപ്പെട്ടുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും ചെയ്യുന്നുവോ? ലക്ഷ്യബോധമില്ലാതെ എല്ലാം തികഞ്ഞവരെന്ന മട്ടില്‍ നിങ്ങള്‍ പാട്ടും പാടി നടക്കുന്നുവോ? അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുകയും അവനെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുവീന്‍.
(13) 84: 20-21:-അപ്പോള്‍ അവര്‍ എന്തുകൊണ്ട് വിശ്വാസികളാവുന്നില്ല? അവരുടെമേല്‍ ഖുര്‍ആന്‍ വായിക്കപ്പെട്ടാല്‍ അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നവരാകുന്നുമില്ല.
(14) 96: 19:-അങ്ങനെയല്ല, നീ അവനെ അനുസരിച്ചുപോകരുത്, നീ സാഷ്ടാംഗപ്രണാമം ചെയ്യുകയും സാമീപ്യം തേടുകയും ചെയ്യുക.
അന്ത്യപ്രവാചകനായ മുഹമ്മദിന്റെ 45-ാം വയസ്സിലാണ് 96-ാം സൂറത്തിലെ അവസാനത്തെ 14 വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. തന്റെ ഒരു അടിമ നമസ്കരിച്ചപ്പോള്‍ അവനെ തടയുന്ന ഒരുവനെ നീ കണ്ടുവോ എന്ന് 96: 9-10 സൂക്തങ്ങളില്‍ ചോദിക്കുന്നു. പ്രവാചകന്റെ അന്നത്തെ നമസ്കാരരീതി ദൈര്‍ഘ്യമായ ഒറ്റ സാഷ്ടാംഗപ്രണാമം ആയിരുന്നു, എന്നല്ലാതെ സ്ത്രീപുരുഷന്മാര് നഗ്നരായി കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ അവരെ നോക്കിക്കൊണ്ടായിരുന്നില്ല.
ഞാന്‍, നീ, അവന്, അവള് എന്നെല്ലാം പറയുന്നത് ആത്മാവിനെയാണ് എന്നിരിക്കെ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വായിക്കുന്നതിനും കേള്‍ക്കുന്നതിനും ശരീരശുദ്ധി വരുത്തല്‍ നിര്‍ബന്ധമില്ല; അതുപോലെ സാഷ്ടാംഗപ്രണാമത്തിന്റെ സൂക്തങ്ങള്‍ കേള്‍ക്കുമ്പോള്‍ അംഗശുദ്ധിയോ ദിശയോ പരിസരമോ ഒന്നും പരിഗണിക്കാതെ നാഥനുമുമ്പില്‍ സാഷ്ടാംഗത്തില്‍ വീഴുകയാണ് വേണ്ടത്. വാഹനം ഓടിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ ദിശയൊന്നും പരിഗണിക്കാതെ തലകുനിക്കുകയെങ്കിലും വേണം.
തിലാവത്തിന്റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമത്തെക്കുറിച്ച് ത്രികാലജ്ഞാനിയായ നാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചത്, അവസാനകാലത്ത് അവരുടെ ഒറ്റ സാഷ്ടാംഗപ്രണാമം ഭൂമിയിലുള്ളതെല്ലാം ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും എന്നാണ്. സ്വര്‍ഗത്തില്‍ വെച്ച് നാഥന് മലക്കുകളോടും ഇബ്ലീസിനോടും ആദമിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ കല്പിച്ചപ്പോള് മലക്കുകളെല്ലാം സാഷ്ടാംഗം പ്രണമിച്ചു. എന്നാല്‍ ഇബ്ലീസ് സാഷ്ടാംഗപ്രണാമം ചെയ്തില്ല. അപ്പോള്‍ കാഫിറായ പിശാചായി മാറിയ അവനെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി. പിശാച് പാട്ടിലാക്കിയ ഫുജ്ജാറുകളെക്കുറിച്ച് 68: 42-43 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു: വിധിദിവസം അവരുടെ ദൃഷ്ടികള്‍ ഭയത്താല്‍ കീഴ്പോട്ട് താഴ്ന്നിരിക്കും, അപമാനം അവരെ ആവരണം ചെയ്യും. അവര്‍ ഒറ്റ സാഷ്ടാംഗപ്രണാമത്തിലേക്ക് വിളിക്കപ്പെടും, എന്നാല്‍ അവര്‍ക്ക് അതിന് സാധിക്കുകയില്ല; അവര്‍ ഇഹലോകത്ത് സമാധാനത്തിലും സുരക്ഷിതത്വത്തിലുമായിരുന്നപ്പോള് അവര്‍ക്ക് ഈ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാന്‍ സാധിക്കാതിരുന്നതാണ് അതിന് കാരണം.
ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയുമാണ് താഴെ കൊടുക്കുന്നത്.
1) പ്രഭാതപ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ഉച്ചത്തില്‍ വായിക്കാതെ കണ്ണുകൊണ്ട് കണ്ട് ഹൃദയത്തിലുള്ള ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ ഉണര്‍ത്തുക. വായിക്കാന്‍ കഴിയാത്തവരാണെങ്കില്‍ അദ്ദിക്ര്‍ ഹൃദയം പങ്കെടുത്തുകൊണ്ട് കേള്‍ക്കുക.
2) നാഥനെ ആത്മാവുകൊണ്ട് പരിശുദ്ധപ്പെടുത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടും സുദീര്‍ഘമായ തിലാവത്തിന്റെ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുക.
3) പ്രപഞ്ചനാഥനെ ലോകര്‍ക്ക് പരിചയപ്പെടുത്തുക, ഭൂമിയില്‍ മാനുഷിക ഐക്യവും ശാന്തിയും സമാധാനവും നിലനിര്‍ത്തുക എന്നീ ലക്ഷ്യം വെച്ചുകൊണ്ട് മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്റെ സന്ദേശമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യേ എല്ലാവര്ക്കും എത്തിച്ചുകൊടുത്തുകൊണ്ട് ഒരാള്‍ക്കും അവരുടെ ദേശം, വംശം, മാതാപിതാക്കള്‍, മക്കള്‍, ലിംഗം, നിറം, ഏത് കാലഘട്ടത്തില്‍ ജനിക്കണം എന്നൊന്നും സ്വയം നിശ്ചയിക്കാന്‍ അവകാശമില്ല എന്ന് ഉണര്‍ത്തുക. അതാണ് 47: 7 ല്‍ പറഞ്ഞ പ്രകാരം നിഷ്പക്ഷവാനായ നാഥനെ സഹായിക്കലും അതുവഴി നാഥന്റെ സഹായം തിരിച്ചുലഭിക്കാനുള്ള മാര്‍ഗവും.
4) 4: 63; 9: 73 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞു കൊണ്ടും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുക.
5) 6: 38 ല്‍ വിവരിച്ച പ്രകാരം മനുഷ്യരടക്കം ലോകത്ത് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുണ്ട്, അവയെല്ലാം നാഥനെ അവയുടെ ആത്മാവുകൊണ്ട് നമസ്കരിക്കുകയും കീര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട് എന്നിരിക്കെ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമുള്ള അനുകൂലമായ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കലും അതിന് വേണ്ടി ജൈവകൃഷി ചെയ്യുകയും വൃക്ഷങ്ങള്‍, പ്രത്യേകിച്ച് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യലും ബുദ്ധിശക്തി നല്കപ്പെട്ട മനുഷ്യന്റെ ബാധ്യതയാണ്. അതുവഴി വിശ്വാസിക്ക് 4: 85 ല്‍ വിവരിച്ച പ്രകാരം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ പ്രാര്‍ത്ഥനയുടെയും കീര്‍ത്തനങ്ങളുടെയും ഒരു വിഹിതം ഉദ്ദേശ്യമനുസരിച്ച് ലഭിക്കുന്നതാണ്. മാത്രമല്ല, 3: 136 ല്‍ വിവരിച്ച പ്രകാരം നാലാം ഘട്ടമായ ഐഹികലോകത്ത് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയുക എന്ന ജീവിതലക്ഷ്യവും അതുവഴി പൂര്‍ത്തീകരിക്കാവുന്നതാണ്.
വിശ്വാസികള്‍ പ്രപഞ്ചനാഥനെ എപ്പോഴും പ്രത്യേകിച്ച് തിലാവത്തിന്റെ സാഷ്ടാംഗപ്രണാമത്തില്‍ ആത്മാവ് കൊണ്ട് ഇങ്ങനെ പരിശുദ്ധപ്പെടുത്തേണ്ടതാണ്.
- അത്യുന്നതനായ എന്റെ നാഥാ! നീ അതീവ പരിശുദ്ധനാകുന്നു. (87: 1) ഏഴ് പ്രാവശ്യം വാഴ്ത്തുക.
- ഞങ്ങളുടെ ഉടമയായ അല്ലാഹുവേ! നീ അതീവ പരിശുദ്ധനാകുന്നു, സര്‍വ്വസ്തുതിയും നിനക്കാകുന്നു; ഓ, അല്ലാഹ്! ഞങ്ങള്‍ക്ക് നീ പൊറുത്തുതന്നാലും. (110: 3)
- ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയേയും ആറുനാളുകളിലായി സൃഷ്ടിക്കുകയും പിന്നെ സിംഹാസനസ്ഥനാവുകയും ചെയ്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു; ഞങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ലതന്നെ. (32: 4)
- എല്ലാ ഓരോ വസ്തുക്കളിലും ഇണകളെ സൃഷ്ടിച്ച ഒരുവന് അതീവ പരിശുദ്ധനാകുന്നു, ഭൂമിയില്‍ നിന്ന് മുളച്ച് വരുന്നവയിലും ഞങ്ങളില്‍ തന്നെയും, ഞങ്ങള്‍ക്ക് അറിവില്ലാത്തവയിലും. (36: 36)
- ഞങ്ങളെ ഒറ്റ ആത്മാവില്‍ നിന്നും മിശ്രിതമായ ബീജത്തില്‍ നിന്നും സൃഷ്ടിച്ച ഒരുവന് അതീവ പരിശുദ്ധനാകുന്നു. (4:1; 76: 2)
- ഒറ്റ ആത്മാവില്‍ നിന്ന് ഞങ്ങളെ സൃഷ്ടിക്കുകയും അവന് അവളിലേക്ക് ശാന്തിയടയുന്നതിനുവേണ്ടി അതില്‍ നിന്ന് അതിന്റെ ഇണയെയും സൃഷ്ടിച്ച ഒരുവന് അതീവ പരിശുദ്ധനാകുന്നു. (7: 189)
- വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും രക്തബന്ധവും വിവാഹബന്ധവും ഉണ്ടാക്കുകയും ചെയ്ത ഒരുവന് പരിശുദ്ധനാകുന്നു; ഞങ്ങളുടെ നാഥന് എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവന് തന്നെയാകുന്നു. (25: 54)
- ഇന്ദ്രിയം തെറിപ്പിക്കപ്പെടുമ്പോള് പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും കൂട്ടിയോജിപ്പിച്ച് ഇണകളായി പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിക്കുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു. (53: 45-46)
- ഞങ്ങളെ ഗര്‍ഭപാത്രങ്ങളില്‍ അവന് ഉദ്ദേശിക്കുന്നതുപോലെ രൂപപ്പെടുത്തിയ ഒരുവന് അതീവപരിശുദ്ധന്; അവന് എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവന് തന്നെയാകുന്നു. (3: 6)
- ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജാധിപനും പരിശുദ്ധനും അജയ്യനും യുക്തിജ്ഞാനിയുമായ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (62: 1)
- എല്ലാ ഓരോ വസ്തുവിനും അതിന്റേതായ നമസ്കാരരീതിയും കീര്‍ത്തനരീതിയും പഠിപ്പിച്ച ഒരുവന് അതീവ പരിശുദ്ധനാകുന്നു. (24: 41)
- ദൃഷ്ടികളാല്‍ ആരും കാണാതിരിക്കുകയും ദൃഷ്ടികളെ മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു; അവന് ഉള്ളിന്റെയുള്ള് അറിയുന്ന സൂക്ഷ്മജ്ഞാനിയും ത്രികാലജ്ഞാനിയുമാകുന്നു. (6: 103)
- ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒരു വസ്തുവും ആരില്‍ നിന്നാണോ മറഞ്ഞുനില്ക്കാത്തത്, അവന് പരിശുദ്ധനാകുന്നു. അവന് എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും തന്നെയാകുന്നു. (3: 5; 14: 38)
- ആരുടെ സ്മരണയോടുകൂടിയാണോ ഭൂമിയിലും ആകാശത്തും തിന്മയൊന്നും സംഭവിക്കാതിരിക്കുക, അവന് അതീവ പരിശുദ്ധനാകുന്നു, അവന് എല്ലാം കേള്‍ക്കുന്നവനും സര്‍വ്വജ്ഞാനിയുമാകുന്നു. (2: 152; 3: 190-191)
- എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള ഒരുവന് അതീവ പരിശുദ്ധനാകുന്നു. (2: 284; 3: 26; 41: 39)
-ഒരുവന് അതീവ പരിശുദ്ധനാകുന്നു, അവന് ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് അവന് പറയലാണ് 'ഉണ്ടാവുക' എന്ന്, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു.(3: 59; 36: 82)
- ഏതൊരുവനെയും അവന്റെ പൂര്‍വ്വസ്ഥിതിയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാന്‍ കഴിവുള്ള ഒരുവന് അതീവ പരിശുദ്ധനാകുന്നു. (86: 8)
- എല്ലാ ഓരോ വസ്തുവിന്റെയും സൂക്ഷിപ്പുകാരനായ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (34: 21)
- എല്ലാ ഓരോ വസ്തുവിന്റെയും കൈകാര്യകര്‍ത്താവായ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (6: 102; 39: 62)
- എല്ലാ ഓരോ കാര്യത്തിന്റെ മേലും സാക്ഷിയായ ഒരുവന് അതീവ പരിശുദ്ധനാകുന്നു. ( 6: 19; 58: 6)
- മയക്കമോ ഉറക്കമോ പിടികൂടാത്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു. (2: 255; 6: 60)
- എല്ലാം പതിയിരുന്ന് വീക്ഷിക്കുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു. (89: 14)
- തന്റെ അടിമകളെ വലയം ചെയ്ത് സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു. (17: 30, 96; 35: 31)
- തന്റെ അടിമകളുടെ ഉള്ളിന്റെയുള്ള് അറിയുന്ന സൂക്ഷ്മജ്ഞനും എല്ലാം വലയം ചെയ്തവനുമായ ഒരുവന് പരിശുദ്ധനാകുന്നു. (6: 103; 31: 16; 67: 14)
- തന്റെ അടിമകളുടെ പാപങ്ങള്‍ വലയം ചെയ്യാന്‍ ഏറ്റവും മതിയായ ഒരുവന് പരിശുദ്ധനാകുന്നു. (25: 58)
- കണ്ണുകളുടെ കട്ടുനോട്ടവും നെഞ്ചുകളില്‍ ഒളിപ്പിച്ചുവെക്കുന്നതും അറിയുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു. (40: 19)
- ഞങ്ങളുടെ മനോമുകുരങ്ങള്‍ അറിയുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു. (84: 23)
- അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞാനിയായ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (5: 109, 116; 9: 78)
- എല്ലാതരം സൃഷ്ടിപ്പും എല്ലാ സൃഷ്ടികളെക്കുറിച്ചും അറിയുന്ന ഒരുവന് അതീവപരിശുദ്ധനാകുന്നു. (15: 86; 36: 81)
- ഞങ്ങളുടെ നാഥനും മലക്കുകളുടെയും റൂഹിന്റെയും നാഥനുമായ ഒരുവന് കീര്‍ത്തനത്തിനും പരിശുദ്ധപ്പെടുത്തലിനും അര്‍ഹനാകുന്നു. (59: 23)
- ഞങ്ങള്‍ എവിടെയായിരുന്നാലും ഞങ്ങളോടൊപ്പമുള്ള ഒരുവന് അതീവ പരിശുദ്ധനാകുന്നു. (57: 4; 58: 7)
- വിശ്വാസികളില്‍ വ്യക്തിയുടെയും അവന്റെ ഹൃദയത്തിന്റെയും ഇടയില്‍ നിലകൊള്ളുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു. (3: 102; 8: 24)
വിശ്വാസി താഴെ പറയും പ്രകാരം തന്റെ നാഥനെ കീര്‍ത്തനം ചെയ്തുകൊണ്ട് അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതും അവനോട് സഹായം തേടുന്നതും അവന്റെ ശിക്ഷയെത്തൊട്ട് അഭയം ചോദിക്കുന്നതുമാണ്:
- പ്രവാചകന് നൂഹിനെയും വിശ്വാസികളെയും ഒരു പേടകത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയും കാഫിറുകളെ മുഴുവനും മുക്കിക്കൊല്ലുകയും ചെയ്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു. (11: 37; 23: 27; 26: 119-120)
- ഒരു മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട യൂനുസ്: നീയല്ലാതെ മറ്റൊരു ഇലാഹുമില്ല തന്നെ, നീ പരിശുദ്ധനാകുന്നു. നിശ്ചയം ഞാന്‍ അക്രമികളില്പ്പെട്ടിരിക്കുന്നു എന്ന് നാഥനെ പരിശുദ്ധപ്പെടുത്തിയപ്പോള് മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് യൂനുസിനെ രക്ഷപ്പെടുത്തിയവന് പരിശുദ്ധനാകുന്നു. (21: 87; 37: 142-144)
- പ്രവാചകന് ഇബ്റാഹീമിന്റെ മേല്‍ തീയിനെ തണുപ്പും സമാധാനവുമുള്ളതാക്കി മാറ്റിയ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (21: 69)
- മൂസായുടെ വടി കൊണ്ട് അടിപ്പിച്ച് കടല്‍ പിളര്‍ത്തി കടലില്‍ ഉണങ്ങിയ വഴി ഉണ്ടാക്കി മൂസായെയും ഇസ്റാഈല്‍ സന്തതികളെയും രക്ഷപ്പെടുത്തുകയും അവരെ പിടികൂടാന്‍ വന്ന ഫിര്‍ഔനിനെയും അവന്റെ പട്ടാളത്തെയും കടലില്‍ മുക്കിക്കൊല്ലുകയും ചെയ്ത ഒരുവന് പരിശുദ്ധനാകുന്നു. (10: 90-92; 20: 77; 26: 63)
- മൂസായുടെ കയ്യിലുള്ള വടി കൊണ്ട് പാറയില്‍ ഒരു അടി അടിപ്പിച്ച് 12 ഉറവകള്‍ പുറപ്പെടുവിച്ചുകൊടുത്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു. (2: 60, 7: 160)
- കാര്യകാരണബന്ധത്തിന് അതീതമായി മര്‍യമിനെ ഭക്ഷിപ്പിച്ച ഒരുവന് അതീവ പരിശുദ്ധനാകുന്നു. (3: 37)
- ഈസായെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് ആകാശത്തുനിന്നും മാഇദ (ഭക്ഷണത്തളിക) ഇറക്കിക്കൊടുത്തവന്‍ അതീവ പരിശുദ്ധനാകുന്നു. (5: 113-114)
- ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കി അതില്‍ നിന്ന് ഭക്ഷിച്ച ശേഷവും അവിശ്വസിച്ച ജൂതരെ ശപിക്കുകയും പന്നികളാക്കി മാറ്റുകയും ചെയ്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു. (5: 60)
- ഈസായിലൂടെ അന്ധരെയും കുഷ്ഠരോഗികളെയും സുഖപ്പെടുത്തുകയും മരിച്ചവരെ വീണ്ടും ജീവിപ്പിക്കുകയും ചെയ്ത് തന്റെ കഴിവ് കാണിച്ചുകൊടുത്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു. (3: 49; 5: 110)
- ഈസായെ ശരീരത്തോടുകൂടി രണ്ടാം ആകാശത്തിലേക്ക് ഉയര്‍ത്തിയ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (4: 157-158)
- ഉസൈറിനെ മരിപ്പിച്ച് കിടത്തി 100 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജീവിപ്പിച്ച ഒരുവന് അതീവ പരിശുദ്ധനാകുന്നു. (2: 259)
- സമൂദ് ജനതക്ക് ഒരു ദൃഷ്ടാന്തമായി പ്രസവിക്കപ്പെട്ടതല്ലാത്ത ഒരു ഒട്ടകത്തെ നല്കിയ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (7: 73)
- ചുട്ടുപഴുത്ത കളിമണ്‍ കല്ലുകളും കൊണ്ട് അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ നശിപ്പിക്കുകയും മക്കയിലുള്ള കഅ്ബയെ സംരക്ഷിക്കുകയും ചെയ്ത ഒരുവന് അതീവപരിശുദ്ധനാകുന്നു. (105: 1-5)
- പ്രവാചകന് സുലൈമാന്‍ ജിന്നുകളെയും പിശാചിനെയും അനുസരണമുള്ളവരാക്കിക്കൊടുക്കുകയും അവന് ഉദ്ദേശിക്കുന്നിടത്തേക്ക് അവന്റെ ആജ്ഞാനുസാരം മൃദുലമായി വീശത്തക്ക വിധത്തില്‍ കാറ്റിനെ വിധേയമാക്കിക്കൊടുക്കുകയും ചെയ്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു. (27: 18-19; 34: 12-14; 38: 36-38)
- സുലൈമാന്റെ ആവശ്യപ്രകാരം ഗ്രന്ഥത്തില്‍ നിന്ന് അറിവുള്ള ഒരാള്‍ക്ക് ഷീബാ രാജ്ഞിയുടെ സിംഹാസനം കണ്ണ് ഇമവെട്ടുന്ന സമയം കൊണ്ട് യമനില്‍ നിന്ന് ഫലസ്തീനിലേക്ക് കൊണ്ടുവരാന്‍ കഴിവ് നല്കിയ ഒരുവന് അതീവ പരിശുദ്ധനാകുന്നു. (27: 38-40)
- തന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് കാണിക്കുന്നതിനുവേണ്ടി പ്രവാചകനായ മുഹമ്മദിനെ ശരീരത്തോടുകൂടി ഒറ്റ രാത്രി കൊണ്ട് മക്കയില്‍ നിന്ന് ഫലസ്തീനിലുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് കൊണ്ടുപോവുകയും പിന്നീട് അവിടെ നിന്ന് ഫിര്‍ദൗസ് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത ഒരുവന് അതീവ പരിശുദ്ധനാകുന്നു. (17: 1)
- തന്റെ റൂഹില്‍ നിന്ന് നല്കി അവന്റെ ജീവജാലങ്ങളെ ജീവിപ്പിക്കുകയും അവയില്‍ നിന്ന് റൂഹിനെ വേര്‍പ്പെടുത്തി മരിപ്പിക്കുകയും ചെയ്യുന്ന ഒരുവന് അതീവ പരിശുദ്ധനാകുന്നു. (6: 60; 32: 9-11)
അല്ലാഹുവേ! ഞങ്ങളെ നീ വിശ്വാസത്തോടും ഭയഭക്തിയോടും അനുരാഗമുള്ളവരും നിഷേധത്തോടും കാപട്യത്തോടും ധിക്കാരത്തോടും വെറുപ്പുള്ളവരുമാക്കേണമേ. ഞങ്ങളെ നീ തന്റേടത്തിലേക്കും സന്മാര്ഗത്തിലേക്കും നയിക്കുന്നവരും മനനം ചെയ്യുന്നവരും ആലോചിച്ച് പ്രതിഫലിപ്പിക്കുന്നവരും അല്ലാഹുവിനെക്കുറിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നവരും ജീവിതലക്ഷ്യം ഗ്രഹിപ്പിക്കുന്നവരും മനസാ-വാചാ-കര്‍മണാ നിനക്ക് സമര്‍പ്പിച്ചവരും ആക്കേണമേ. അല്ലാഹുവേ, ഞങ്ങളെ നീ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളും സജ്ജനങ്ങളും കുനിയുന്നവരും സാഷ്ടാംഗം പ്രണമിക്കുന്നവരും നിന്നെ സേവിക്കുന്നവരും നിന്നെ സ്തുതിക്കുന്നവരും നിന്നെ വാഴ്ത്തിക്കൊണ്ടിരിക്കുന്നവരും ആക്കേണമേ.
ഞങ്ങളെ നീ അനുരഞ്ജനമുണ്ടാക്കുന്നവരും (മുസ്ലിഹീങ്ങള്) നിന്റെ ഏകത്വത്തെ എപ്പോഴും എല്ലായിടത്തും അംഗീകരിക്കുന്നവരും (മുവഹ്ഹിദീങ്ങള്‍) നീതി കൊണ്ട് കല്പിക്കുന്നവരും (മുഖ്സിത്വീങ്ങള്) വണക്കമുള്ളവരും (ഖാനിതീങ്ങള്) നിന്നെ ഉള്ളിന്റെയുള്ളില്‍ ഭയപ്പെടുന്നവരും (ഖാശിഈങ്ങള്) വിനീതരും (ഖാളിഈങ്ങള്) നിന്നെ എപ്പോഴും സ്മരിക്കുന്നവരും (ദാകിരീങ്ങള്) നന്ദി പ്രകടിപ്പിക്കുന്നവരും (ശാക്കിരീങ്ങള്) ക്ഷമാ ലുക്കളും (സ്വാബിരീങ്ങള്) ഒറ്റക്കെട്ടായി നിലകൊള്ളുന്നവരും (റാബിത്വീങ്ങള്) അദ്ദിക്ര്‍ കൊണ്ട് വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവടൊപ്പവും (സാബിഖീങ്ങള്‍) വിജയികളോടൊപ്പവും (മുഫ്ലിഹീങ്ങള്) സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാക്കേണമേ.
അല്ലാഹുവേ, ഞങ്ങളെ നീ അദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമായ കാഫിറുകളായ ജനതയില്‍ ഉള്‍പ്പെടുത്തരുതേ. ഞങ്ങളെ നീ അക്രമികളായ ജനതയിലും തെമ്മാടികളായ ജനതയിലും ഉള്‍പ്പെടുത്തരുതേ. ഞങ്ങളെ നീ കപടവിശ്വാസികളിലും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരിലും ഉള്‍പ്പെടുത്തരുതേ, ഞങ്ങളെ നീ ലക്ഷ്യബോധം നഷ്ടപ്പെട്ടവരിലും പ്രജ്ഞയറ്റവരിലും ഉള്‍പ്പെടുത്തരുതേ. അല്ലാഹുവേ, ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ അക്രമികളായ ഒരു ജനതയുടെ പരീക്ഷണത്തിന് വിധേയമാക്കരുതേ. ഞങ്ങളെ നീ നിന്റെ കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് കാഫിറുകളായ ജനതയില്‍ നിന്ന് രക്ഷപ്പെടുത്തേണമേ. ഞങ്ങളെ നീ ആശയറ്റവരിലും അനീതി കാണിക്കുന്നവരിലും കുതര്ക്കികളിലും ഉള്‍പ്പെടുത്തരുതേ. ഞങ്ങളെ നീ സംശയാലുക്കളിലും സംശയത്തില്‍ ആടിയുലയുന്നവരിലും പരിഹസിക്കുന്നവരിലും പരിധി ലംഘിക്കുന്നവരിലും നാശകാരികളിലും അതിരുകവിഞ്ഞവരിലും ധൂര്ത്തടിക്കുന്നവരിലും നിന്നെ വിസ്മരിച്ച് ജീവിക്കുന്നവരിലും ദുഷ്കര്മികളിലും അഹങ്കാരികളിലും അഹംഭാവികളിലും നിന്നില്‍ പങ്കുചേര്ക്കുന്നവരിലും ഗ്രന്ഥത്തെ ഭാഗം വെക്കുന്നവരിലും വളച്ചൊടിക്കുന്നവരിലും നിന്റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്ക്കിക്കുന്നവരിലും ഉള്‍പ്പെടുത്തരുതേ. ഞങ്ങളെ നീ നിന്റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്ന അക്രമികളോട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യുന്നവരാക്കേണമേ. ഞങ്ങളെ നീ നിന്ദ്യന്മാരിലും ഹീനരിലും നിരാശപ്പെട്ട് മടങ്ങുന്നവരിലും കളിയാക്കുന്നവരിലും വഞ്ചകന്മാരിലും എല്ലാം നഷ്ടപ്പെട്ടവരിലും ഉള്‍പ്പെടുത്തരുതേ.
അല്ലാഹുവേ! ഞങ്ങളെ നീ ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടുത്തി ജീവിക്കുക വഴി നിന്നെ കണ്ടുകൊണ്ട് ചരിക്കുന്നവരാക്കേണമേ. അതുവഴി ഞങ്ങളുടെ പ്രയാസങ്ങളെല്ലാം ലഘൂകരിച്ച് തരികയും ഞങ്ങളുടെ കാര്യങ്ങളെല്ലാം എളുപ്പമാക്കിത്തരികയും ഞങ്ങളുടെ വിമ്മിഷ്ടങ്ങള്‍ നീക്കിത്തരികയും ഞങ്ങളുടെ കടങ്ങള്‍ വീട്ടിത്തരികയും ഞങ്ങളുടെ രോഗങ്ങളെ സുഖപ്പെടുത്തിത്തരികയും ചെയ്യേണമേ -ഓ രോഗങ്ങള്‍ സുഖപ്പെടുത്തി തരുന്നവനേ. ഞങ്ങളുടെ സദുദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തരേണമേ -ഓ സദുദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തരുന്നവനേ.
അല്ലാഹുവേ, ഞങ്ങളെ നീ പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് ഈ അക്രമികളായ ജനതയില്‍ നിന്ന് ഇജാസിലേക്ക് പുറപ്പെടുവിപ്പിക്കേണമേ, ഓ ആകാശഭൂമികളുടെ പ്രകാശമായവനേ, ഓ ബഹുമാന്യനായ മഹത്വമുടയവനേ.
അല്ലാഹുവേ ഞങ്ങളെ നീ എപ്പോഴും ആത്മാവുകൊണ്ട് ഇങ്ങനെ പ്രാര്ത്ഥിക്കുന്നവരാക്കേണമേ: ഓ മുഹൈമിനായ ഞങ്ങളുടെ നാഥാ, കാത്തുസൂക്ഷിക്കുന്ന ഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നരകഗര്ത്തത്തെത്തൊട്ട് ഞങ്ങളെ നീ തിരിച്ചുവിടേണമേ. അതിലെ ശിക്ഷ മുഹൈമിനായ അദ്ദിക്റില്‍ നിന്ന് വ്യതിചലിച്ച് ജീവിച്ചതിനുള്ള പിഴയാകുന്നു, നിശ്ചയം അത് വിശ്രമത്തിനും സ്ഥിരതാമസത്തിനും വളരെ ദുഷിച്ചത് തന്നെ!
ഓ ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതി പരമ്പരകളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ, ഞങ്ങളെ നീ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടുത്തുന്ന സൂക്ഷ്മാലുക്കള്‍ക്ക് മുന്നില്‍ നടക്കുന്നവരുമാക്കേണമേ.
ഓ ഞങ്ങളുടെ നാഥാ! പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളുടെ പ്രകാശം നീ പൂര്‍ത്തീകരിച്ച് തരേണമേ, ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്ത് തരികയും ചെയ്യേണമേ, നീ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്വ്വശക്തന് തന്നെയാകുന്നു.
ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ കാഫിറുകളായ ഒരു ജനതക്ക് പരീക്ഷണവിധേയമാക്കരുത്; ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു.
ഓ ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കും വിശ്വാസം കൊണ്ട് ഞങ്ങളെ മുന്‍കടന്നവരായ ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളായവരോട് യാതൊരു വിദ്വേഷവും ഉണ്ടാക്കുകയും അരുതേ, ഞങ്ങളുടെ നാഥാ! നിശ്ചയം നീ കൃപാലുവായ കാരുണ്യവാന് തന്നെയാകുന്നു.
ഓ ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിയേണമേ, ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്റെ മാര്‍ഗത്തില്‍ ഞങ്ങളുടെ പാദങ്ങളും ഹൃദയങ്ങളും നീ ഉറപ്പിച്ചുനിര്‍ത്തുകയും കാഫിറുകളായ ഒരു ജനതയുടെമേല്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യങ്ങളില്‍ ഞങ്ങള്‍ അതിരുകവിഞ്ഞ് പ്രവര്‍ത്തിച്ചതും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ; ഞങ്ങളുടെ ഹൃദയങ്ങളെയും പാദങ്ങളെയും നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ ഉറപ്പിച്ചുനിര്‍ത്തേണമേ, കാഫിറുകളായ ജനതയുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
ഓ നാഥാ! അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് തങ്ങളുടെ ജീവിതം കളിയും തമാശയുമായി തെരഞ്ഞെടുത്ത കെട്ടജനതയില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തല്ലേ. ഓ ഞങ്ങളുടെ നാഥാ! മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് അവരെത്തൊട്ടും നരകകുണ്ഠത്തെത്തൊട്ടും ഞങ്ങളെ നീ അകറ്റി നിര്‍ത്തേണമേ, ഓ കാത്തുസൂക്ഷിക്കുന്നവനേ! ഓ സര്‍വ്വലോകങ്ങളുടെയും ഉടമയായ നാഥാ!
എന്റെ നാഥാ! എന്നെ, എന്റെ മേലിലും എന്റെ മാതാപിതാക്കളുടെ മേലിലും നീ ചൊരിഞ്ഞുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച് നിലകൊള്ളുന്നവനാക്കേണമേ, നീ തൃപ്തിപ്പെട്ട സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവനും; എന്റെ സന്തതിപരമ്പരകളുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് നീ നന്നാക്കിത്തരികയും ചെയ്യേണമേ, നിശ്ചയം ഞാനിതാ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു, നിശ്ചയം ഞാന്‍ സര്‍വസ്വം നിനക്ക് സമര്‍പ്പിച്ചവരില്‍ പെട്ടവനുമാകുന്നു.
അല്ലാഹുവേ! ഞങ്ങളെ നീ നരകഗര്‍ത്തത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ ഉള്‍പ്പെടുത്തരുതേ, അക്കൂട്ടര്‍ അദ്ദിക്റിനെ മൂടിവെക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ്. ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഉപകരണവും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകഗര്ത്തത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നില്‍ ഉള്‍പ്പെടുത്തേണമേ. ഓ മുഹൈമിനേ, ഓ മുഹൈമിനായ ഗ്രന്ഥം അവതരിപ്പിച്ചവനേ, ഓ സര്‍വലോകങ്ങളുടെയും ഉടമയായ നാഥാ.
ഓ ഞങ്ങളുടെ നാഥാ! അമാനത്തായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ നിന്നെ മുറുകെപ്പിടിക്കുന്നവരും നിന്നെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമാക്കേണമേ.
ഓ അല്ലാഹ്! ഞങ്ങളുടെ നാഥാ! അദ്ദിക്റിനെ ഞങ്ങള്‍ക്ക് അനുകൂലമായി സാക്ഷി നില്ക്കുന്നതാക്കണമേ, ഞങ്ങള്‍ക്ക് എതിരായിട്ടല്ല. ഞങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതാക്കേണമേ, ഞങ്ങള്‍ക്ക് എതിരായിട്ടല്ല, ഞങ്ങള്‍ക്ക് അതിനെ പരിചയും രോഗശമനവും കാരുണ്യവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതും ആക്കേണമേ, ഓ കാത്തുസൂക്ഷിക്കുന്നവനായിട്ടുള്ള ഒരുവനേ, ഓ കാത്തുസൂക്ഷിക്കുന്ന ഗ്രന്ഥം ഇറക്കിയവനേ, ഓ പുണ്യവാനായ കാരുണ്യവാനേ.
ഓ ഞങ്ങളുടെ നാഥാ, അദ്ദിക്റിനെ ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് വസന്തമാക്കേണമേ, നെഞ്ചുകള്‍ക്ക് പ്രകാശമാക്കേണമേ, അതിനെ ഞങ്ങളുടെ സങ്കടങ്ങള്‍ നീക്കിക്കളയുന്നതാക്കുകയും അതിനെ ഞങ്ങളുടെ വിമ്മിഷ്ടങ്ങളും ദുരിതങ്ങളും അകറ്റിക്കളയുന്നതാക്കുകയും ചെയ്യേണമേ. അതിനെ ഞങ്ങള്‍ക്ക് നിന്നിലേക്കും അനുഗ്രഹ സമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിലേക്കും നയിക്കുന്നതും മുന്കടക്കാനുള്ളതും തെളിവുമാക്കേണമേ.
അല്ലാഹുവേ! ഞങ്ങള്‍ക്ക് നീ സത്യത്തെ സത്യമായി കാണിച്ച് തരികയും അതിനെ പിന്‍പറ്റാന്‍ അനുഗ്രഹിക്കുകയും, മിഥ്യയെ മിഥ്യയായിത്തന്നെ കാണിച്ച് തരികയും അതിനെ വെടിയാന്‍ അനുഗ്രഹിക്കുകയും ചെയ്യേണമേ!
അല്ലാഹുവേ! ഞങ്ങള്‍ നിന്നോട് ഉപകാരപ്രദമായ അറിവും സ്വീകരിക്കപ്പെടുന്ന കര്‍മ്മവും പരിപൂര്‍ണ്ണമായ വിശ്വാസവും അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണവും ഏറ്റവും നല്ല സ്വഭാവവും ഭയഭക്തിയുള്ള ഹൃദയവും നിന്റെ മാര്‍ഗത്തിലുള്ള ദീര്‍ഘായുസ്സും ചോദിക്കുന്നു.
അല്ലാഹുവേ! ഞാന്‍ മറ്റൊരാളാല്‍ വഴിപിഴപ്പിക്കപ്പെടുന്നതിനെത്തൊട്ടും ഞാന്‍ കാരണം മറ്റൊരാള്‍ വഴിപിഴപ്പിക്കപ്പെടുന്നതിനെത്തൊട്ടും ഞാന്‍ മറ്റൊരാളാല്‍ വിഭ്രാന്തിയില്‍ അകപ്പെടുത്തപ്പെടുന്നതിനെത്തൊട്ടും ഞാന്‍ കാരണം മറ്റൊരാള്‍ വിഭ്രാന്തിയില്‍ അകപ്പെടുത്തപ്പെടുന്നതിനെത്തൊട്ടും ഞാന്‍ മറ്റൊരാളാല്‍ അക്രമിക്കപ്പെടുന്നതിനെത്തൊട്ടും ഞാന്‍ കാരണം മറ്റൊരാള്‍ അക്രമിക്കപ്പെടുന്നതിനെത്തൊട്ടും ഞാന്‍ മറ്റൊരാളാല്‍ വിഡ്ഢിയാക്കപ്പെടുന്നതിനെത്തൊട്ടും ഞാന്‍ കാരണം മറ്റൊരാള്‍ വിഡ്ഢിയാക്കപ്പെടുന്നതിനെത്തൊട്ടും നിന്നോട് അഭയം ചോദിക്കുന്നു.
ഞങ്ങളുടെ നാഥാ, അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന, നരകത്തിലേക്കുള്ള 1000-ല്‍ 999-ല്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തരുതേ. ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ മുന്‍കടന്നവരോടൊപ്പവും പുണ്യാത്മാക്കളോടൊപ്പവും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന 1000-ല്‍ ഒന്നാക്കേണമേ.
ഞങ്ങളുടെ നാഥാ, കേള്‍വിയുണ്ടായിട്ട് അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സംസാരശേഷിയുണ്ടായിട്ട് അദ്ദിക്ര്‍ ലോകരോട് പറയാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരായ ഫുജ്ജാറുകളില്‍ ഉള്‍പ്പെടുത്തരുതേ.
എല്ലാ ഓരോ വസ്തുവിന്റെയും ആധിപത്യം കൈകളിലായിട്ടുള്ളവനേ! നീ എല്ലാവര്ക്കും അഭയം നല്കുന്നു, നിനക്ക് ആരും അഭയം നല്‍കുന്നുമില്ല, നീ എല്ലാവരെയും ഭക്ഷിപ്പിക്കുന്നു, നിന്നെ ആരും ഭക്ഷിപ്പിക്കുന്നുമില്ല, എന്നെന്നും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമായ നീ പരിശുദ്ധനാകുന്നു. നീയാകുന്നു എല്ലാ ഓരോന്നിന്റെയും മൂര്‍ദ്ധാവ് (കടിഞ്ഞാണ്‍) പിടിക്കുന്നത്, ഏതെല്ലാം വസ്തുക്കളുടെ കടിഞ്ഞാണുകളാണോ നിന്റെ കൈകളിലുള്ളത്, അവയില്‍ നിന്നുള്ള തിന്മയെത്തൊട്ട് ഞങ്ങള്‍ ഇതാ നിന്നോട് അഭയം തേടുന്നു. നീയാണ് ആദ്യന്‍, നിനക്കുമുമ്പ് ഒരു വസ്തുവുമില്ല. നീയാണ് അന്ത്യന്‍, നിനക്കുശേഷം ഒരു വസ്തുവുമില്ല. നീയാണ് പ്രത്യക്ഷന്‍, നിനക്ക് മുകളില്‍ ഒന്നുമില്ല. നീയാണ് ഉള്ളിലുള്ളവന് (പരോക്ഷന്‍), നിന്നെക്കൂടാതെ ഒന്നുമില്ല. ഞങ്ങളുടെ കടങ്ങള്‍ വീട്ടാന്‍ ഞങ്ങളെ നീ സഹായിക്കേണമേ, ദാരിദ്ര്യത്തെത്തൊട്ട് ഞങ്ങള്‍ക്ക് നീ ഐശ്വര്യം നല്കേണമേ, ഓ അല്ലാഹ്! നിന്റെ കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ നിന്റെ സജ്ജനങ്ങളായ അടിമകളില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ, ഓ നിഷ്പക്ഷവാനായ കാരുണ്യവാനേ!