(യൂനുസ്) 10 : 26
لِلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ

നന്മയുടെ മാര്‍ഗത്തില്‍ ചരിച്ചവരാരോ അവര്‍ക്ക് നന്മയുണ്ട്, കൂടുതല്‍ നന്മ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതുമാണ്, അവരുടെ മുഖങ്ങളില്‍ കരിപുരളുകയോ അവരെ അപകര്‍ഷത ബാധിക്കുകയോ ഇല്ല, അക്കൂട്ടരാണ് സ്വര്‍ഗവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാണ്. 

മുന്‍ സൂക്തത്തില്‍ പറഞ്ഞ നേരെ ചൊവ്വെയുള്ള പാത(STRAIGHT PATH) യുടെ നേരെ എതിരായ പാതയാണ് ത്വാഗൂത്തിന്‍റെ (പൈശാചിക ദുശ്ശക്തികളുടെ)മാര്‍ഗം. ആരാണോ അതിനെ വെടിയുകയും അല്ലാഹുവിലേക്ക് തിരിയുകയും ചെയ്തത്, അവര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്, അപ്പോള്‍ ആരാണോ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ശ്രദ്ധിച്ചുകേള്‍ക്കുകയും അതിനെ ഏറ്റവും നല്ല നിലക്ക് പിന്‍പറ്റുകയും ചെയ്യുന്നത്, അത്തരക്കാരായ നമ്മുടെ ദാസന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, അക്കൂട്ടരെയാണ് അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിച്ചത്, അക്കൂട്ടര്‍ തന്നെയാണ് ബുദ്ധിമാന്മാരും എന്ന് 39: 17-18 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുറ്റങ്ങളെല്ലാം ഒറ്റയടിക്ക് പൊറുത്തുകിട്ടുന്നതിന് രണ്ട് ഉപാധികള്‍ 39: 53-55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മരണം ആസന്നമാകുന്നതിനുമുമ്പ് ആത്മാവുകൊണ്ട് എല്ലാ തെറ്റുകുറ്റങ്ങളും നാഥനോട് ഏറ്റുപറയുകയും അവന് സര്‍വസ്വം സമര്‍പ്പിക്കുകയും, ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ പിന്‍പറ്റേണ്ടവിധം പിന്‍പറ്റുകയും ചെയ്യലാണ് അവ. 92: 5-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണോ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തിയത്, അവന് എല്ലാകാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുന്നതും; ആരാണോ അദ്ദിക്റിനെ തള്ളിപ്പറഞ്ഞത്, അവന് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാക്കിക്കൊടുക്കുന്നതുമാണ്. ആരാണോ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ ഏറ്റവും നല്ല നിലക്ക് സത്യപ്പെടുത്തി ജീവിക്കുന്നത്, അവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലമുണ്ട്, നമ്മുടെ അടുക്കല്‍ അധികവുമുണ്ട് എന്ന് 50: 35 ലും, അവര്‍ക്ക് കൂടുതല്‍ നന്മ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതാണ് എന്ന് ഈ സൂക്തത്തിലും പറഞ്ഞതിന്‍റെ വിവക്ഷ; സ്വര്‍ഗവാസികളായ വിശ്വാസികള്‍ക്ക് അല്ലാഹുവിനെ അവരുടെ കണ്ണുകൊണ്ട് നേരില്‍ കാണുക എന്ന ആഗ്രഹം സ്വര്‍ഗത്തില്‍ വെച്ച് സഫലമാവുന്നതാണ്, അതിനുപുറമെ അവര്‍ ആഗ്രഹിക്കുന്നവരെ സ്വര്‍ഗത്തിലേക്ക് ശുപാര്‍ശ ചെയ്ത് കൊണ്ടുവരാനും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്താനുമുള്ള അധികാരമുണ്ട് എന്നാണ്. എന്നാല്‍ നാഥന്‍റെ സമ്മതപത്രവും ശുപാര്‍ശ ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതുമായ അദ്ദിക്ര്‍ കൂടാതെ ഒരാളില്‍ നിന്നും ശുപാര്‍ശ സ്വീകരിക്കുന്നതല്ല. 34: 23 ല്‍, അങ്ങനെ നരകവാസികളുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങിക്കഴിയുമ്പോള്‍ അവര്‍ സ്വര്‍ഗവാസികളോട് ചോദിക്കുന്നതാണ്: 'എന്താണ് നിങ്ങളുടെ നാഥന്‍ പറഞ്ഞത്?' സ്വര്‍ഗവാസികള്‍ 'സത്യം -അദ്ദിക്ര്‍' എന്ന് മറുപടി പറയുമെന്ന് പറഞ്ഞിട്ടുണ്ട്. 1: 3; 2: 127; 3: 106; 9: 99 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!