( യൂസുഫ് ) 12 : 24

وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَنْ رَأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ

നിശ്ചയം അവള്‍ അവനെ പാട്ടിലാക്കാന്‍ ഉദ്യമിക്കുകയുണ്ടായി, തന്‍റെ നാഥന്‍റെ തെളിവ് കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ അവന്‍ അവളെയും പാട്ടിലാക്കാന്‍ ഉദ്യമിക്കുമായിരുന്നു,-അപ്രകാരം അവനെത്തൊട്ട് നാം ദുഷിച്ചതും മ്ലേച്ഛവുമായ പ്രവൃത്തികള്‍ തിരിച്ചുവിടുക തന്നെ ചെയ്തു, നിശ്ചയം അവന്‍ നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട-നിഷ്കളങ്കരായ-ദാസന്‍മാരില്‍ പെട്ടവന്‍ തന്നെയായിരുന്നു.

'തെളിവ്' കൊണ്ടുദ്ദേശിക്കുന്നത് 12: 22 ല്‍ പറഞ്ഞ യുക്തിയും ജ്ഞാനവുമായ അ ദ്ദിക്ര്‍ തന്നെയാണ്. 4: 174 ല്‍, മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവും പ്രകാശവും വന്നുകിട്ടിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. യൂസുഫ് നബിക്ക് അ ഭിമുഖീകരിക്കേണ്ടിവന്ന ഈ സംഭവത്തിലൂടെ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ അല്ലാഹു പരീക്ഷിക്കുകയായിരുന്നു. തെറ്റുചെയ്യാന്‍ അവസരമുണ്ടായിട്ട് അല്ലാഹുവിനെ കണ്ടുകൊണ്ട് തെറ്റുചെയ്യാത്തവരാണ് സൂക്ഷ്മാലുക്കള്‍. അഥവാ എപ്പോഴും അല്ലാഹ് എന്ന സ്മരണയോടുകൂടി അല്ലാഹുവിനെ മാത്രം സേവിക്കുന്ന അവന്‍റെ പ്രതിനിധികളാണ് അവര്‍. 15: 39-40; 38: 82-83 എന്നീ സൂക്തങ്ങളില്‍, മനുഷ്യരില്‍ നിന്ന് നിന്‍റെ പ്രത്യേകക്കാരായ അടിമകളല്ലാത്തവരെ മുഴുവന്‍ ഞാന്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തി പാട്ടിലാക്കുകതന്നെ ചെയ്യുമെന്ന് പിശാച് അല്ലാഹുവിനോട് പറഞ്ഞ സന്ദര്‍ഭം വിവരിച്ചിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന, എല്ലായ്പ്പോഴും 'അല്ലാഹ്' എന്നുള്ള സ്മരണയോടുകൂടി നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരെ പിശാച് പാട്ടിലാക്കുകയില്ല. അദ്ദിക്റും അല്ലാഹുവും ഒന്നാണെന്നിരിക്കെ ഏറ്റവും നല്ലതായ അദ്ദിക്റി ന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍. അവര്‍ തന്നെയാണ് നേരെച്ചൊവ്വെയുള്ള പാതയിലുള്ളവരും. 19: 51 ല്‍, നിശ്ചയം മൂസാ അല്ലാഹുവിന്‍റെ പ്രത്യേകക്കാരനായ അടിമയും പ്രവാചകനായ നബിയുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 2: 139; 4: 118; 11: 118-119 വിശദീകരണം നോക്കുക.