وَلَنْ يَتَمَنَّوْهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
അവരുടെ കരങ്ങള്‍ മുന്‍കൂട്ടി ഒരുക്കിവെച്ചത് കാരണം അവര്‍ ഒരിക്കലും അതിന് കൊതിക്കുകയില്ല, അല്ലാഹു ഇത്തരം അക്രമികളെക്കുറിച്ച് ശരിക്കും അറിവുള്ളവനുമാകുന്നു.
മദീനയില്‍ പ്രവാചകന്റെ കാലത്തുണ്ടായിരുന്ന ജൂതരുടെ ഈ സ്വഭാവവും ഉള്ളിലിരിപ്പും ഇന്ന് ലോകരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കാണുള്ളത്. നിഷ്പക്ഷവാനായ നാഥന് ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. അവന് ഓരോ ആത്മാവിനും അതിന്റെ ദുര്‍മാര്‍ഗവും സന്മാര്ഗവും നല്‍കിയിട്ടുണ്ടെന്നും ആരാണോ അവരവരെ അദ്ദിക്ര്‍ കൊണ്ട് ശുദ്ധീകരിച്ചത്, അവര്‍ വിജയിക്കുമെന്നും ആരാണോ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തത്, അവര്‍ പരാജിതരാകുമെന്നും 91: 7-10 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാഥന് അവന്റെ റൂഹ് മനുഷ്യനില്‍ ആവാഹിപ്പിക്കുന്നതോടൊപ്പം അവന്റെ ത്രികാലജ്ഞാനമായ അദ്ദിക്റും പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവന് നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതാണ് 76: 3 ല്‍ മനുഷ്യന് നന്ദി പ്രകടിപ്പിക്കുന്നവന് അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നീ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞതിന്റെ വിവക്ഷ. വിശ്വാസികളെ വിളിച്ച് നാളേക്കുവേണ്ടി എന്താണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് ഓരോ ആത്മാവും നോക്കിക്കാണണമെന്ന് 59: 18 ലും; അന്ന് ജൂതരും ഇന്ന് ഫുജ്ജാറുകളും അവരുടെ കൈകള്‍ ഒരുക്കിവെച്ചത് നരകമായതിനാല്‍ ഒരിക്കലും മരിക്കാന്‍ ആഗ്രഹിക്കുകയില്ല; അല്ലാഹു ഇത്തരം അക്രമികളെക്കുറിച്ച് ശരിക്കും അറിവുള്ളവനാണ് എന്ന് 62: 7 ലും പറഞ്ഞിട്ടുണ്ട്. 18: 57 ല്‍, തങ്ങളുടെ നാഥന്റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് അതിനെ അവഗണിക്കുകയും തന്റെ കൈകള്‍ ഒരുക്കിവെച്ചത് മറന്ന് ജീവിക്കുകയും ചെയ്തവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത് എന്ന് ചോദിച്ചിട്ടുണ്ട്. കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും 'വിശ്വാസികളെ അവരുടെ ദീന് വഞ്ചിച്ചിരിക്കുന്നു' എന്ന് പറഞ്ഞ് പരിഹസിച്ചുകൊണ്ടിരിക്കുന്നവരാണ് എന്ന് 8: 49 ലും; ഇത്തരം കപടവിശ്വാസികളായ കാഫിറുകളെ മരിപ്പിക്കുന്ന സമയത്ത് മലക്കുകള്‍ മുഖത്തും പിരടിയിലുമെല്ലാം അടിക്കുകയും നിങ്ങള്‍ ഒരുക്കിവെച്ച കരിക്കുന്ന ശിക്ഷ രുചിച്ചുകൊള്ളുക എന്ന് പറയുകയും ചെയ്യുമെന്ന് 8: 50 ലും; നരകം നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളതാണ്, എന്നല്ലാതെ അല്ലാഹു അവന്റെ അടിമകളോട് അല്പം പോലും അനീതി കാണിക്കുകയില്ല എന്ന് 8: 51 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ സൂക്തങ്ങള്‍ മൂടിവെച്ചതും കളവാക്കി തള്ളിപ്പറഞ്ഞതുമാണ് അതിന് കാരണമെന്ന് 8: 52 ലും; ഒരു ജനതയുടെമേല്‍ നല്കിയ അനുഗ്രഹങ്ങള്‍ അവര്‍ സ്വയം മാറ്റം വരുത്തുന്നതുവരെ അല്ലാഹു മാറ്റം വരുത്തുകയില്ല എന്ന് 8: 53 ലും 13: 11 ലും പറഞ്ഞിട്ടുണ്ട്.
അദ്ദിക്ര്‍ മനസ്സിലാക്കുന്നതിനും ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും വേണ്ടി സമയവും സമ്പത്തും ഉള്‍പ്പെടെ എല്ലാ അനുഗ്രഹങ്ങളും ചെലവഴിക്കുന്ന വിശ്വാസികള്‍ക്ക് മരിക്കാന്‍ ഭയമുണ്ടായിരിക്കുകയില്ല. കാരണം അവര്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടത്തിലുള്ള ഐഹികജീവിതം ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം സമ്പാദിക്കുന്നതിന് വേണ്ടിയാണെന്ന ജീവിതലക്ഷ്യം മനസ്സിലാക്കി ചരിക്കുന്നവരാണ്. അവര്‍ അല്ലാഹുവിനെത്തൊട്ടും അവന് അവരെത്തൊട്ടും തൃപ്തിപ്പെട്ടവരുമാണ്. ജീവിതലക്ഷ്യം മനസ്സിലാക്കി നാലാം ഘട്ടത്തില്‍ സ്വര്‍ഗം സമ്പാദിക്കാത്ത ഫുജ്ജാറുകളെല്ലാം സമ്പാദിച്ചുകൊണ്ടിരിക്കുന്നത് 2: 286 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠമാണ്. 3: 181-182; 22: 8-10; 42: 48; 59: 18; 78: 40; 89: 23-24 തുടങ്ങിയ സൂക്തങ്ങളില്‍ 'തങ്ങളുടെ കൈകള്‍ ഒരുക്കിവെക്കുന്നത് തന്നെയാണ് പരലോകത്ത് ആസ്വദിക്കേണ്ടി വരിക' എന്ന് പറഞ്ഞിട്ടുണ്ട്. പ്രകാശമായ അദ്ദിക്റിന്റെ വെളിച്ചത്തിലല്ലാത്ത പ്രവര്‍ത്തനങ്ങളെല്ലാം അവരുടെ മുമ്പില്‍ വെച്ചുകൊടുക്കുകയും അവയെയെല്ലാം കാറ്റില്‍ പറക്കുന്ന ധൂളിയാക്കി മാറ്റിക്കളയുകയും ചെയ്യുന്നതാണെന്ന് 25: 23 ലും പറഞ്ഞിട്ടുണ്ട്. 2: 254; 3: 91; 6: 93-94 വിശദീകരണം നോക്കുക.