( അല്‍ ബഖറ ) 2 : 74

ثُمَّ قَسَتْ قُلُوبُكُمْ مِنْ بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ

പിന്നെ അതിനുശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കല്ലിച്ചുപോയി -അങ്ങനെ അത് കല്ലിനെപ്പോലെ, അല്ല, അതിനെക്കാള്‍ കടുത്തുപോയി, നിശ്ചയം കല്ലുകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടിയൊഴുകാറുണ്ട്, മറ്റു ചിലത് പിളര്‍ക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് വെള്ളം പുറപ്പെടാറുണ്ട്, മറ്റു ചിലത് അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് താഴ്ന്നുപോകുന്നു, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അശ്രദ്ധനല്ല തന്നെ.

പ്രവാചകന്‍ മൂസാ മുഖേന അല്ലാഹു പ്രകടിപ്പിച്ച എല്ലാ ദൃഷ്ടാന്തങ്ങള്‍ക്കും ഇസ്റാഈല്‍ സന്തതികള്‍ സാക്ഷികളായിരുന്നു. എന്നാല്‍ അവര്‍ അത് മറന്നുകൊണ്ട് ധിക്കാരങ്ങളിലും അധര്‍മ്മങ്ങളിലും വിഹരിക്കുകയും കനിവും കാരുണ്യവുമില്ലാത്ത കഠിനഹൃദയന്മാരായിത്തീരുകയും ചെയ്തു. മദീനയില്‍ പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന ജൂതരും അവരുടെ പൂര്‍വ്വപിതാക്കളുടെ അതേ സ്വഭാവക്കാരും അവരെ ചാണിനുചാണായി പിന്‍പറ്റുന്നവരുമായിരുന്നു. ഇക്കാലത്ത് അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് ഹൃദയം കല്ലിച്ചുപോയവരിലും യാതൊരു ദയാദാക്ഷിണ്യവുമില്ലാത്തവരിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരിലും നാടുകളില്‍ കുഴപ്പമുണ്ടാക്കുന്നവരിലും കൂടുതലുള്ളത്. ലോകത്ത് ആര് എവിടെ രക്തം ചിന്തിയാലും നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും അതിന്‍റെ പാപഭാരം വഹിക്കേണ്ടി വരിക 6: 26; 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ കുഫ്ഫാറുകളാണ്.

22: 53 ല്‍, ഹൃദയങ്ങള്‍ കല്ലിച്ചുപോയ കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ രോഗമുള്ള സാധാരണക്കാരെയും നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ നിന്ന് വിദൂരമാക്കപ്പെട്ട അക്രമികള്‍ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ 39: 22 ല്‍, അദ്ദിക്റിനോട് ഹൃദയങ്ങള്‍ കഠിനമായവര്‍ക്ക് നരകത്തിലെ വൈല്‍ എന്ന ചെരുവാണുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ ഭയപ്പെട്ട് അല്ലാഹുവിന്‍റെ സ്മരണയില്‍ മുഴുകാന്‍ നിങ്ങള്‍ക്ക് ഇനിയും സമയമായില്ലേ, മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ -അവരില്‍ കാലം കുറേ കഴിഞ്ഞുപോവുകയും അവരുടെ ഹൃദയങ്ങള്‍ കല്ലിച്ചുപോവുകയും അധികപേരും തെമ്മാടികളായിത്തീരുകയും ചെയ്തവരെപ്പോലെ- നിങ്ങള്‍ ആകരുത് എന്ന് 57: 16 ല്‍ വിശ്വാസികളെ വിളിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്. 'അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അശ്രദ്ധനല്ല തന്നെ' എന്നതിലെ 'നിങ്ങള്‍' എന്ന അഭിസംബോധനം ഇന്ന് ബാധകമാവുന്നത് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് മാത്രമാണ്. 1: 7; 2: 26-27; 10: 88 വിശദീകരണം നോക്കുക.