( അസ്സജദഃ ) 32 : 9

ثُمَّ سَوَّاهُ وَنَفَخَ فِيهِ مِنْ رُوحِهِ ۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَا تَشْكُرُونَ

പിന്നെ അവനെ ഘട്ടം ഘട്ടങ്ങളായി രൂപപ്പെടുത്തുകയും തന്‍റെ റൂഹില്‍ നിന്ന് അവനില്‍ ഊതുകയും ചെയ്തു, നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും നല്‍കി, നിങ്ങളില്‍ നിന്ന് അല്‍പം പേരല്ലാതെ നന്ദി കാണിക്കുന്നില്ല.

ആദ്യമനുഷ്യനായ ആദമിന്‍റെ ആത്മാവില്‍ നിന്നുതന്നെ അവന്‍റെ ഇണയായ ഹവ്വായെ സൃഷ്ടിച്ചു. പിന്നീട് മൊത്തം മനുഷ്യരുടെ ആത്മാവിനെ ആദമിന്‍റെ മുതുകില്‍ നിക്ഷേപിച്ചു. 2: 164 ല്‍ വിവരിച്ച പ്രകാരം ഒരു കാറ്റിന്‍റെ താളാത്മകതയില്‍ ആദമിനെയും ഹവ്വായെയും ശരീരത്തോടുകൂടി ഭൂമിയിലേക്ക് ഇറക്കി. ഭൂമിയില്‍ വെച്ച് ആദമും ഹവ്വായും വിവിധങ്ങളായ പഴങ്ങളും കായ്കനികളും ഭക്ഷിച്ചു. അതില്‍ നിന്ന് രക്തം ഉണ്ടായി. ശേഷം പുരുഷനില്‍ പുംബീജവും സ്ത്രീയില്‍ അണ്ഡവും രൂപപ്പെട്ടു. പുരുഷനും സ്ത്രീയും ഇണചേരുമ്പോള്‍ രണ്ട് ആത്മാവും ഒന്നായിത്തീരുകയാണ് ചെയ്യുന്നത്. നിശ്ചയം നാം മനുഷ്യനെ സൃഷ്ടിച്ചത് ആണിന്‍റെയും പെണ്ണിന്‍റെയും മിശ്രിതമായ ബീജത്തില്‍ നിന്നാണെന്ന് 76: 2 ല്‍ പറഞ്ഞിട്ടുണ്ട്. 86: 5-7 ല്‍, അപ്പോള്‍ മനുഷ്യന്‍ നോക്കിക്കാണട്ടെ, എന്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുരുഷന്‍റെ വൃഷണത്തില്‍ നിന്നും സ്ത്രീയുടെ ഇടുപ്പെല്ലിനുള്ളില്‍ നിന്നും പുറപ്പെടുന്ന വെള്ളത്തില്‍ നിന്നുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

കളിമണ്ണില്‍ നിന്ന് സൃഷ്ടിപ്പിന് ആരംഭം കുറിച്ചു എന്ന് പറയുമ്പോള്‍ വെള്ളം ചേ ര്‍ത്ത് മണ്ണുകുഴച്ചാണ് ആദമിന്‍റെ ശരീരം സ്വര്‍ഗത്തില്‍ സൃഷ്ടിച്ചത് എന്നാണ്. പിന്നെ അവന്‍റെ വംശപരമ്പര ഹീനമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നാക്കി എന്ന് പറഞ്ഞാല്‍ പുരുഷന്‍റെയും സ്ത്രീയുടെയും ഇന്ദ്രിയത്തില്‍ നിന്നുള്ള പുംബീജവും അണ്ഡവും ചേര്‍ത്ത് ഭ്രൂണമായി രൂപപ്പെടുത്തുന്നു എന്നാണ്. ജീവന്‍ നിലനില്‍ക്കുന്നതിന് വെള്ളം അനിവാര്യമാണെന്ന് 21: 30 ല്‍ വിവരിച്ചിട്ടുണ്ട്. ജീവകോശത്തിന്‍റെ 90 ശതമാനവും വെള്ളമാണെന്നിരിക്കെ പുംബീജവും അണ്ഡവും വെള്ളത്തിന്‍റെ സാന്നിധ്യത്തില്‍ വളരുകയും നാല്‍പ്പത് ദിവസം പിന്നിടുമ്പോള്‍ ഭ്രൂണമായും പിന്നീട് നാല്‍പ്പത് ദിവസം കഴിയുമ്പോള്‍ രക്തപിണ്ഡമായും വീണ്ടും നാല്‍പ്പത് ദിവസം കഴിയുമ്പോള്‍ മാംസപിണ്ഡമായും വളരുന്നു. അങ്ങനെ നാലു മാസം പിന്നിടുമ്പോള്‍ പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ ഒരു മലക്ക് മുഖേന എടുത്ത് മാതാവിന്‍റെ ഗര്‍ഭപാത്രത്തിലേക്ക് ആവാഹിക്കുന്നു. നേരത്തെത്തന്നെ ജീവനുണ്ടായിരുന്ന ശിശുവിന് ആത്മാവുകൂടി ലഭിക്കുന്നതോടെ റൂഹ് (ജീവന്‍+ ആത്മാവ്) ലഭിക്കുന്നു. നിശ്ചിതകാലം ഗര്‍ഭാശയത്തില്‍ കഴിഞ്ഞശേഷം ശിശു ഭൂമിയിലേക്ക് ജനിക്കുന്നു.

ആയിരത്തില്‍ ഒന്നായ വിശ്വാസി 'ഞങ്ങള്‍ നിന്നെമാത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന 1: 4 വായിക്കുമ്പോള്‍ 58: 22 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ടവരുടെ സ്വഭാവം ഉള്‍ക്കൊണ്ട് ഇവിടെ ജീവിക്കുന്നവനാക്കേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നിലകൊള്ളുന്നതാണ്. 'കോപം വര്‍ഷിക്കപ്പെട്ടവരിലും വഴിപിഴച്ചവരിലും ഉള്‍പ്പെടുത്തരുത്' എന്ന 1: 7 വായിക്കുമ്പോള്‍ ഇത്തരം വിശ്വാസി കോപിക്കപ്പെട്ട കപട വിശ്വാസികളിലും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ ഫുജ്ജാറുകളിലും ഉ ള്‍പ്പെടുത്തരുത് എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്. 2: 254, 258; 3: 91, 101-103 വിശദീകരണം നോക്കുക.