( അല്‍ ബഖറ ) 2 : 164

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِقَوْمٍ يَعْقِلُونَ

നിശ്ചയം ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും മാറിമാറി വരുന്നതിലും, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകളിലും, ആകാശത്തുനിന്ന് അല്ലാഹു വെള്ളം ഇറക്കുകയും അതുമുഖേന ഭൂമിയെ അതിന്‍റെ മരണശേഷം ജീവിപ്പിക്കുന്നതിലും, എല്ലാ ജീവജാലങ്ങളെയും അതില്‍ പരത്തിയിട്ടതിലും കാറ്റുകളുടെ ഗതിവിഗതികളിലും ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയായി സംവിധാനിച്ച മേഘങ്ങളിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിവരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ധാരാളം പാഠമുണ്ട്. അവര്‍ അവയുടെ സൃഷ്ടിപ്പിന്‍റെ പിന്നിലുള്ള ഏകസ്രഷ്ടാവിനെ കണ്ടെത്തുന്നവരും അവന്‍റെ സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിക്കുന്നവരും ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല, ലക്ഷ്യത്തോടുകൂടിയാണെന്ന് മനസ്സിലാക്കുന്നവരും അല്ലാഹുവിനെ വാഴ്ത്തുന്നവരും അവനെ പരിശുദ്ധപ്പെടുത്തുന്നവരുമാണ്. അവര്‍ ആകാശഭൂമികളുടെ സംവിധാനത്തില്‍ നിന്ന് നരകവും സ്വര്‍ഗവുമുണ്ടെന്ന് മനസ്സിലാക്കിയവരും നരകശിക്ഷയെത്തൊട്ട് എപ്പോഴും മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് അഭയം തേടുന്നവരും 'അല്ലാഹ്' എന്ന സ്മരണയില്‍ എല്ലായ്പ്പോഴും നിലകൊള്ളുന്നവരുമാണ്. 3: 190-191; 39: 17-18 വിശദീകരണം നോക്കുക.

45: 22 ല്‍, ആകാശങ്ങളെയും ഭൂമിയെയും പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിട്ടുള്ളത് എല്ലാ ഓരോ ആത്മാവും അത് സമ്പാദിച്ചത് കൊണ്ട് പ്രതിഫലം നല്‍കപ്പെടുന്നതിന് വേണ്ടിയാണ്, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയില്ല എന്നും, 30: 19 ല്‍, അവന്‍ ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെ പുറപ്പെടുവിക്കുന്നു, ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെയും പുറപ്പെടുവിക്കുന്നു, ഭൂമിയെ അതിന്‍റെ മരണത്തിനുശേഷം ജീവിപ്പിക്കുകയും ചെയ്യുന്നു, അപ്രകാരം നിങ്ങളും പുറപ്പെടുവിക്കപ്പെടുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. 10: 5-6 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹു തന്നെയാണ് സൂര്യനെ പ്രകാശമുള്ളതും ചന്ദ്രനെ ശോഭയുള്ളതുമാക്കിയതും അതിന്‍റെ വൃദ്ധി-ക്ഷയസ്ഥാനങ്ങളെ കൃത്യമായി നിര്‍ണ്ണയിച്ചുവെച്ചതും, നിങ്ങള്‍ വര്‍ഷങ്ങളുടെയും തീയ്യതികളുടെയും കണക്ക് അറിയുന്നതിനുവേണ്ടി, അല്ലാഹു അതൊക്കെയും ലക്ഷ്യത്തോടുകൂടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല, അവന്‍ അവന്‍റെ സൂക്തങ്ങള്‍ അറിവുള്ള ജനതക്കുവേണ്ടി വ്യക്തമായി വിശദീകരിക്കുകയാണ്. നിശ്ചയം രാവും പകലും മാറി വരുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ള സകലവസ്തുക്കളിലും സൂക്ഷ്മാലുക്കളായ ജനതക്ക് ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട് എന്നും 31: 29-31 സൂക്തങ്ങളില്‍, നീ കണ്ടില്ലേ, നിശ്ചയം അല്ലാഹു രാത്രിയെ പകലില്‍ ലയിപ്പിക്കുന്നതും പകലിനെ രാത്രിയില്‍ ലയിപ്പിക്കുന്നതും, അവന്‍ സൂര്യനെയും ചന്ദ്രനെയും വിധേയമാക്കിയിരിക്കുന്നു, എല്ലാ ഒന്നും നിര്‍ണ്ണിതമായ ഒരു അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനുമാകുന്നു. അത്; നിശ്ചയം അല്ലാഹു, അവന്‍ മാത്രമാണ് സത്യം, നിശ്ചയം അവനെക്കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം മിഥ്യയുമാണ്; നിശ്ചയം അല്ലാഹു, അവന്‍ തന്നെയാണ് വലിയവനായ അത്യുന്നതന്‍. നിശ്ചയം, അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് നിങ്ങളെ കാണിക്കുന്നതിനുവേണ്ടി അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ കപ്പല്‍ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് നീ കണ്ടില്ലേ, നിശ്ചയം അതില്‍ എല്ലാഓരോ ക്ഷമാലുവായ നന്ദി പ്രകടിപ്പിക്കുന്നവനും പാഠങ്ങള്‍ തന്നെയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.

ഇരുമ്പ് വെള്ളത്തില്‍ താഴ്ന്ന് പോകുമെങ്കിലും ഇരുമ്പുകൊണ്ടുള്ള കപ്പലിനെ വെള്ളത്തിന്‍റെ മുകളിലൂടെ സഞ്ചരിപ്പിക്കാനുള്ള മാര്‍ഗവും അറിവും അല്ലാഹു മനുഷ്യരെ പഠിപ്പിക്കുകയുണ്ടായി. യാത്രക്കും മത്സ്യബന്ധനത്തിനും ഏറ്റവും ഭാരം കൂടിയ ചരക്കുകള്‍ കടത്തുന്നതിനും യുദ്ധാവശ്യങ്ങള്‍ക്കും ഇന്ന് മനുഷ്യന്‍ കപ്പലുകള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. വെള്ളമില്ലാതെ വരണ്ട് വിണ്ടുകീറിയ ഭൂമിയിലേക്ക് മഴ വര്‍ഷിക്കുന്നതോടുകൂടി അത് വികസിക്കുകയും സ്ഫുടിക്കുകയും തുടിക്കുകയും ചെയ്യുന്നു. വിത്തുകളും കളകളും മുളച്ചുവരികയും അവ പുഷ്പിക്കുകയും വണ്ട്, തേനീച്ച, ഉറുമ്പ്, ഉറുമ്പുതീനി തുടങ്ങി എല്ലാ ജീവജാലങ്ങളും അതോടുകൂടി വളരുകയും ഒരുമിച്ചുകൂടുകയും ചെയ്യുന്നു. മരിച്ച ആളുകളെ അല്ലാഹു പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതിനുള്ള ഒരു ഉപമയാണ് ഇത്. 17: 66; 41: 39 വിശദീകരണം നോക്കുക.

നമ്മുടെ വീടുകളിലെ ഒരു മുറിയിലുള്ള ജീവജാലങ്ങളെക്കുറിച്ചുള്ള അറിവുതന്നെ നമുക്ക് പരിമിതമാണ്. 6: 38 ല്‍ വിവരിച്ച പ്രകാരം 'ലോകത്തുള്ള 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ മനുഷ്യരടക്കമുള്ള 400 സമുദായം കരയിലാണ് ജീവിക്കുന്നതെങ്കില്‍ 600 സമുദായം ജലത്തിലാണ് ജീവിക്കുന്നത്.' 17: 44; 24: 41 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവക്കെല്ലാം ആത്മാവുകൊണ്ട് നാഥനെ നമസ്കരിക്കാനും വാഴ്ത്താനും പരിശുദ്ധപ്പെടുത്താനുമുള്ള രീതി നാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. 16: 49; 22: 18 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോ ജീവിയും നാഥന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം നടത്തുന്നുണ്ട്. അതുകൊണ്ട് ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ് എല്ലാ ജീവികള്‍ക്കും നാഥനെ വാഴ്ത്താനും പരിശുദ്ധപ്പെടുത്താനുമുള്ള അവസരം പ്രപഞ്ചത്തില്‍ ഒരുക്കിക്കൊടുക്കുക എന്നത്. എന്നാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുന്നതിനാലും തള്ളിപ്പറയുന്നതിനാലും പ്രസ്തുത ഉത്തരവാദിത്തം നിറവേറ്റാത്തവരാണ്. അതുകൊണ്ട് ഏതൊരു ജീവി ഏതുതരത്തിലുള്ള ദുരിതമോ പീഡനമോ ജീവിതഭാരമോ വഹിക്കുന്നുണ്ടെങ്കിലും അതിന്‍റെയെല്ലാം പാപ ഭാരം വഹിച്ച് 6: 26; 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളാണ് നരകക്കുണ്ഠത്തില്‍ പോകേണ്ടിവരിക. 

ഓരോ പ്രദേശത്ത് ജീവിക്കുന്ന ജീവികളെയും അതിന് അനുകൂലമായ ശരീരഘടനയോടുകൂടിയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തിലെ ഓന്തും ആഫ്രിക്കയിലുള്ള ഓന്തും ശരീരഘടനയിലും മറ്റും വ്യത്യാസം പുലര്‍ത്തുന്നതായി കാണാം. ഈ ജീവജാലങ്ങളുടെയെല്ലാം സൃഷ്ടിപ്പിലൂടെ സ്രഷ്ടാവിന്‍റെ സൃഷ്ടിവൈഭവത്തെ കണ്ടെത്തുകയും അവനെ വാഴ്ത്തുകയും ചെയ്യുന്നവരാണ് ചിന്താശക്തി ഉപയോഗപ്പെടുത്തുന്ന ബുദ്ധിമാന്മാര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യത്തെക്കുറിച്ച് (നിയന്ത്രണത്തെക്കുറിച്ച്) ഇക്കൂട്ടര്‍ ഒരിക്കലും ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഒരു വസ്തുവിനെയും ഇവര്‍ കണ്ണുതുറന്ന് നോക്കിയിട്ടില്ലേ? തങ്ങളുടെ ജീവിതാവധി അവസാനിക്കാറായി എന്ന് അവര്‍ ഒരിക്കലും ആലോചിച്ചിട്ടില്ലേ? അപ്പോള്‍ നാഥന്‍റെ സംസാരത്തിനു ശേഷം വേറെ ഏതൊരു സംസാരത്തിലാണ് ഫുജ്ജാറുകള്‍ വിശ്വസിക്കാന്‍ പോകുന്നത് എന്ന് 7: 185 ല്‍ ചോദിക്കുന്നു. 88: 17 ല്‍, അവര്‍ ഒട്ടകത്തിലേക്ക് അത് എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് നോക്കിയിട്ടില്ലേ എന്ന് ചോദിക്കുന്നതിനുള്ള മറുപടി: നീ പരിശുദ്ധനാണ് നാഥാ! എന്നാണ്. അതായത് ആ ഒട്ടകത്തിന്‍റെ സൃഷ്ടിവൈഭവത്തിലൂടെ അതിന്‍റെ സ്രഷ്ടാവിനെ ഞാന്‍ ആത്മാവുകൊണ്ട് കണ്ടു, നീ ഉപമയില്ലാത്ത ഉദാഹരണമില്ലാത്ത എല്ലാറ്റിനും കഴിവുള്ള പരിശുദ്ധനാണ്, നിന്‍റെ സൃഷ്ടിവൈഭവം അപാരം തന്നെ എന്നാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പും അവകളില്‍ പരത്തിയിട്ടിരിക്കുന്ന എല്ലാ ജീവജാലങ്ങളും അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവില്‍ പെട്ടതാണെന്ന് 42: 29 ല്‍ പറഞ്ഞിട്ടുണ്ട്. 

മഴ വര്‍ഷിപ്പിക്കുന്നതിന് മുന്നോടിയായി സന്തോഷവാര്‍ത്ത അറിയിക്കുന്ന മന്ദമാരുതന്‍, നാശം വിതയ്ക്കുന്ന കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, മണല്‍ക്കാറ്റ്, വരണ്ട തീക്കാറ്റ്, തണുത്ത കാറ്റ് തുടങ്ങി കാറ്റുകള്‍ പലവിധമുണ്ട്. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും കപ്പലോടിക്കുന്നതിനും ദിശ നിശ്ചയിക്കുന്നതിനും ഇന്നും കാറ്റിനെ ഉപയോഗപ്പെടുത്തുന്നു. കാറ്റിലൂടെ പരാഗണം നടക്കുന്നതായി 15: 22 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആദം ദമ്പതികളെ ശരീരത്തോടുകൂടി കാറ്റിന്‍റെ താളാത്മകതയിലാണ് അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറക്കിയത്. 19: 56-57 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇദ്രീസ് നബിയെ നാലാം ആകാശത്തേക്കും, 4: 157-158 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാ നബിയെ രണ്ടാം ആകാശത്തേക്കും, അല്ലാഹു ചുഴലിക്കാറ്റ് മുഖേനയാണ് ശരീരത്തോടുകൂടി ഉയര്‍ത്തിയത്. 2: 259 ല്‍ വിവരിച്ച പ്രകാരം നൂറ് കൊല്ലം മരിപ്പിച്ച് കിടത്തിയശേഷം പുനര്‍ജ്ജീവിപ്പിക്കപ്പെട്ട ഉസൈറിന് മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുന്നതിനുവേണ്ടി എല്ലും മുള്ളുമായി ഭൂമിയില്‍ ലയിച്ചുചേര്‍ന്ന അദ്ദേഹത്തിന്‍റെ വാഹനമായി ഉപയോഗിച്ചിരുന്ന കഴുതയെ ഒരു കാറ്റിന്‍റെ താളാത്മകതയില്‍ അല്ലാഹു ജീവിപ്പിച്ച് കാണിച്ചുകൊടുക്കുകയുണ്ടായി. ആദ് സമുദായത്തെ ജലാംശമില്ലാത്ത വന്ധ്യമായ കാറ്റ് മുഖേനയാണ് നശിപ്പിച്ചത്. ആ കാറ്റ് അവരുടെ ശരീരത്തിലുള്ള ജലാംശം മുഴുവനും വലിച്ചെടുത്ത് അവരെ നശിപ്പിക്കുകയാണുണ്ടായത്. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിന്ന അത്യുഗ്രമായ കാറ്റിനാല്‍ കടപുഴകിയ ഈത്തപ്പനത്തടികള്‍ പോലെ അവര്‍ വീണ് കിടക്കുന്നതായി നിനക്ക് കാണാം എന്ന് 41: 15-16; 69: 6-8 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വായുസഞ്ചാരം നിന്നുകഴിഞ്ഞാല്‍ മനുഷ്യരും ജീവജാലങ്ങളുമെല്ലാം കൊത്തിച്ചമച്ച മരപ്പാവകള്‍ പോലെ ചലനരഹിതരായിത്തീരുന്നതാണ്. മക്കയില്‍ നിന്ന് മീനായിലേക്കുള്ള തുരങ്കത്തില്‍ വൈദ്യുതി തകരാറുമൂലം വായുസഞ്ചാരം നിലച്ചതുകൊണ്ട് ഹജ്ജ് കാലത്ത് ആയിരത്തിലേറെ ഹാജിമാര്‍ മരിച്ചത് അടുത്ത കാലത്തുണ്ടായ സംഭവമാണല്ലോ? 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ അവസാനത്തേതായ യമനില്‍ നിന്ന് പുറപ്പെടുന്ന തീക്കാറ്റാണ് ജനങ്ങളെ പരലോകത്തേക്ക് നയിക്കുക എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

ഭൂമിയിലുള്ള പര്‍വ്വതങ്ങളെപ്പോലെ മേഘങ്ങളിലും പര്‍വ്വതങ്ങളുണ്ടെന്ന് 24: 43 ല്‍ പറഞ്ഞ കാര്യം മനസ്സിലാക്കാനായത് വിമാനം കണ്ടുപിടിച്ചതിനുശേഷം മാത്രമാണ്. മേഘങ്ങളെ അല്ലാഹു കാറ്റിനാല്‍ അവന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് നയിച്ച് മഴയായി വര്‍ഷിപ്പിക്കുന്നു. മേഘങ്ങളെ ഘനീഭവിപ്പിച്ച് വലിയ ഐസുകട്ടകളാക്കി മാറ്റി അത് വീഴ്ത്തി ശിക്ഷിക്കാനും കഴിയുന്ന അല്ലാഹുവിനെക്കുറിച്ച് നിങ്ങള്‍ നിര്‍ഭയരായി ഇരിക്കരുത് എന്നാണ് 'ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയായി സംവിധാനിച്ച മേഘങ്ങളുണ്ട്' എന്ന് പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. 

എല്ലാ വസ്തുക്കളെയും കുറ്റമറ്റതായിട്ടാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ചിന്തിക്കുന്ന ജനതക്ക് ധാരാളം പാഠങ്ങളുണ്ട് എന്ന് പറഞ്ഞതിന്‍റെ പൊരുള്‍ ഈ പ്രപഞ്ചത്തെക്കുറിച്ചും അതിലെ പ്രതിഭാസങ്ങളെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്ക് ത്രികാലജ്ഞാനമായ ഗ്രന്ഥം സമര്‍പ്പിക്കുന്ന നാഥന്‍ ഏകനാണെന്നും അവനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്നും ബോധ്യം വരുന്നതാണ്. അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തിയാല്‍ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും ഉടമയും ഏകനായ അല്ലാഹുവാണെന്നും അവന്‍റെ അധികാരാവകാശങ്ങളില്‍ അവന് സമന്മാരോ ഇടയാളന്മാരോ ശുപാര്‍ശക്കാരോ പങ്കുകാരോ മക്കളോ ഇല്ല എന്നും അവനെപ്പോലെ ഒരാളോ ഒരു വസ്തുവോ ഇല്ല എന്നും കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ സംസാരവൈഭവമുണ്ടായിട്ടും നാഥന്‍റ സംസാരമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് ലോകരോട് പറയാത്ത കപടവിശ്വാസികളും കേള്‍വിശക്തിയുണ്ടായിട്ട് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാവാത്ത ബധിരരും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും തിന്മയേറിയവരും വഴിപിഴച്ചവരുമാണ് എന്നാണ് 8: 22; 25: 34; 98: 6 സൂക്തങ്ങളില്‍ നാഥന്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. 2: 6-7, 44; 7: 40; 9: 67-68; 39: 29-31; 48: 6 വിശദീകരണം നോക്കുക.