( അൽ മാഇദ ) 5 : 49

وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ ۖ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ

അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് നീ അവര്‍ക്കിടയില്‍ വിധി നടത്തുകയും ചെയ്യുക, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നീ പിന്‍പറ്റുകയുമരുത്, അല്ലാഹു നിന്നി ലേക്ക് അവതരിപ്പിച്ച് തന്നിട്ടുള്ള ചിലതില്‍ അവര്‍ നിന്നെ നാശത്തില്‍ അകപ്പെടുത്തുന്നതിനെത്തൊട്ട് നീ ജാഗ്രത പാലിക്കുകയും ചെയ്യുക, അങ്ങനെ അവര്‍ പിന്തിരിഞ്ഞ് പോവുകയാണെങ്കില്‍ അപ്പോള്‍ നീ അറിഞ്ഞിരിക്കുക, നിശ്ചയം അവരുടെ ചില പാപങ്ങളുടെ ഫലം അവരെ ബാധിപ്പിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, നിശ്ചയം ജനങ്ങളില്‍ അധികപേരും തെമ്മാടികള്‍ തന്നെയുമാകുന്നു.

പ്രവാചകനും വിശ്വാസികളും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാന്‍ കല്‍പിക്കപ്പെട്ടവരും അങ്ങനെ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍, അദ്ദിക്റിനെത്തൊട്ട് വിരോധം വെച്ച് തര്‍ക്കിക്കുന്ന അല്ലാഹുവിന്‍റെ ശത്രുക്കളും തെമ്മാടികളുമായ കപടവിശ്വാസികള്‍ അവരുടെ ദേഹേച്ഛകളാണ് പിന്‍പറ്റുക. 17: 73-75 സൂക്തങ്ങളില്‍, അവര്‍ക്ക് സാധിക്കുമായിരുന്നുവെങ്കില്‍ നാം നിനക്ക് ദിവ്യസന്ദേശമായി നല്‍കിയതില്‍ നമ്മുടെമേല്‍ അതല്ലാത്തത് കെട്ടിച്ചമച്ച് പറയിപ്പിച്ച് നിന്നെ അവര്‍ നാശത്തില്‍ അകപ്പെടുത്താന്‍ ശ്രമിക്കുക തന്നെ ചെയ്യുമായിരുന്നു, അങ്ങനെയായാല്‍ അവര്‍ നിന്നെ ആത്മമിത്രമായി തെരഞ്ഞെടുക്കുമായിരുന്നു; നിന്നെ നാം ഉറപ്പിച്ച് നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ നീ അല്‍പസ്വല്‍പം അവരിലേക്ക് ചായുക തന്നെ ചെയ്യുമായിരുന്നു, അങ്ങനെയായാല്‍ നാം നിന്നെ ഇഹത്തില്‍ ഇരട്ടിശിക്ഷയും മരണശേഷം ഇരട്ടിശിക്ഷയും രുചിപ്പിക്കുക തന്നെ ചെയ്യും, പിന്നെ നമ്മുടെ മേല്‍ നീ ഒരു സഹായിയെയും എത്തിക്കുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 39: 69, 75 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് അവന്‍റെ സൃഷ്ടികള്‍ക്കിടയില്‍ വിധി കല്‍പിക്കുക. വിശ്വാസി അവന്‍റെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് ഇവിടെ വെച്ച് വിധി കല്‍പിക്കുന്നവനായതിനാല്‍ വിധിദിവസം അദ്ദിക്ര്‍ അവന് അനുകൂലമായി വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്യുന്നതാണ്. 

9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്നവരുമാണ്. നാഥന്‍റെ ശാപവും കോപവും വര്‍ഷിച്ചിട്ടുള്ള തെമ്മാടികളായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ആശയം ഘട്ടം ഘട്ടമായി ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന മുറക്ക് തന്‍റെ ജീവിത ശൈലി തിരുത്താനും ജീവിതത്തില്‍ മുന്‍പ് ചെയ്തുപോയ പ്രായശ്ചിത്തം ചെയ്യേണ്ട തെറ്റുകുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും സ്വമേധയാ തയ്യാറാകാത്തവരാണ് ഗ്രന്ഥത്തിന്‍റെ ആശയത്തില്‍ നിന്ന് പിന്തിരിഞ്ഞുപോകുന്ന കപടവിശ്വാസികള്‍. മുമ്പ് അവരുടെ കൈകള്‍ പ്രവര്‍ത്തിച്ച ചില ദുഷ്പ്രവൃര്‍ത്തികളുടെ അനന്തരഫലം അവരെ ബാധിപ്പിക്കുന്നതിന് വേണ്ടിയാണ് അത് എന്നാണ് സൂക്തം പറയുന്നത്. 'ജനങ്ങളില്‍ അധികപേരും തെമ്മാടികളാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്ന് അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്തവരും സ്വന്തത്തെ ശുദ്ധീകരിക്കാത്തവരുമായ എല്ലാ ഫുജ്ജാറുകളും തെമ്മാടികളും മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളുമാണ് എന്നാണ്. തെമ്മാടികളുടെമേല്‍ നിശ്ചയം! അവര്‍ ഇനി വിശ്വാസികളാവുകയില്ല എന്ന നിന്‍റെ നാഥന്‍റെ വചനം ബാധകമായിരിക്കുന്നു എന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. 2: 159-161; 4: 118, 145; 32: 18; 47: 25-26 വിശദീകരണം നോക്കുക.