( അൽ അഅ്റാഫ് ) 7 : 176

وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِنْ تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثْ ۚ ذَٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നാം അവനെ സൂക്തങ്ങള്‍ കൊണ്ട് ഉയര്‍ത്തുമായിരുന്നു, പക്ഷേ അവന്‍ ഭൂമിയിലേക്ക് ഒട്ടിക്കളയുകയും അവന്‍റെ ദേഹേച്ഛ പിന്‍പറ്റുകയും ചെയ്തു, അപ്പോള്‍ അവന്‍റെ ഉപമ നായയെപ്പോലെയാണ്, നീ അതിനെ ദ്രോഹിച്ചാലും കിതച്ച് നാക്ക് നീട്ടിക്കൊണ്ടിരിക്കും,അല്ലെങ്കില്‍ നീ അതിനെ വെറുതെ വിട്ടാലും അത് കിതച്ച് നാക്ക് നീട്ടിക്കൊണ്ടിരിക്കും, അതാണ് നമ്മുടെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവ രായ ഒരു ജനതയുടെ ഉപമ, അതുകൊണ്ട് നീ വഴിക്കുവഴിയായി ഇത്തരം സൂ ക്തങ്ങള്‍ അവരെ കേള്‍പ്പിക്കുക, അവര്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നവര്‍ ആകുന്നതിനുവേണ്ടി.

2: 256 ല്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ ആരാണോ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. എന്നാല്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട തെമ്മാടികളായ കപടവിശ്വാസികള്‍ ആത്മാവില്ലാതെ ജീവന്‍ മാത്രം ഉള്ളവരായതിനാല്‍ ദേഹേച്ഛക്കും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. 2: 24; 3: 21-22 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള ഇന്ധനമായ, ചുമരില്‍ ചാരിവെച്ച വിറകുകൊള്ളികളെപ്പോലെയുള്ള അവര്‍ സംസാരിക്കുന്നത് അനുയായികള്‍ക്ക് വളരെ ആകര്‍ഷകമായി തോന്നും. കളവ് മാത്രം പറയുന്ന നേതാക്കളായ കപടവിശ്വാസികളെയും അവരുടെ അനുയായികളായ ഫാജിറുകളെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് സൂക്തത്തില്‍ ഉപമിച്ചിരിക്കുന്നത്. 62: 5 ല്‍, അല്ലാഹുവിന്‍റെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറയുന്ന ജനതയെ കഴുതയോട് ഉപമിച്ച ശേഷം സൂക്തം അവസാനിക്കന്നത് 'ഇത്തരം അക്രമികളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. 

1: 7 ല്‍ വിവരിച്ച പ്രകാരം 'അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളുമായ 1000 ത്തില്‍ 999 ഫുജ്ജാറുകളുടെ ജീവിതരീതി അല്ല; മറിച്ച് നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതി പിന്‍പറ്റാന്‍ എന്നെ അനുഗ്രഹിക്കേണമേ' എന്നാണ് വിശ്വാസി മനസാ വാചാ കര്‍മണാ പ്രാര്‍ത്ഥിക്കുക. നാഥനെ കണ്ടുകൊണ്ട് ചരിക്കുന്ന വിശ്വാസിയാകാത്ത ഫുജ്ജാറുകളോട് അവരുടെ മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്നാണ് പറയുക എന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 14: 2-3 സൂക്തങ്ങളില്‍, ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, കാഫിറുകള്‍ക്ക് അതികഠിനമായ ശിക്ഷയില്‍ നിന്നുള്ള 'വൈല്‍' ആണുള്ളത്. പരലോകത്തിനുമേല്‍ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നവരും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുകയും അതിനെ വക്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് അവര്‍, അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 

എല്ലാ പ്രവാചകന്മാര്‍ക്കും സത്യമായ അദ്ദിക്ര്‍ തന്നെയാണ് നല്‍കിയിട്ടുള്ളത് എന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് നല്‍കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നും അത് അവതരിപ്പിക്കപ്പെട്ടത് മനുഷ്യര്‍ക്ക് എന്തൊന്നാണോ നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത്, അത് പ്രവാചകന്‍ അവര്‍ക്ക് വെളിവാക്കുന്നതിനും അവര്‍ ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിനും വേണ്ടിയാണ് എന്ന് 16: 44 ല്‍ പറഞ്ഞിട്ടുണ്ട്. വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ ഒരു മലയുടെ മുകളിലാണ് ഇറക്കപ്പെട്ടിരുന്നത് എങ്കില്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ മല പൊട്ടിപ്പിളര്‍ന്ന് തരിപ്പണമാകുമായിരുന്നു; ഇത്തരം ഉദാഹരണങ്ങള്‍ മനുഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുന്നത് അവര്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ് എന്ന് 59: 21 ല്‍ പറഞ്ഞിട്ടുണ്ട്. 4: 63, 82, 91; 7: 40-41, 146-147 വിശദീകരണം നോക്കുക.