( അല്‍ ബഖറ ) 2 : 194

الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ ۚ فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ

യുദ്ധം നിഷിദ്ധമായ മാസത്തിന് പകരം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസം തന്നെ, പവിത്രമായ കാര്യങ്ങള്‍ക്കുപകരം തത്തുല്യമായവ തന്നെ, അപ്പോള്‍ നിങ്ങളുടെ മേല്‍ അതിക്രമം കാണിച്ചവനോട് തത്തുല്യമായി നിങ്ങളും അതിക്രമം കാണിച്ചുകൊള്ളുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിശ്ചയം അല്ലാഹു സൂക്ഷ്മാലുക്കളോടൊപ്പമാകുന്നു എന്ന് നിങ്ങള്‍ അറിയുകയും ചെയ്യുക.

ഹിജ്റ വര്‍ഷത്തിലെ ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹറം എന്നീ മൂന്നുമാസങ്ങള്‍ ഹ ജ്ജിനുവേണ്ടിയും റജബ് മാസം ഉംറക്കുവേണ്ടിയും യുദ്ധം നിഷിദ്ധമായ മാസങ്ങളായി ഇബ്റാഹീം നബിയുടെ കാലം മുതല്‍ ആചരിച്ചുവന്നിരുന്നെങ്കിലും കാലക്രമേണ ഇബ്റാഹീം-ഇസ്മാഈല്‍ നബിമാരുടെ വഴിപിഴച്ചുപോയ സന്തതിപരമ്പരകളായ മക്കാമുശ്രിക്കുകള്‍ അവരുടെ ഇംഗിതങ്ങളനുസരിച്ച് മാസങ്ങളും ദിവസങ്ങളുമെല്ലാം മാറ്റിമറിച്ച് യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ യുദ്ധം ചെയ്യുകയും കൊള്ള, കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. യുദ്ധം നിഷിദ്ധമായ മാസങ്ങളുടെ പവിത്രത ലംഘിച്ചുകൊണ്ട് മക്കാമുശ്രിക്കുകള്‍ യുദ്ധം ചെയ്യാന്‍ വരികയാണെങ്കില്‍ വിശ്വാസികള്‍ക്ക് അവര്‍ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ടതാണ് ഈ സൂക്തം. 

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ ഒന്നും തന്നെയില്ല. മറിച്ച് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യേ എത്തിച്ചുകൊടുക്കുക വഴി ഒരാള്‍ക്കും അവന്‍ ഏത് നാട്ടില്‍ ഏത് കുടുംബത്തില്‍ ഏത് ഗോത്രത്തില്‍ ഏത് ജാതിയില്‍ ഏത് മാതാപിതാക്കളില്‍ ഏത് മതത്തില്‍ ജനിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അധികാരമോ അവകാശമോ ഇല്ല എന്നും അതുകൊണ്ട് തന്നെ അവയുടെ പേരിലുള്ള ശത്രുതയും വിദ്വേഷവും വിവേചനവുമെല്ലാം ഒഴിവാക്കി മാനുഷികഐക്യം രൂപപ്പെടുത്തുക എന്നത് മനുഷ്യന്‍റെ ബാധ്യതയാണ് എന്നും ഉണര്‍ത്തേണ്ടതാണ്. എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്റിനെ ആരാണോ മുറുകെപ്പിടിക്കുന്നത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 4: 174-175; 5: 48 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 7-10 ല്‍ വിവരിച്ച പ്രകാരം ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവരാണ്. 2: 2 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സന്മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നവരാണ് സൂക്ഷ്മാലുക്കള്‍. 2: 3, 216-217; 5: 2, 97; 9: 36-37 വിശദീകരണം നോക്കുക.