وَأَنْفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക, നിങ്ങളുടെ കൈകള്‍ കൊണ്ട് നിങ്ങളെ നാശത്തിലേക്ക് വലിച്ചെറിയാതിരിക്കുകയും ചെയ്യുക, നിങ്ങള്‍ അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരുമാകുവീന്, നിശ്ചയം അല്ലാഹു അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാകുന്നു.
അല്ലാഹുവിന്റെ മാര്‍ഗം 1: 5; 4: 68; 6: 126, 153 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ 'നേരെച്ചൊവ്വെയുള്ള പാത'യായ അദ്ദിക്ര്‍ തന്നെയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിന് യുദ്ധസാമഗ്രികളും വാഹനങ്ങളും മറ്റും വാങ്ങുന്നതിനുവേണ്ടി പണം ചെലവഴിക്കണമെന്നും അങ്ങനെ പണം ചെലവഴിക്കാതെ പിശുക്ക് കാണിച്ചാല്‍ യുദ്ധത്തില്‍ ശത്രുക്കള്‍ നിങ്ങളെ അതിജയിക്കുമെന്നും അങ്ങനെ നിങ്ങള്‍ നിങ്ങളുടെ കരങ്ങളാല്‍ തന്നെ നശിക്കാനിടവരുമെന്നുമാണ് അന്ന് വിശ്വാസികളെ ഉണര്‍ത്തുന്നത്. ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത് കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക വഴി അവര്‍ തിന്മ കല്പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ചവരും അതിനാല്‍ നാഥനാല്‍ വിസ്മരിക്കപ്പെട്ടവരും കൈകള്‍ ചുരുട്ടുന്ന പിശുക്കന്മാരുമാണ്. ശപിക്കപ്പെട്ട, കോപിക്കപ്പെട്ട, തെമ്മാടികളായ അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകക്കുണ്ഠാഗ്നിയുമാണ്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്റെ പ്രകാശത്തില്‍ ഇവിടെ ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 34 ലും, അവരില്‍ ഏതൊരാളുടെയും മരണസമയത്ത് നാഥന് 'നീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്.
64: 16 ല്‍, അപ്പോള്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുക, നിങ്ങള്‍ അനുസരിക്കുകയും നിങ്ങളുടെ ആത്മാവിനുവേണ്ടി ഉത്തമമായിട്ടുള്ളത് ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുക, ആരാണോ തന്റെ ആത്മാവിന്റെ കുടുസ്സില് നിന്ന് മോചിതനാക്കപ്പെട്ടത്, അപ്പോള്‍ അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവരാവുക എന്ന് പറഞ്ഞിട്ടുണ്ട്. നിശ്ചയം അല്ലാഹു അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് 5: 13 ഉം അവസാനിക്കുന്നത്. അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുക എന്നാല്‍ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്റെ വെളിച്ചത്തില്‍ ജീവിക്കുക എന്നാണ്. 4: 37-38; 6: 26; 10: 26 വിശദീകരണം നോക്കുക.