( അല്‍ ബഖറ ) 2 : 3

الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ

അദൃശ്യങ്ങളില്‍ വിശ്വസിക്കുന്നവരും നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവരും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമാണ് അവര്‍.

പ്രവാചകന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല എന്നതിനാല്‍ അന്ന് വിശ്വാസിയാകാനുള്ള ഏകവഴി പ്രവാചകനെ പിന്‍പറ്റുക എന്നത് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടതിനാല്‍ 10: 100 ല്‍ പറഞ്ഞ പ്രകാരം നാഥന്‍റെ സമ്മതപത്രമായ അത് കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. പ്രവാചകന്‍ അനുയായികളോട് ചോദിച്ചു: ആരാണ് ഏറ്റവും ഉത്തമന്മാര്‍? അവര്‍ പറഞ്ഞു: ഞങ്ങള്‍ തന്നെയായിരിക്കും, ഞങ്ങള്‍ താങ്കളെ പിന്‍പറ്റുകയും താങ്കളോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്നുവല്ലോ; പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്ക് എന്തുപറ്റി? ഞാന്‍ നിങ്ങളിലുണ്ടാവുകയും എനിക്ക് ദിവ്യസന്ദേശം ലഭിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ. അപ്പോള്‍ അവര്‍ ചോദിച്ചു: മലക്കുകളായിരിക്കുമോ? പ്രവാചകന്‍ പറഞ്ഞു: 'മലക്കുകളോ? അവര്‍ കുറ്റം ചെയ്യാത്തവരും അല്ലാഹുവിന്‍റെ സമീപസ്ഥരുമല്ലെയോ?' 'പിന്നെ മറ്റു നബിമാരായിരിക്കുമോ പ്രവാചകരേ?' പ്രവാചകന്‍ പറഞ്ഞു: 'അവര്‍ ദിവ്യബോധനം ലഭിക്കുന്നവരല്ലേ'. 'പിന്നെ ആരാണവര്‍?' 'നിങ്ങള്‍ക്കുശേഷം രണ്ട് ചട്ട (ലൗഹ്)യുടെ ഇടയിലുള്ള ഗ്രന്ഥത്തില്‍ നിന്ന് എന്നെ കണ്ട് പിന്‍പറ്റി ജീവിക്കുന്നവരാണവര്‍' എന്ന് പ്രവാചകന്‍ മറുപടി പറഞ്ഞു. 36: 11 ല്‍, നിശ്ചയം നിഷ്പക്ഷവാനെ കാണാതെ കണ്ട് (അദ്ദിക്റില്‍ നിന്ന് കണ്ട്) ഭയപ്പെടുന്നവരെയും അദ്ദിക്ര്‍ പിന്‍പറ്റുന്നവരെയും മാത്രമേ നീ ഉണര്‍ത്തുകയുള്ളൂ, അപ്പോള്‍ അവന് പാപമോചനവും മാന്യമായ പ്രതിഫലവും കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് പറഞ്ഞിട്ടുണ്ട്.

അദൃശ്യങ്ങള്‍(ഗ്വൈബ്):-ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റില്‍ മുമ്പ് കഴിഞ്ഞതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാന്‍ പോകുന്നതുമായ എല്ലാഓരോ കാര്യവും ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം രൂപപ്പെടുത്താന്‍ സാധിക്കുക അദ്ദിക്ര്‍ കൊണ്ട് മാത്രമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഗ്രന്ഥം സമര്‍പ്പിക്കുന്നവിധം പരലോകം കൊണ്ട് വിശ്വാസമില്ലാത്തവരാണ്. 6: 104 ല്‍ പറഞ്ഞ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പുരുഷനാകട്ടെ സ്ത്രീയാകട്ടെ ഏതൊരാള്‍ക്കും പ്രപഞ്ചനാഥനേയും പ്രവാചകന്മാരേയും മലക്കുകളേയും പിശാചിനേയുമെല്ലാം പരിചയപ്പെടാവുന്നതാണ്. കൂടാതെ മനുഷ്യന്‍റെ ഏഴ് ഘട്ടങ്ങള്‍, ഓരോരുത്തരെയും ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം, മരണസമയത്തുള്ള ആത്മാവിന്‍റെ അവസ്ഥ, ഖബര്‍ ജീവിതത്തിന്‍റെ അവസ്ഥ, പുനര്‍ജന്മം, പരലോകം, വിചാരണാ രംഗം, സ്വര്‍ഗം, സ്വര്‍ഗത്തിലെ അനുഭൂതികള്‍, സ്വര്‍ഗവാസികളുടെ രൂപം, സ്വര്‍ഗവാസികള്‍ക്ക് ഇല്ലാത്ത അവയവങ്ങള്‍ ഏതെല്ലാമാണ്, സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനി ഏതാണ്, നരകക്കുണ്ഠം, നരകക്കുണ്ഠത്തിലെ ശിക്ഷാ കഠോരങ്ങള്‍, പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന നരകവാസികളുടെ രൂപം തുടങ്ങി ആത്മാവുകൊണ്ട് കാണേണ്ട എല്ലാ രംഗങ്ങളും അവസ്ഥകളുമാണ് അദൃശ്യങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ഏതൊരാളും അറിവില്ലാത്ത ഏതൊരു കാര്യവും ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് 16: 44; 25: 59 സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് പ്രവാചകന്‍ മുഹമ്മദിനെ തങ്ങളുടെ സന്താനങ്ങളെ അറിയുന്നതിലുപരി അറിയുമെന്ന് 2: 146; 6: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി ഫുജ്ജാറുകള്‍ കാഫിറുകളും അക്രമികളും തെമ്മാടികളുമായി മാറിയിരിക്കുകയാണ്. 

ആത്മാവും ആത്മാവിന്‍റെ ഉടമയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നമസ്കാരം. ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍വേണ്ടി നീ നമസ്കാരം നിലനിര്‍ത്തുക എന്ന് 20: 14 ലും; നമസ്കാരം വിശ്വാസികള്‍ക്ക് മാത്രമുള്ള സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു ബാധ്യതയാണെന്ന് 4: 103 ലും പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'അപ്പോള്‍ നീ സത്യത്തെ സത്യപ്പെടുത്തിയിട്ടില്ല; അതുകൊണ്ട് തന്നെ നീ നമസ്കരിച്ചിട്ടുമില്ല, നീ അതിനെ തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞ് പോയി' എന്ന് പറയുമെന്ന് 75: 31-32 ല്‍ പറ ഞ്ഞിട്ടുണ്ട്. ലക്ഷ്യബോധമില്ലാതെ അറബി ഖുര്‍ആന്‍ വായിച്ച് പിശാചിനെ സേവിച്ചു കൊണ്ടിരിക്കുന്ന ഫുജ്ജാറുകളും കുഫ്ഫാറുകളുമായ ഭ്രാന്തന്മാരോട് പരലോകത്തുവെച്ച് 'എന്തൊന്നാണ് നിങ്ങളെ നരകക്കുണ്ഠത്തിന്‍റെ ഏഴ് കവാടങ്ങളിലൊന്നായ സഖറിലേക്ക് കടത്തിവിട്ടത്' എന്ന് സ്വര്‍ഗവാസികള്‍ ചോദിക്കുമ്പോള്‍, 'ഞങ്ങള്‍ നമസ്കരിക്കു ന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങള്‍ അഗതികളെ ഭക്ഷിപ്പിക്കുന്നവരുമായിരുന്നില്ല. ഞങ്ങള്‍ പരിഹസിക്കുന്നവരോടൊപ്പം പരിഹസിക്കുന്നവരുമായിരുന്നു. ഞങ്ങള്‍ വിധിദിവസത്തെ കളവാക്കി തള്ളിപ്പറയുന്നവര്‍ തന്നെയുമായിരുന്നു. ഞങ്ങള്‍ക്ക് ഉറപ്പ്-മരണം- വന്നെത്തുന്നത് വരെ' എന്ന് അവര്‍ മറുപടി പറയുമെന്ന് 74: 42-47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്ത കാഫിറുകളുടെ പ്രാര്‍ത്ഥനയോ ദാനധര്‍മ്മങ്ങളോ ഒന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്നും അവര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്നും 9: 53-55; 13: 14; 25: 65-66; 40: 50 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വര്‍ഗം പണിയുക അല്ലെങ്കില്‍ വാങ്ങുക എന്നതാണ് ജീവിതലക്ഷ്യം. അന്നേദിനം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദിക്കപ്പെടുകതന്നെ ചെയ്യും എന്ന് 102: 8 ല്‍ പറഞ്ഞിട്ടുണ്ട്. ഐശ്വര്യവാനായ നാഥനില്‍ നിന്നുള്ള അദ്ദിക്ര്‍ ആണ് ഏറ്റവും വലിയ അനുഗ്രഹം. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഗ്രന്ഥം മനഃപ്പാഠമാക്കിയവനാണ് എന്ന് പഠിപ്പിക്കുന്നതിനുപകരം ഗ്രന്ഥത്തിന്‍റെ ആശയം വഹിക്കുന്നവനാണ് എന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അറബി ഖുര്‍ആന്‍ വായിക്കുന്ന അക്രമികളായ ഫുജ്ജാറുകളെ ഭാരം വഹിക്കുന്ന കഴുതയോടാണ് 62: 5 ല്‍ ഉപമിച്ചിട്ടുള്ളത്. ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടതിനാലും ലോകത്ത് എവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാലും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 254; 5: 35-36; 9: 60 വിശദീകരണം നോക്കുക.