( അല്‍ ബഖറ ) 2 : 255

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

അല്ലാഹു, അവനല്ലാതെ ഇലാഹില്ല, അവന്‍ എന്നെന്നും നിലനില്‍ക്കുന്നവനും മറ്റുള്ളവയെ നിലനിര്‍ത്തുന്നവനുമാകുന്നു, മയക്കമോ ഉറക്കമോ അവനെ പിടികൂടുകയില്ല, ആകാശങ്ങളിലുള്ള എല്ലാഒന്നും ഭൂമിയിലുള്ള എല്ലാഒന്നും അവനുള്ളതാണ്, അവന്‍റെയടുക്കല്‍ അവന്‍റെ സമ്മതം കൂടാതെ ശുപാര്‍ശ ചെയ്യുന്നതിന് ആരുണ്ട്? അവരുടെ മുമ്പിലുള്ള എല്ലാഒന്നും അവരുടെ പിന്നിലുള്ള എല്ലാ ഒന്നും അവന്‍ അറിയുന്നു, അല്ലാഹു നല്‍കിയ അറിവില്‍നിന്ന് അവന്‍ ഉദ്ദേശിച്ചതല്ലാതെ ഒന്നും തന്നെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും സാധ്യമല്ല, അവന്‍റെ സിംഹാസനം ആകാശങ്ങളിലും ഭൂമിയിലും വിശാലമായി വ്യാപിച്ചുകിടക്കുകയാണ്, അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നുമില്ല, അവന്‍ അത്യുന്നതനായ മഹത്വമുടയവന്‍ തന്നെയുമാകുന്നു!

ആയത്തുല്‍ കുര്‍സിയ്യ് എന്നറിയപ്പെടുന്ന ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തമാണിത്. ഇതിന്‍റെ ആശയത്തില്‍ ഗ്രന്ഥത്തിന്‍റെ മൊത്തം ആശയം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് സാരം. അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷവും ഉറങ്ങാന്‍ കിടക്കുമ്പോഴും ഈ സൂക്തം 'വിര്‍ദ്' ആയി പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഗ്രന്ഥത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനാ സൂക്തങ്ങള്‍ക്കാണ് വിര്‍ദ് എന്നുപറയുന്നത്. നമസ്കാരത്തിനുശേഷം ആയത്തുല്‍ കുര്‍സിയ്യ് പ്രാര്‍ത്ഥിക്കാന്‍ ധൃതി കാണിക്കുന്നവര്‍ മരിക്കേണ്ട താമസം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

ഇലാഹ്:- കാണാതെ കണ്ട് ആരെ വിളിക്കാമോ, ആരോട് സഹായം തേടാമോ, ആരെ ഭയപ്പെടാമോ, ആരില്‍ ഭരമേല്‍പ്പിക്കാമോ അവനാണ് ഇലാഹ്, അവന്‍റെ മുമ്പില്‍ മാത്രമാണ് ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടതും. അവന്‍ അല്ലാഹു മാത്രമാകുന്നു. ഹയ്യ്:- ആദ്യവും അന്ത്യവുമില്ലാത്ത സ്വയം നിലനില്‍ക്കുന്നവന്‍. ഖയ്യൂം:- മറ്റുള്ളവയെയെല്ലാം സൃഷ്ടിച്ച് നിലനിര്‍ത്തുന്നവന്‍. അവന് മയക്കമോ ഉറക്കമോ ഒരിക്കലും പിടിപെടുന്നില്ല. മറ്റുള്ളവ ഉറങ്ങുമ്പോഴും മയങ്ങുമ്പോഴുമെല്ലാം ഉറങ്ങാതെ മയങ്ങാതെ എല്ലാം പതിയിരുന്ന് സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് അവന്‍. ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലുമുള്ള എല്ലാ ഒന്നും അവന്‍ സൃഷ്ടിച്ച് സംവിധാനിച്ചതും അവന്‍ നിലനിര്‍ത്തുന്നതും അവന്‍റെ ഉടമാധികാരത്തില്‍ മാത്രമുള്ളതുമാണ്.

ശുപാര്‍ശ മുഴുവനും അല്ലാഹുവിന്‍റെ പക്കലാണ് എന്ന് 39: 44 ലും; അവന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് സാക്ഷ്യം വഹിക്കുന്നവര്‍ക്കല്ലാതെ അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന ആര്‍ക്കും തന്നെ യാതൊരു ശുപാര്‍ശക്കും അധികാരമില്ല തന്നെ എന്ന് 43: 86 ലും പറഞ്ഞിട്ടുണ്ട്. അവന്‍റെയടുക്കല്‍ അവന്‍റെ സമ്മതം കൊണ്ടല്ലാതെ ശുപാര്‍ശ ചെയ്യാന്‍ ധൈര്യപ്പെടുന്നവര്‍ ആരുമില്ല, അതായത് സൃഷ്ടികള്‍ക്ക് അല്ലാഹുവിന്‍റെയടുക്കല്‍ അവന്‍റെ സമ്മതം കൂടാതെ സംസാരിക്കാനോ ശുപാര്‍ശ ചെയ്യാനോ അധികാരമില്ല, എന്നാല്‍ അദ്ദിക്ര്‍ അല്ലാഹുവിന്‍റെ തന്നെ സംസാരമായതിനാല്‍ അത് അല്ലാഹുവിനോട് സമ്മതം കൂടാതെ നേരിട്ടുതന്നെ ശുപാര്‍ശ ചെയ്യുകയും വാദിക്കുകയും ചെയ്യും. അതാണ്: നിങ്ങള്‍ ഗ്രന്ഥം വായിക്കുക, നിശ്ചയം അത് അന്ത്യനാളില്‍ അതിന്‍റെ സഹവാസികള്‍ക്ക് ശുപാര്‍ശകനായി വരുന്നതാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ വിവക്ഷ. എന്നാല്‍ വായന ഹൃദയം ബന്ധപ്പെടുമ്പോള്‍ മാത്രമേ പാടുള്ളൂ; കാരണം, ഗ്രന്ഥം നിനക്ക് അനുകൂലമായി വാദിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യും, അല്ലെങ്കില്‍ നിനക്കെതിരായിട്ടും എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.

'അവരുടെ മുമ്പിലുള്ള എല്ലാ ഒന്നും അവരുടെ പിന്നിലുള്ള എല്ലാ ഒന്നും അവന്‍ അറിയുന്നു' എന്ന സൂക്തഭാഗം ഇവിടെക്കൂടാതെ 20: 110; 21: 28; 22: 76 എന്നീ സൂക്തങ്ങളിലുമുണ്ട്. ഞങ്ങള്‍ക്ക് താങ്കളുടെ നാഥന്‍റെ കല്‍പനപ്രകാരമല്ലാതെ ഇറങ്ങിവരാന്‍ സാധിക്കുകയില്ല, ഞങ്ങളുടെ മുമ്പിലുള്ള ഒന്നും ഞങ്ങളുടെ പിന്നിലുള്ള ഒന്നും അവയ്ക്കിടയിലുമുള്ള ഒന്നുമെല്ലാം അവനുള്ളതാണ്, താങ്കളുടെ നാഥനാവട്ടെ ഒന്നും തന്നെ വിസ്മരിക്കുന്നവനുമല്ല എന്ന് ജിബ്രീല്‍ പ്രവാചകനോട് പറഞ്ഞതായി 19: 64 ല്‍ പറഞ്ഞിട്ടുണ്ട്. ഓരോ സൃഷ്ടിയുടെയും ഇതുവരെയുള്ള അവസ്ഥ എന്താണെന്നും എന്താണ് അവര്‍ സമ്പാദിച്ചതെന്നും ഭാവിയില്‍ അവരുടെ അവസ്ഥ എന്തായിരിക്കുമെന്നും നാളെ എന്താണ് അവര്‍ സമ്പാദിക്കുകയെന്നും അറിയുന്ന ത്രികാലജ്ഞാനിയായ സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു എന്നാണ് ഇതിന്‍റെ വിവക്ഷ. അവനില്‍ നിന്ന് എവിടെയും ഒന്നും മറഞ്ഞുനില്‍ക്കുന്നില്ല എന്ന് 3: 5; 14: 38; 50: 4 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22 തുടങ്ങിയ സൂക്തങ്ങളില്‍ ആകാശഭൂമികളില്‍ നടക്കുന്നതെല്ലാം ത്രികാലജ്ഞാനിയായ നാഥന്‍ ആദ്യമേ തീരുമാനിച്ച് അദ്ദിക്റില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്നുപറഞ്ഞിട്ടുണ്ട്. 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ!' എന്ന് പ്രാര്‍ത്ഥിക്കാന്‍ 20: 114 ലൂടെ പ്രവാചകനോടും വിശ്വാസികളോടും കല്‍പിച്ചിട്ടുണ്ട്. അല്ലാഹുവേ, നീ ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങള്‍ക്ക് ഉപകാരപ്പെടുത്തേണമേ, ഞങ്ങള്‍ക്ക് ഉപകാരപ്രദമായത് പഠിപ്പിക്കേണമേ, ഉപകാരപ്പെട്ട അറിവ് ഞങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച് തരേണമേ, നരകത്തിന്‍റെ അവസ്ഥയിലല്ലാത്തപ്പോഴെല്ലാം അല്ലാഹുവിനാണ് സ്തുതി! എന്നും പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്നു. 

അവന്‍റെ സിംഹാസനം ആകാശഭൂമികളിലെല്ലാം വിശാലമായി വ്യാപിച്ചുകിടക്കുന്നു എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ആകാശഭൂമികളില്‍ എല്ലായിടത്തും അവന്‍റെ ആധിപത്യമാണ് നിലനില്‍ക്കുന്നത് എന്നാണ്. ആകാശങ്ങളുടെയും ഭൂമികളുടെയും നിഗൂഢതകളുടെ താക്കോലുകള്‍ അവനുള്ളതാണ് എന്ന് 39: 63 ലും 42: 12 ലും പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളുടെ ആധിപത്യം നിലനിര്‍ത്തുന്നതിന് അവന് ആരുടെയും സഹായം ആവശ്യമില്ല, അവന്‍ അതിന്‍റെ പേരില്‍ ക്ഷീണിതനാകുന്നുമില്ല. അല്ലാഹു ഉപമയോ ഉദാഹരണമോ ഇല്ലാത്ത അജയ്യനും അതുല്യനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനും എന്നാല്‍ അവന് ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാം അടക്കിഭരിക്കുന്ന സര്‍വ്വാധിപനും ഏകാധിപനും സ്വേച്ഛാധിപനുമാണ്. ചുരുക്കത്തില്‍, ഗ്രന്ഥം അവതരിപ്പിച്ചത് അല്ലാഹുവിനെ പരിചയപ്പെടുത്താനാണെങ്കില്‍ ഈ സൂക്തം മറ്റേത് സൂക്തത്തേക്കാളും ആ ദൗത്യം നിര്‍വ്വഹിക്കുന്നതായി കാണാം. എന്നാല്‍ ആശയമില്ലാതെ ഈ സൂക്തം വായിക്കുകയും അതിന്‍റെ ആശയത്തിന് വിരുദ്ധമായി എല്ലാ തിന്മകളിലും മുഴുകി ജീവിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ക്ക് എതിരെ ഈ സൂക്തം മാത്രമല്ല, ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 1: 3-4; 2: 234; 31: 16 വിശദീകരണം നോക്കുക.