( അല്‍ ബഖറ ) 2 : 5

أُولَٰئِكَ عَلَىٰ هُدًى مِنْ رَبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ

അക്കൂട്ടര്‍ തന്നെയാണ് അവരുടെ നാഥനില്‍ നിന്നുള്ള സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവരും.

7: 157 അവസാനിക്കുന്നത്, ആരാണോ പ്രവാചകനെക്കൊണ്ട് വിശ്വസിക്കുകയും അവനെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അവനോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ (അദ്ദിക്റിനെ) പിന്‍പറ്റുകയും ചെയ്യുന്നത്, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവര്‍ എന്ന് പറഞ്ഞുകൊണ്ടാണ്. പ്രവാചകനും പ്രവാചകനോടൊപ്പമുള്ള വിശ്വാസികളും തങ്ങളുടെ സമ്പത്തുകൊണ്ടും ശരീരം കൊണ്ടും ജിഹാദ് ചെയ്യുന്നവരാണ്, അക്കൂട്ടര്‍ക്കാണ് ഉത്തമമായ വിഭവങ്ങളും പ്രതിഫലവുമുള്ളത്, അവര്‍ മാത്രമാണ് വിജയം വരിക്കുന്നവരും എന്ന് 9: 88 ലും; നിശ്ചയം വിശ്വാസികള്‍ അല്ലാഹുവിലേക്കും അവന്‍റെ പ്ര വാചകനിലേക്കും അവര്‍ക്കിടയിലുള്ള കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടാല്‍ അവരുടെ മറുപടി: ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ അനുസരിച്ചു എന്ന് പറയലായി രിക്കുമെന്നും അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവര്‍ എന്നും 24: 51 ലും പറഞ്ഞിട്ടു ണ്ട്. അറിഞ്ഞിരിക്കുക! നിശ്ചയം അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ടവരാണ് വിജയം വരിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് 58: 22 അവസാനിക്കുന്നതെങ്കില്‍, ആരാണോ ആത്മാവി ന്‍റെ കുടുസ്സില്‍ നിന്ന് (സ്വാര്‍ത്ഥത) മോചിതനായത്, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് 59: 9; 64: 16 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്.

 ബഖറയില്‍ നിന്നുള്ള ഒന്നുമുതല്‍ അഞ്ച് വരെയുള്ള സൂക്തങ്ങളും ആയത്തുല്‍ കുര്‍സിയ്യും തുടര്‍ന്നുള്ള രണ്ട് സൂക്തങ്ങളും അവസാനത്തെ മൂന്ന് സൂക്തങ്ങളും രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് തിലാവത്ത് ചെയ്യുന്നവരെയും അവരുടെ കുടുംബാംഗ ങ്ങളെയും പിശാച് സമീപിക്കുകയില്ലെന്നും അവര്‍ അല്ലാഹുവിന്‍റെ കാവലിലാണെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 1-5 സൂക്തങ്ങളും 31: 1-5 സൂക്തങ്ങളും സമാന ആശയമുള്ളവയാണ്. 5: 56; 23: 1-11, 30-38 വിശദീക രണം നോക്കുക.