( അല്‍ ബഖറ ) 2 : 88

وَقَالُوا قُلُوبُنَا غُلْفٌ ۚ بَلْ لَعَنَهُمُ اللَّهُ بِكُفْرِهِمْ فَقَلِيلًا مَا يُؤْمِنُونَ

അവര്‍ പറയുകയും ചെയ്യുന്നു: ഞങ്ങളുടെ ഹൃദയം തുളുമ്പുകയാണ്; അല്ല, അവരുടെ നിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്, അപ്പോള്‍ അവര്‍ അല്‍പം മാത്രമേ വിശ്വസിക്കുന്നുള്ളൂ.

മദീനയിലുണ്ടായിരുന്ന ജൂതര്‍ 'ഗ്രന്ഥത്തിന്‍റെ പൊതിയടക്കം ഞങ്ങളുടെ ഹൃദയത്തിലുണ്ട്, അതുകൊണ്ട് ഇനി പുതിയ ഗ്രന്ഥമൊന്നും ഞങ്ങള്‍ക്കുവേണ്ട' എന്ന നയത്തിലായിരുന്നു പ്രവാചകനോടും വിശ്വാസികളോടും പെരുമാറിയിരുന്നത്. അടിക്കടി പ്രതിജ്ഞകള്‍ ലംഘിക്കുക, അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുക, അന്യായമായി നബിമാരെ വധിക്കുക, ഞങ്ങളുടെ ഹൃദയം തുളുമ്പുകയാണ് എന്നുപറയുക, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച അപവാദം കെട്ടിച്ചമക്കുക, നിശ്ചയം ഞങ്ങള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ഈസാ മസീഹിനെ വധിച്ചുകളഞ്ഞു എന്ന് ഘോഷിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അല്ലാഹു അവരെ ശപിക്കുകയും അവരുടെ നിഷേധം കാരണം ഹൃദയങ്ങള്‍ക്ക് മുദ്ര വെക്കുകയും ചെയ്തിരിക്കുന്നു എന്ന് 4: 155-157 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

മദീനയിലുണ്ടായിരുന്ന അന്നത്തെ ജൂതരുടെ ഈ സ്വഭാവം ഇന്നുള്ളത്, ഞങ്ങള്‍ ഖുര്‍ആന്‍ പഠിച്ചവരാണ്, ഞങ്ങള്‍ക്ക് അത് തുളുമ്പുകയാണ് എന്ന ഭാവത്തില്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഭൂമിയില്‍ അഹങ്കരിച്ചുനടക്കുന്ന ലോകത്തെല്ലായിടത്തുമുള്ള കപടവിശ്വാസികള്‍ക്കാണ്. കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും, സംഘടനാ താല്‍പര്യങ്ങളും സാമ്പത്തിക ലാഭവും ലക്ഷ്യം വെച്ചുകൊണ്ട് എഴുതിയുണ്ടാക്കിയ ഖുര്‍ആന്‍ പരിഭാഷകളും ഉയര്‍ത്തിക്കാട്ടി ഞങ്ങള്‍ക്ക് ഇതുതന്നെ മതി, ഇതില്‍ തന്നെ എല്ലാം ഉണ്ട് എന്നാണ് അവരുടെ പ്രതികരണം. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഇന്ന് ഒരാളും വിശ്വാസിയാവുകയില്ല എന്ന് പറയുമ്പോള്‍ മുമ്പുകാലത്തുള്ളവരൊന്നും വിശ്വാസികളായിരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സാണ് അദ്ദിക്ര്‍ എന്ന് പറയുമ്പോള്‍ അദ്ദിക്ര്‍ കൊണ്ട് എങ്ങനെയാണ് പ്രപഞ്ചം നിലനിര്‍ത്തുക, അതിന്‍റെ അവധി നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണല്ലോ എന്ന് പരിഹസിച്ചുകൊണ്ടും, 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ ത്രികാലജ്ഞാനിയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണെന്ന് പറയുമ്പോള്‍ മുമ്പ് ആരും തന്നെ പറഞ്ഞിട്ടില്ലാത്ത ഈ ആശയം എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചുകൊണ്ടും അവരിലുള്ള കപടവിശ്വാസികള്‍ അതിനെ പുച്ഛിച്ചുതള്ളുന്നതാണ്. ഇതാണ് അല്ലാഹു വധിച്ചുകളഞ്ഞ കപടവിശ്വാസികളുടെ സ്വഭാവമെങ്കില്‍ കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന, കപടവിശ്വാസികളെ പിന്‍പറ്റുന്ന അനുയായികള്‍ക്ക് ഗ്രന്ഥത്തിലെ മുഴുവന്‍ സൂറത്തുകളുടെ പേരുകളോ ആകെ സൂക്തങ്ങളുടെ എണ്ണം പോലുമോ അറിയുകയില്ല. അല്ലാഹുവിന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ അല്ല അവരുടെ ദൃഷ്ടിയില്‍ കിതാബ്; മറിച്ച് മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ ഉള്‍പ്പെടെ മുപ്പത് കള്ളവാദികള്‍ വരുമെന്ന് അന്ത്യപ്രവാചകന്‍ ദീര്‍ഘവീക്ഷണം ചെയ്ത കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളാണ്. അത് പഠിച്ചവരെയും പഠിപ്പിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയുമാണ് അവര്‍ പണ്ഡിതന്മാരായി അംഗീകരിക്കുന്നത്. നിരക്ഷരരായ ആളുകള്‍ക്കാണ് ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ മനസ്സിലാവുക എന്ന് 62: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ 25: 18 ല്‍ പറഞ്ഞ കെട്ടജനത മൂടിവെക്കുകയാണെങ്കില്‍ സര്‍വലോകര്‍ക്കുമുള്ള ഉണര്‍ത്തലും സന്മാര്‍ഗവുമായ അതിനെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഗ്രന്ഥം മൂടിവെക്കാത്ത ഇതര ജനവിഭാഗങ്ങളെ ഏല്‍പിക്കുമെന്ന് നാഥന്‍ 6: 89-90 സൂക്തങ്ങളില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 4: 118 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുകയുള്ളൂ. അങ്ങനെ ചെയ്യാത്ത 999 ഫുജ്ജാറുകളും നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. 2: 79; 7: 26; 9: 67-68 വിശദീകരണം നോക്കുക.