( അസ്സജദഃ ) 32 : 22

وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ

തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അവയെ അവഗണിക്കുന്നവനേക്കാള്‍ വലിയ അക്രമി ആരാണുള്ളത്? നിശ്ചയം ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും!

പ്രപഞ്ചനാഥന്‍റെ സംസാരമായ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയിട്ടും അതിനെ അവഗണിച്ച് ജീവിക്കുന്ന കപടവിശ്വാസികളും അനുയായികളും അടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അക്രമികളും ഭ്രാന്തന്മാരും. അവരെക്കുറിച്ച് 'അവര്‍ നിന്നെയല്ല കളവാക്കിക്കൊണ്ടിരിക്കുന്നത്, എന്നാല്‍ ഈ അക്രമികള്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളോടാണ് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത് എന്ന് 6: 33 ലും; അക്രമികളും കാഫിറുകളുമല്ലാതെ അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്ന് 29: 47-49 ലും പറഞ്ഞിട്ടുണ്ട്. ഇത്തരം കപടവിശ്വാസികളെ പിന്‍പറ്റുന്ന പ്രജ്ഞയറ്റവരായ അനുയായികളെ 36: 6 പ്രകാരം ഉണര്‍ത്തിയാല്‍ ചിലപ്പോള്‍ ഉണര്‍ന്നേക്കും. അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ട ശേഷവും അവര്‍ ഉണരുന്നില്ലെങ്കില്‍ അവരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവര്‍ തന്നെയാണെന്ന് 7: 179; 15: 43-44 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നിശ്ചയം നീ ഉണര്‍ത്തുക അദ്ദിക്റിനെ പിന്‍പറ്റുന്നവനെയും അതില്‍ നിന്ന് നിഷ്പക്ഷവാനായ നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവനെയും മാത്രമാണ്, അപ്പോള്‍ അവന് പാപമോചനം കൊണ്ടും മാന്യമായ പ്രതിഫലം കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 36: 11 ലും; ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛക്കും ഐഹികലോകത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കുന്ന അക്രമികളും അവരുടെ അനുയായികളും മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് അവരുടെ ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 165-167, 254; 7: 40-41; 10: 7, 17 വിശദീകരണം നോക്കുക.