( അന്നിസാഅ് ) 4 : 37

الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ وَيَكْتُمُونَ مَا آتَاهُمُ اللَّهُ مِنْ فَضْلِهِ ۗ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا

പിശുക്ക് കാണിക്കുന്നവരായവരും ജനങ്ങളോട് പിശുക്കിനുവേണ്ടി കല്‍പിച്ചുകൊണ്ടിരിക്കുന്നവരും അല്ലാഹു തങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളില്‍നിന്ന് പൂഴ്ത്തിവെക്കുന്നവരുമാണവര്‍, കാഫിറുകള്‍ക്കുവേണ്ടി ഹീനമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.

അല്ലാഹുവിനെ സേവിക്കുക എന്ന് പറഞ്ഞാല്‍ ജീവിതം മുഴുവന്‍ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ക്രമപ്പെടുത്തലും ത്രാസും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കലുമാണ്. 6: 130; 7: 37; 39: 59 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം കാഫിറാണെന്ന് സാക്ഷ്യം വഹിക്കാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരകത്തില്‍ പ്രവേശിപ്പിക്കുകയില്ല. ഒരാള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ മൂടിവെക്കരുതെന്നും അവന്‍റെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായവയില്‍ പ്രകടമാകണമെന്നും നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും അഗതികളോടും കുടുംബത്തില്‍ നിന്ന് അടുത്ത അയല്‍വാസികളോടും അന്യരായ അയല്‍വാസികളോടും സഹവാസികളോടും വഴിയാത്രക്കാരോടുമെല്ലാം നാഥന്‍റെ തൃപ്തിയില്‍ -അദ്ദിക്റിന്‍റെ വെളിച്ചത്തില്‍- ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കേണ്ടതാണ്. തങ്ങളുടെ കീഴിലുള്ള ജോലിക്കാരോട് മാത്രമല്ല, വളര്‍ത്തുജീവികളോടും മറ്റു ജീവജാലങ്ങളോടും അവയെക്കുറിച്ചെല്ലാം വിധിദിവസം ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തില്‍ ഇവിടെ പെരുമാറേണ്ടതാണ്. 10: 100 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയോ വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 9: 67 ല്‍, കപടവിശ്വാസികള്‍ ഗ്രന്ഥത്തിന്‍റെ നിഷിദ്ധങ്ങള്‍ കല്‍പ്പിക്കുന്നവരും കല്‍പനകള്‍ വിരോധിക്കുന്നവരും പിശുക്ക് കാണിക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ചവരും അപ്പോള്‍ അവര്‍ അവനാല്‍ വിസ്മരിക്കപ്പെട്ടവരുമാണ്, നിശ്ചയം കപടവിശ്വാസികള്‍ തന്നെയാണ് തെമ്മാടികള്‍ എന്നും; 9: 68 ല്‍, കപടവിശ്വാസികളായ പുരുഷന്മാര്‍ക്കും കപടവിശ്വാസികളായ സ്ത്രീകള്‍ക്കും നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന കുഫ്ഫാറുകള്‍ക്കും അല്ലാഹു നരകക്കുണ്ഠാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും -അവര്‍ക്ക് അതുതന്നെ മതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു, അവര്‍ക്ക് സ്ഥായിയായ ശിക്ഷയുമാണുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. 2: 24, 99, 174; 3: 180-182, 187; 4: 150-151 വിശദീകരണം നോക്കുക.