( അല്‍ ബഖറ ) 2 : 211

سَلْ بَنِي إِسْرَائِيلَ كَمْ آتَيْنَاهُمْ مِنْ آيَةٍ بَيِّنَةٍ ۗ وَمَنْ يُبَدِّلْ نِعْمَةَ اللَّهِ مِنْ بَعْدِ مَا جَاءَتْهُ فَإِنَّ اللَّهَ شَدِيدُ الْعِقَابِ

ഇസ്റാഈല്‍ സന്തതികള്‍ക്ക് വ്യക്തമായ എത്രയെത്ര ദൃഷ്ടാന്തങ്ങളാണ് നാം നല്‍കിയത് എന്ന് അവരോട് ചോദിച്ചു നോക്കുക, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വന്നുകിട്ടിയതിനുശേഷം അതിനെ മാറ്റിമറിക്കുന്നവരുണ്ടല്ലോ, അപ്പോള്‍ നിശ്ചയം അല്ലാഹു അതികഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാകുന്നു.

ഇസ്റാഈല്‍ സന്തതികള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ 2: 40-60 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 133-134 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സര്‍പ്പമായി മാറുന്ന വടി, കക്ഷത്തില്‍ വെച്ച് പുറത്തെടുത്താല്‍ സൂര്യനെപ്പോലെ പ്രകാശിക്കുന്ന കൈ, ക്ഷാമത്തിന്‍റെയും വരള്‍ച്ചയുടെയും ജലദൗര്‍ലഭ്യത്തിന്‍റേതുമായ വര്‍ഷങ്ങള്‍, ലോകത്തുള്ള സകല ആഭിചാരകന്മാരുടെയും പരാജയം, ജലപ്രളയം, വെട്ടുകിളി ശല്യം, മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിലും രോഗം പരത്തുന്ന കീടങ്ങള്‍, തവളപ്രളയം, വെള്ളം രക്തമായി മാറുക വഴി കുടിക്കാനും കുളിക്കാനും വെള്ളം ലഭിക്കാതിരിക്കുക എന്നിവയാണ് സൂക്തത്തില്‍ പറഞ്ഞ ദൃഷ്ടാന്തങ്ങള്‍. എന്നാല്‍ അവ കൊണ്ടൊന്നും അവര്‍ വിശ്വാസികളായില്ല. തെമ്മാടികളല്ലാതെ അല്ലാഹുവിന്‍റെ സൂക്തങ്ങളെ മൂടിവെക്കുകയില്ല എന്ന് 2: 99 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ച അദ്ദിക്റാണ് ഏറ്റവും വലിയ ദൃഷ്ടാന്തം. അതില്‍ 'അലിഫ് ലാം മീം', 'കാഫ് ഹാ യാ ഐന്‍ സ്വാദ്', 'ഹാം മീം' തുടങ്ങിയ മുഖത്തലആത്ത് (Abbreviated) ആയ സൂക്തങ്ങള്‍ വരെ വിവരിച്ചിട്ടുണ്ട്. അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി സത്യപ്പെടുത്തി ജീവിക്കുന്നവര്‍ മാത്രമാണ് 16: 89, 102 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ മുസ്ലിംകള്‍. എന്നാല്‍ 4: 150-151 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന കാഫിറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയതിനാല്‍ അവര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത് എന്ന് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6: 89 ല്‍ വിവരിച്ച പ്രകാരം സന്മാര്‍ഗവും ഉണര്‍ത്തലുമായ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത അതിനെ മൂടിവെക്കുന്നതിനാല്‍ അതിനെ മൂടിവെക്കാത്ത ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുന്നതാണ്. 2: 159-161; 6: 26; 9: 67-68 വിശദീകരണം നോക്കുക.