( അല്‍ ബഖറ ) 2 : 212

زُيِّنَ لِلَّذِينَ كَفَرُوا الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُوا ۘ وَالَّذِينَ اتَّقَوْا فَوْقَهُمْ يَوْمَ الْقِيَامَةِ ۗ وَاللَّهُ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ

കാഫിറുകളായവര്‍ക്ക് ഈ ഐഹിക ജീവിതം അലങ്കാരമാക്കപ്പെട്ടിരിക്കുന്നു, അവര്‍ വിശ്വാസികളില്‍ നിന്നുള്ളവരെ പരിഹസിക്കുന്നവരുമാകുന്നു, എന്നാല്‍ അന്ത്യനാളില്‍ സൂക്ഷ്മാലുക്കളായവര്‍ അവര്‍ക്കുമീതെ തന്നെയാണ്; അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ ഭക്ഷണവിഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും തള്ളിപ്പറയുന്ന ഫാജിറുകളും അടങ്ങിയ ഫുജ്ജാറുകള്‍ തന്നെയാണ് കാഫിറുകളും അക്രമികളും ഭ്രാന്തന്മാരും പരിധിലംഘിച്ചവരും ദുഷ്ടജീവികളുമെല്ലാം. 11: 27 ല്‍ വിവരിച്ച പ്രകാരം എക്കാലത്തുമുള്ള പ്രവാചകന്മാരുടെ ജനതയില്‍ നിന്നുള്ള കാഫിറുകള്‍ അവരുടെ സംഘബലത്തിന്‍റെയും സമ്പത്തിന്‍റെയും അഹങ്കാരത്തില്‍ പ്രവാചകന്മാരെയും വിശ്വാസികളെയും പരിഹസിക്കുന്നവരായിരുന്നു. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത, മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ ഫുജ്ജാറുകള്‍ നശ്വരമായ ഐഹികലോകത്തെങ്കിലും സ്വര്‍ഗീയ ജീവിതം ആസ്വദിക്കട്ടെ എന്ന് കരുതി നിഷ്പക്ഷവാനായ നാഥന്‍ അവര്‍ക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും പ്രതാപവുമെല്ലാം നല്‍കിയിട്ടുള്ളത്. ഞങ്ങള്‍ സത്യത്തിലായതുകൊണ്ട് അല്ലാഹു ഞങ്ങളെ അനുഗ്രഹിച്ചതാണ് ഇത് എന്ന് തെറ്റായി മനസ്സിലാക്കിയ ഇവര്‍ ഭൗതികജീവിതത്തിലെ പ്രൗഢിയും പ്രതാപവുമൊന്നും ആസ്വദിക്കാതെ ശാശ്വത ജീവിതവിജയം ലക്ഷ്യം വെച്ചുകൊണ്ട് മിതത്വം പാലിച്ച് ജീവിതം നയിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്നവരാണ്. എന്നാല്‍ പരലോകത്ത് വിശ്വാസികള്‍ തന്നെയായിരിക്കും മേലെയെന്നും, സ്വര്‍ഗത്തിലുള്ള അവരോട് നരകവാസികള്‍ വെള്ളവും ഭക്ഷണവും ചോദിക്കുമെന്നും, അപ്പോള്‍ 'ദീനിനെ കളിയും തമാശയുമായി തെരഞ്ഞെടുത്ത കാഫിറുകള്‍ക്ക് അല്ലാഹു അവ രണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു' എന്ന് മറുപടി പറയുമെന്നും മുന്നറിയിപ്പ് നല്‍കുന്ന 7: 48-51 സൂക്തങ്ങള്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 83: 29-34 സൂക്തങ്ങളില്‍, നിശ്ചയം ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ വിശ്വാസികളെ ഇഹത്തില്‍ കളിയാക്കുന്നവരും വിശ്വാസികള്‍ക്ക് അരികിലൂടെ കടന്നുപോകുമ്പോള്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി പരിഹസിക്കുന്നവരും തങ്ങളുടെ കുടുംബാംഗങ്ങളിലേക്ക് ആഹ്ലാദിച്ച് ഉല്ലസിച്ച് പിരിഞ്ഞുപോകുന്നവരുമായിരുന്നു; വിശ്വാസികളെ കാണുമ്പോള്‍ 'നിശ്ചയം ഇക്കൂട്ടര്‍ തന്നെയാണ് വഴിപിഴച്ചവര്‍' എന്ന് അവര്‍ പറയുകയും ചെയ്യും. നാം ഇവരെ വിശ്വാസികളുടെമേല്‍ സൂക്ഷിപ്പുകാരാക്കിയിട്ടുണ്ടായിരുന്നില്ലല്ലോ! അതുകൊണ്ട് വിധിദിവസം വിശ്വാസികള്‍ ഇത്തരം കുഫ്ഫാറുകളായ ഭ്രാന്തന്മാരെ കളിയാക്കുന്നവരായിരിക്കും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 63: 1-4 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സത്യമായ അദ്ദിക്ര്‍ പിന്‍പറ്റാത്ത കപടവിശ്വാസികള്‍ നുണ മാത്രം പറയുന്നവരും അല്ലാഹുവിനാല്‍ ശപിക്കപ്പെട്ട അവര്‍ ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛ പിന്‍പറ്റുന്നവരുമാണ്. എല്ലാ പ്രവാചകന്മാരുടെയും അദ്ദിക്ര്‍ പിന്‍പറ്റാത്ത ജനത അദ്ദിക്ര്‍ പിന്‍പറ്റുന്ന പ്രവാചകന്മാരെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും 'നമ്മുടെ ഇടയില്‍ ഇവന്‍റെ മേലാണോ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത്; അല്ല, ഇവന്‍ നുണ പറയുന്ന ഒറ്റയാനാണ്' എന്ന് പരിഹസിക്കുമെന്ന് 38: 8 ലും 54: 25 ലും പറഞ്ഞിട്ടുണ്ട്. 6: 10; 9: 79; 11: 38; 21: 41 തുടങ്ങിയ സൂക്തങ്ങളിലെല്ലാം കാഫിറുകള്‍ വിശ്വാസികളെയും പ്രവാചകന്മാരെയും പരിഹസിക്കുമെന്നും ആ പരിഹാസം നാളെ അവര്‍ക്കുതന്നെ എതിരായി ഭവിക്കുമെന്നും പറയുന്നുണ്ട്. 3: 27, 37; 24: 38 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് 'അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നവനുമാകുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. നാഥന്‍റെ കാരുണ്യമായ അദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കുന്നവരാണ് എല്ലാ നബിമാ രും പ്രവാചകന്മാരും വിശ്വാസികളും. നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കപ്പെട്ടാല്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴുക എന്നതാണ് അവരുടെ സ്വഭാവമെന്ന് 19: 58 ല്‍ വായിക്കുന്ന കാഫിറുകളായ ഫുജ്ജാറുകള്‍ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ കല്‍പിച്ചിട്ടുള്ള പ്രസ്തുത സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്തവരാണ്. 43: 36-39 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്ത അവര്‍ ആത്മാവ് പങ്കെടുക്കാതെ അവരുടെ ശരീരം കൊണ്ട് നടത്തുന്ന നമസ്കാരങ്ങളില്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ പിരടിയിലുള്ള കര്‍മരേഖയില്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നത്. അത്തരം നമസ്കാരങ്ങളില്‍ കോഴി കൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം നടത്തുന്ന അവര്‍ തന്നെയാണ് 22: 18 ല്‍ പറഞ്ഞ പ്രകാരം ഹീനമായ ശിക്ഷ ബാധകമായവര്‍. 6: 43; 43: 32-35; 74: 42-47 വിശദീകരണം നോക്കുക.