( അല്‍ ബഖറ ) 2 : 83

وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِنْكُمْ وَأَنْتُمْ مُعْرِضُونَ

ഇസ്റാഈല്‍ സന്തതികളോട് നാം പ്രതിജ്ഞ വാങ്ങിയ സന്ദര്‍ഭവും; നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ സേവിക്കരുത്, മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്മയില്‍ വര്‍ത്തിക്കുക, നിങ്ങള്‍ ജനങ്ങളോട് നല്ലത് പറയുകയും ചെയ്യുക, നമസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുകയും ചെയ്യുക, പിന്നെ നിങ്ങളില്‍ നിന്നുള്ള കുറച്ചുപേരൊഴികെ പിന്തിരിഞ്ഞു, ഇപ്പോഴും നിങ്ങള്‍ പിന്തിരിഞ്ഞുകൊണ്ടിരിക്കുകയുമാകുന്നു.

അല്ലാഹുവിന്‍റെ തൃപ്തിയില്‍ മറ്റൊരാളെ തൃപ്തിപ്പെടുന്നതുവരെയും അല്ലാഹുവിന്‍റെ കോപത്തില്‍ ഏതൊരാളോടും കോപം പുലര്‍ത്തുന്നതുവരെയും അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുന്നതുവരെയും അല്ലാഹുവിന്‍റെ കോപത്തില്‍ നല്‍കാതിരിക്കുന്നതുവരെയും ഒരാളും വിശ്വാസിയാവുകയില്ലെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അഥവാ അല്ലാഹുവിന്‍റെ സമ്മതപത്രവും നീതിയും നന്മയുമായ അദ്ദിക്ര്‍ പിന്‍പറ്റുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല. ജനങ്ങളോട് 'നല്ലതുപറയുക' എന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പറയുക എന്നല്ല, മറിച്ച് 'ഏറ്റവും നല്ലതായ' അദ്ദിക്റിന്‍റെ വിധി വിലക്കുകള്‍ക്കനുസരിച്ച് പറയുക എന്നാണ്. 16: 90-91; 41: 33-35 വിശദീകരണം നോക്കുക.

മൂസാനബിയുടെ കാലത്ത് ജീവിച്ച ഇസ്റാഈല്‍ സന്തതികള്‍ 7: 172-173 സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവുമായി ചെയ്ത കരാര്‍ ലംഘിച്ചതുപോലെ പ്രവാചകന്‍ മുഹമ്മദിന്‍റെ മുമ്പിലുണ്ടായിരുന്ന ജൂതരും കപടവിശ്വാസികളും കരാര്‍ ലംഘിച്ചിരുന്നു. ഇന്ന് ലോകരില്‍ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ തീരെ പരിഗണിക്കാതെയും കരാര്‍ പാലിക്കാതെയും ജീവിക്കുന്നത് 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമാണ്. അവര്‍ക്കെതിരെത്തന്നെയാണ് നാളെ ഗ്രന്ഥവും പ്രവാചകനും അന്യായം ബോധിപ്പിക്കുക. 32: 22 ല്‍, തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെട്ടിട്ട് പിന്നെ അതിനെ അവഗണിച്ച് പോയവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്? നിശ്ചയം, ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുക തന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. സന്തോഷവാര്‍ത്ത അറിയിക്കുന്നതും മുന്നറിയിപ്പ് നല്‍കുന്നതുമായ അദ്ദിക്ര്‍ കേള്‍ക്കാതെ അധികപേരും അവഗണിച്ചുപോകുമെന്ന് 41: 4 ലും; അദ്ദിക്റിനെ അവഗണിച്ചവര്‍ വിധിദിവസം പാപഭാരം വഹിക്കേണ്ടി വരികതന്നെ ചെയ്യുമെന്ന് 20: 99-101 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 6: 21; 10: 17; 18: 101-102 വിശദീകരണം നോക്കുക.