( അന്നിസാഅ് ) 4 : 163

إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا

നിശ്ചയം നാം നിന്നിലേക്ക് ദിവ്യബോധനം നല്‍കിയിരിക്കുന്നു-നൂഹിലേക്കും അവനുശേഷമുള്ള നബിമാരിലേക്കും നാം ദിവ്യബോധനം നല്‍കിയതുപോലെ, ഇബ്റാഹീമിലേക്കും ഇസ്മാഈലിലേക്കും ഇസ്ഹാഖിലേക്കും യഅ്ഖൂബിലേക്കും ഗോത്രവര്‍ഗക്കാരിലേക്കും ഈസായിലേക്കും അയ്യൂബിലേക്കും യൂനുസിലേക്കും ഹാറൂനിലേക്കും സുലൈമാനിലേക്കും നാം ദിവ്യബോധനം നല്‍കിയിട്ടുണ്ട്, ദാവൂദിന് നാം സബൂര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

നബിമാര്‍ക്കെല്ലാം ദിവ്യബോധനം നല്‍കപ്പെട്ടപ്പോള്‍ പ്രവാചകന്മാര്‍ക്ക് അവന്‍റെ ദിവ്യസന്ദേശമായ അദ്ദിക്ര്‍ നല്‍കുകയുണ്ടായി. ഒരുലക്ഷത്തി ഇരുപത്തി നാലായിരത്തില്‍ പരം നബിമാരില്‍ നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള മുന്നൂറ്റിപ്പതിമൂന്ന് പ്രവാചകന്മാര്‍ക്കാണ് ഗ്രന്ഥം നല്‍കിയിട്ടുള്ളത്. ഗ്രന്ഥത്തിന്‍റെ ആത്മാവ് ഒന്നും ഗ്രന്ഥത്തിന്‍റെ ശരീരം വിവിധ ഭാഷകളിലുമായിട്ടാണ് നല്‍കിയിട്ടുള്ളത്. ദാവൂദ് നബിക്ക് നല്‍കിയിട്ടുള്ള 'സബൂര്‍' ഗ്രീക്ക് ഹീബ്രു ഭാഷയിലുള്ള സങ്കീര്‍ത്തനങ്ങളാണ്. 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം അദ്ദിക്ര്‍ തന്നെയാണ് എന്ന് 16: 43; 21: 24; 41: 43 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് നല്‍കപ്പെട്ടിട്ടുള്ള അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് 16: 44; 98: 2-3 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇന്ന് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 2, 213; 3: 85-86; 5: 48 വിശദീകരണം നോക്കുക.