( അൽ മാഇദ ) 5 : 43

وَكَيْفَ يُحَكِّمُونَكَ وَعِنْدَهُمُ التَّوْرَاةُ فِيهَا حُكْمُ اللَّهِ ثُمَّ يَتَوَلَّوْنَ مِنْ بَعْدِ ذَٰلِكَ ۚ وَمَا أُولَٰئِكَ بِالْمُؤْمِنِينَ

അവര്‍ എങ്ങനെയാണ് നിന്നെ വിധികര്‍ത്താവായി സ്വീകരിക്കുക? അവരുടെ പക്കല്‍ തൗറാത്തുണ്ട്, അതില്‍ അല്ലാഹുവിന്‍റെ വിധിയുമുണ്ട്, പിന്നെ അതിനുശേഷം അവര്‍ അതില്‍നിന്ന് സ്വയം പിന്‍മാറുകയും ചെയ്തുകൊണ്ടിരിക്കെ, അക്കൂട്ടര്‍ ഒരിക്കലും വിശ്വാസികളല്ലതന്നെ.

4: 136, 163, 21: 24; 41: 43 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആത്മാവ് ഒന്നായ, എന്നാല്‍ ഭാഷകള്‍ വ്യത്യസ്തവുമായ ഒറ്റഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമേ അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. മനുഷ്യര്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഇവിടെ വെച്ച് അതുകൊണ്ട് വിധി കല്‍പിക്കുന്നതിന് വേണ്ടിയാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മൂസാ നബിക്ക് നല്‍കപ്പെട്ട ഗ്രന്ഥമായ തൗറാത്തിലെ വിധിവിലക്കുകള്‍ സ്വന്തം ഇച്ഛക്കും അഭിലാഷങ്ങള്‍ക്കും എതിരായതുകൊണ്ട് പ്രവാചകന്‍റെ കാലത്തുണ്ടായി രുന്ന മദീനയിലെ ജൂതന്മാര്‍ ക്രമേണ അതിനെ അവഗണിക്കുകയും 9: 31-32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവരുടെ പണ്ഡിതപുരോഹിതന്മാര്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ക്കനുസരിച്ചുള്ള വിധികള്‍ സ്വീകരിച്ചുകൊണ്ട് അവരെ റബ്ബുകളാക്കി ജീവിക്കുകയുമായിരുന്നു. അപ്പോഴാണ് അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദിനെ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ട് നിയോഗിക്കുന്നത്. അദ്ദേഹത്തെ അംഗീകരിക്കാതെ കള്ളപ്രവാചകനെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന അവര്‍ തങ്ങളുടെ ഇച്ഛക്കനുസൃതമായ വല്ല വിധിയും ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മനമില്ലാ മനസ്സോടെയായിരുന്നു വിധിക്കുവേണ്ടി പ്രവാചകന്‍റെ അടുത്ത് വന്നിരുന്നത്. ജൂതന്മാര്‍ തങ്ങളുടെ മതനിയമമനുസരിച്ച് തീര്‍പ്പുകല്‍പിക്കാന്‍ ആഗ്രഹിക്കാത്ത കേസുകള്‍ക്ക് വിധി തേടിക്കൊണ്ട് പ്രവാചകനെ സമീപിച്ചിരുന്നു. മദീനയില്‍ അവരുമായുണ്ടാക്കിയിരുന്ന ഉടമ്പടിയനുസരിച്ച് അവര്‍ക്കിടയില്‍ തൗറാത്തനുസരിച്ച് വിധി കല്‍പിക്കുകയെന്നതായിരുന്നു അപ്പോള്‍ പ്രവാചകന്‍ പാലിച്ചുപോന്നിരുന്ന ചര്യ. 

ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റാണ്. എന്നാല്‍ എന്തൊരു ലക്ഷ്യത്തിന് വേണ്ടിയാണോ അത് അവതരിപ്പിക്കപ്പെട്ടത്, അതിന് നേരെ വിപരീതമായിട്ടാണ് 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന, നാഥ നാല്‍ വിസ്മരിക്കപ്പെട്ട കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അത് ഉപയോഗപ്പെടുത്തുന്നത്. 3: 104, 110 സൂക്തങ്ങള്‍ പ്രകാരം ഉത്തമ സമുദായമായി മാറേണ്ട ഈ ജനത 8: 22, 55 സൂക്തങ്ങള്‍ പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ ഇന്ന് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയ കാഫിറുകളായി മാറിയിരിക്കുകയാണ്. 3: 91; 9: 67-68; 48: 6 വിശദീകരണം നോക്കുക.