( അൽ അഅ്റാഫ് ) 7 : 11

وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ ثُمَّ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ لَمْ يَكُنْ مِنَ السَّاجِدِينَ

നിശ്ചയം, നാം നിങ്ങളെ സൃഷ്ടിച്ചു, പിന്നെ നാം നിങ്ങളെ രൂപപ്പെടുത്തി, പിന്നെ നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ എല്ലാവരും ആദമിന്‍റെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം ചെയ്യുക, അപ്പോള്‍ ഇബ്‌ലീസൊഴികെ അവരെല്ലാവരും സാഷ്ടാംഗ പ്രണാമം ചെയ്തു, അവന്‍ സാഷ്ടാംഗ പ്രണാമം ചെയ്യുന്നവരില്‍ ഉള്‍പ്പെടുകയുണ്ടായില്ല.

15: 28-31 സൂക്തങ്ങളില്‍, അല്ലാഹു പറയുന്നു: നിന്‍റെ നാഥന്‍ മലക്കുകളെ വിളിച്ചുപറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: നിശ്ചയം ഞാന്‍ മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന ഒട്ടിപ്പിടിക്കുന്ന കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യരെ സൃഷ്ടിക്കുകയും, അങ്ങനെ ഞാന്‍ അവനെ രൂപപ്പെടുത്തി എന്‍റെ റൂഹ് അവനില്‍ ഊതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന്‍റെ മുമ്പില്‍ സാഷ്ടാംഗത്തില്‍ വീഴണം. ഇബ്ലീസ് ഒഴികെ മലക്കുകള്‍ എല്ലാവരും സാഷ്ടാംഗത്തില്‍ വീണു, ഇബ്ലീസ് സാഷ്ടാംഗപ്രണാമം ചെയ്യുന്നവരില്‍ ഉള്‍പ്പെടാന്‍ വിസമ്മതിച്ചു. ഈ സൂക്തങ്ങളില്‍ മലക്കുകളോട് സാഷ്ടാംഗപ്രണാമം ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇബ്ലീസ് സാഷ്ടാംഗപ്രണാമം ചെയ്തില്ല എന്ന് പറഞ്ഞതില്‍ നിന്നും ഇബ്ലീസ് മലക്കില്‍ പെട്ടവനാണെന്ന് വരുന്നില്ല. 18: 50 ല്‍, അവന്‍ ജിന്നില്‍ പെട്ടവനായിരുന്നു എന്നും; 2: 34; 38: 74 എന്നീ സൂക്തങ്ങളില്‍ അവന്‍ കാഫിറുകളില്‍ പെട്ടവനായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. മനുഷ്യന്‍റെ സൃഷ്ടിപ്പിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ 2: 28; 4: 1 വിശദീകരണം നോക്കുക. 

മനുഷ്യരുടെ മുമ്പ് ജിന്നുകളെ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു എന്ന് 15: 27 ല്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്കുമുമ്പ് സ്വതന്ത്ര സൃഷ്ടികളായ ജിന്നുകളായിരുന്നു ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്രതിനിധികള്‍. ആ ജിന്നുകളുടെ നേതാവായിരുന്നു ഇബ്ലീസ്. ജിന്നുകള്‍ മുഴുവന്‍ അക്രമികളും ധിക്കാരികളുമായി മാറിയപ്പോള്‍ ഇബ്ലീസിന്‍റെ നേതൃത്വത്തില്‍ മലക്കുകള്‍ അവരെ നശിപ്പിക്കുകയാണുണ്ടായത്. ഇബ്ലീസിന് നേതൃത്വപദവി നല്‍കിയത് സ്വതന്ത്രസൃഷ്ടിയായ അവന്‍ അന്ന് വിശ്വാസിയായിരുന്നത് കൊണ്ടാണ്. സര്‍വ്വസ്രഷ്ടാവായ നാഥന്‍റെ മുമ്പില്‍ മാത്രമേ പരമമായ അനുസരണപ്രകടനത്തെ സൂചിപ്പിക്കുന്ന സാഷ്ടാംഗപ്രണാമം ചെയ്യാന്‍ പാടുള്ളൂ. ഒരു സൃഷ്ടിയുടെ മുമ്പിലും അല്ലാഹുവിന്‍റെ ഏറ്റവും ഉല്‍കൃഷ്ടസൃഷ്ടിയായ മനുഷ്യന് സാഷ്ടാംഗപ്രണാമം ചെയ്യല്‍ അനുവദനീയമല്ല, ഇവിടെ സൃഷ്ടിയായ ആദമിന് മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യാന്‍ ഉള്ള കല്‍പന അല്ലാഹുവിന്‍റേത് തന്നെയായതിനാല്‍ യഥാര്‍ത്ഥത്തില്‍ അത് അല്ലാഹുവിനുള്ള സാഷ്ടാംഗപ്രണാമം (പരമമായ അനുസരണപ്രകടനം) തന്നെയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വഹിക്കുന്നവനായതുകൊണ്ട് ഇനി മലക്കുകളും ജിന്നുകളുമടക്കം എല്ലാ സൃഷ്ടികളും മനുഷ്യനെ സഹായിച്ചുകൊണ്ട് അവന്‍റെ വരുതിയില്‍ നിലകൊള്ളണമെന്നാണ് അവന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യാന്‍ കല്‍പിച്ചതിന്‍റെ പൊരുള്‍. സന്മാര്‍ഗവും ദുര്‍മാര്‍ഗവും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സൃഷ്ടികളായ മനുഷ്യരോടും ജിന്നുകളോടും അല്ലാഹു നിര്‍ബന്ധിച്ച് കല്‍പിക്കുകയില്ല. മലക്കുകള്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ പൂര്‍ണ്ണമായി അനുസരിക്കാന്‍ കടമപ്പെട്ട സ്വാതന്ത്ര്യമില്ലാത്ത സൃഷ്ടികളാണെന്ന് 16: 50 ലും 66: 6 ലും പറഞ്ഞിട്ടുണ്ട്. അനുസരണയുള്ള മലക്കുകളായിരുന്നു ആ സദസ്സിലെ ഭൂരിപക്ഷം അംഗങ്ങള്‍, ഇബ്ലീസ് മാത്രമേ സ്വതന്ത്രസൃഷ്ടിയായി അവിടെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് അഭിസംബോധനം മലക്കുകളെ വിളിച്ചുകൊണ്ടായത്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടുള്ള നമസ്കാരങ്ങളില്‍ കോഴി കൊത്തുന്ന വേഗത്തിലുള്ള സാഷ്ടാംഗപ്രണാമം നിര്‍വഹിച്ച് 22: 18 ല്‍ പറഞ്ഞ പ്രകാരം ഹീനമായ ശിക്ഷ ബാധകമായവരായതിനാല്‍ ഇവിടെ പിശാച് സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാതിരുന്നതുപോലെ തിലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയില്ല. 7: 205-206 വിശദീകരണം നോക്കുക.