( അല്‍ ബഖറ ) 2 : 93

وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُمْ بِقُوَّةٍ وَاسْمَعُوا ۖ قَالُوا سَمِعْنَا وَعَصَيْنَا وَأُشْرِبُوا فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُمْ بِهِ إِيمَانُكُمْ إِنْ كُنْتُمْ مُؤْمِنِينَ

ത്വൂര്‍ പര്‍വ്വതത്തെ നിങ്ങളുടെ മേല്‍ ഉയര്‍ത്തിക്കൊണ്ട് നിങ്ങളോട് നാം പ്രതിജ്ഞ വാങ്ങിയ സന്ദര്‍ഭവും; നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപ്പിടിക്കുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക; അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ ധിക്കരിക്കുകയും ചെയ്യുന്നു, അവരുടെ നിഷേധം കാരണം പശുക്കുട്ടിയെ അവരുടെ ഹൃദയത്തില്‍ കുടിയിരുത്തപ്പെട്ടിരുന്നു. നീ പറയുക: നിങ്ങളുടെ ആ വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് എത്ര നികൃഷ്ടം, നിങ്ങള്‍ വിശ്വാസികളായിരുന്നുവെങ്കില്‍!

പശുഭക്തി ഹൃദയത്തില്‍ ലയിച്ച ഇസ്റാഈല്‍ സന്തതികള്‍ അല്ലാഹുവുമായി ചെയ്ത കരാറുകളും ഉടമ്പടികളും ലംഘിച്ചുകൊണ്ട് ധിക്കാരപരമായ ജീവിതമാണ് നയിച്ചിരുന്നത്. പ്രവാചകന്‍റെ സദസ്സില്‍ വന്നിരുന്ന മദീനയിലെ ജൂതര്‍ 'ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ അനുസരിച്ചു' എന്ന് പറയുന്നതിനുപകരം 'ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ ധിക്കരിക്കുകയും ചെയ്യുന്നു' എന്നാണ് പറഞ്ഞിരുന്നത്. ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം ചിട്ടപ്പെടുത്തണം, എന്നാല്‍ മാത്രമേ അല്ലാഹുവിനുവേണ്ടി ജീവിക്കുന്ന വിശ്വാസികളാവുകയുള്ളൂ എന്ന് പറയുമ്പോള്‍, ഞങ്ങള്‍ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്ന ദുരഭിമാനത്തില്‍ നിലകൊള്ളുകയാണ് അവര്‍ ചെയ്യുക. ജൂതന്മാര്‍ പശുക്കുട്ടിയെ പ്രതിഷ്ഠിച്ചതുപോലെ തങ്ങളുടെ ഹൃദയങ്ങളില്‍ സംഘടനകളെയും കാക്കകാരണവന്മാരെയും പ്രതിഷ്ഠിച്ചവരാണ് അവര്‍. മദീനയിലുണ്ടായിരുന്ന ജൂതന്മാര്‍ ഗ്രന്ഥം അവരുടെ മക്കളെ പഠിപ്പിച്ചിരുന്നതുപോലെത്തന്നെയാണ് ഇന്ന് ഇവരും ഇവരുടെ മക്കളെ ആശയമില്ലാതെ ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ സൂക്തങ്ങളുടെ ജീവനായ അര്‍ത്ഥം പഠിപ്പിക്കുന്നുണ്ടെങ്കിലും ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കാത്തവരാണ്. വിവിധ സംഘടനകളായിപ്പിരിഞ്ഞ ഇക്കൂട്ടര്‍ തന്നെയാണ് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. നാഥന്‍റെ വചനമായ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായ ഇവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരം കാഫിറുകള്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ 'നിങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ' എന്ന നരകത്തിന്‍റെ പാറാവുകാരുടെ ചോദ്യത്തിന് മറുപടിയായി 'അതെ, നിശ്ചയം ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നു, അപ്പോള്‍ ഞങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞു; ഞങ്ങള്‍ പറയുകയും ചെയ്തു: അല്ലാഹു ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല -നിങ്ങള്‍ വമ്പിച്ച വഴികേടില്‍ അല്ലാതെയല്ല. ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ചിന്താശക്തി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളാകുമായിരുന്നില്ലല്ലോ' എന്ന് പറയുന്നതാണ് എന്ന് 67: 8-10 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകള്‍ 7: 40; 18: 49; 32: 12, 22; 36: 59 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവരിലെ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന, തര്‍ക്കിക്കുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഇത്തരം അക്രമികള്‍ വിധിദിവസം 'ഓ എന്‍റെ നാശം! അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം ഇന്നാലിന്നവനാണല്ലോ എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെ ആയിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 10, 78; 4: 46; 7: 37 വിശദീകരണം നോക്കുക.