فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَىٰ ۖ بَعْضُكُمْ مِنْ بَعْضٍ ۖ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِنْ دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ثَوَابًا مِنْ عِنْدِ اللَّهِ ۗ وَاللَّهُ عِنْدَهُ حُسْنُ الثَّوَابِ
അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരം നല്‍കി, നിശ്ചയം ഞാന്‍ നിങ്ങളില്‍ ആരുടെയും -പുരുഷനാകട്ടെ അല്ലെങ്കില്‍ സ്ത്രീയാകട്ടെ- കര്‍മ്മങ്ങളില്‍ ഒന്നും തന്നെ പാഴാക്കിക്കളയുന്നവനല്ല, നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നാണല്ലോ, അപ്പോള്‍ ആരാണോ എനിക്കുവേണ്ടി സ്വദേശം വെടിയുന്നവരാവുകയും സ്വഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും എന്‍റെ മാര്‍ഗത്തില്‍ ഉപദ്രവിക്കപ്പെടുകയും എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തത്, അവരുടെ എല്ലാ തിന്മകളും അവരെത്തൊട്ട് ഞാന്‍ നീക്കികളയുക തന്നെ ചെയ്യുന്നതും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ അവര്‍ പ്രവേശിപ്പിക്കപ്പെടുന്നതുമാണ് -അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമായിക്കൊണ്ട്; അല്ലാഹുവോ, അവന്‍റെ പക്കലാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ പ്രതിഫലമുള്ളത്.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് സ്വദേശം വെടിഞ്ഞ് പാലായനമോ യുദ്ധമോ ഒന്നുമില്ല. എന്നാല്‍ ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകളനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജീവിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുമ്പോള്‍ അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന, 25: 17-18 സൂക്തങ്ങളില്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളില്‍ നിന്ന് ശല്യമുണ്ടായിക്കൊണ്ടിരിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാനും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും 2: 186 ല്‍ രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്ന് 13: 14; 40: 50 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ നാഥന്‍റെ വിളിക്ക് ഉത്തരം നല്‍കിയവര്‍ക്ക് ഏറ്റവും ഉല്‍കൃഷ്ടമായ പദവിയുണ്ടെന്നും ആരാണോ അവന് ഉത്തരം നല്‍കാത്തത്, അവര്‍ക്ക് ഏറ്റവും ദുഷിച്ച വിചാരണയുണ്ടെന്നും അന്ന് ഭൂമിയിലുള്ള സര്‍വ്വസ്വവും അത്ര വേറെയും അവന് ലഭിച്ചിട്ട് അതുകൊണ്ട് പ്രായശ്ചിത്തം ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല എന്നും അവരുടെ സങ്കേതം നരകക്കുണ്ഠമാണെന്നും 13: 18 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് ജീവിക്കാന്‍ വിടവാങ്ങല്‍ ഹജ്ജ് ദിനത്തില്‍ തന്നെ പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ച കാലഘട്ടമാണിത്.
സ്ത്രീയും പുരുഷനും ഒറ്റക്കൊറ്റക്കാണ് അവരവരുടെ ജീവിതത്തെക്കുറിച്ച് ഉടമയുടെ മുമ്പില്‍ ഉത്തരം പറയേണ്ടി വരിക. രക്തസാക്ഷ്യം വഹിക്കുന്നവരുടെ കടം ഒഴിച്ചുള്ള എല്ലാ തിന്മകളും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. എന്നാല്‍ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധം കല്‍പ്പിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ രക്തസാക്ഷ്യം വഹിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അദ്ദിക്ര്‍ വായിക്കുകയും തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് സാഷ്ടാംഗ പ്രണാമത്തില്‍ ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന നാഥനോട് ആത്മാവുകൊണ്ട് ഏറ്റുപറയുകയും ലോകരില്‍ നിന്ന് തിന്മകള്‍ നീക്കികളയുക എന്ന ലക്ഷ്യം വെച്ച് തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയാനുള്ള ഉരക്കല്ലായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുകയും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ വാഴ്ത്താനും കീര്‍ത്തനം ചെയ്യാനും അവസരം നല്‍കുക എന്ന ലക്ഷ്യം വെച്ച് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കലും ജൈവകൃഷി ചെയ്യലും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കലും സഹായിക്കലും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും 9: 73; 22: 78; 25: 52; 66: 9 സൂക്തങ്ങള്‍ കല്‍പിക്കുന്ന പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യലുമാണ് അറിവില്ലാത്ത കാലത്ത് ചെയ്ത തെറ്റുകുറ്റങ്ങള്‍ മായ്ച്ച് കളയാനുള്ള ഏകവഴി. ലോകാവസാനത്തിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാലിന്‍റെ പുറപ്പാട് നീട്ടാനുള്ള മാര്‍ഗ്ഗവും അതുതന്നെയാണ്. അതുകൊണ്ട് സ്ത്രീ-പുരുഷഭേദമില്ലാതെ വിശ്വാസികള്‍ ജാതി-മത-ലിംഗ-വര്‍ണ-ദേശ-ഭാഷ ഭേദമന്യേ ലോകര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടതാണ്. 2: 177; 8: 2-4; 3: 43 വിശദീകരണം നോക്കുക.