( അന്നിസാഅ് ) 4 : 113

وَلَوْلَا فَضْلُ اللَّهِ عَلَيْكَ وَرَحْمَتُهُ لَهَمَّتْ طَائِفَةٌ مِنْهُمْ أَنْ يُضِلُّوكَ وَمَا يُضِلُّونَ إِلَّا أَنْفُسَهُمْ ۖ وَمَا يَضُرُّونَكَ مِنْ شَيْءٍ ۚ وَأَنْزَلَ اللَّهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُنْ تَعْلَمُ ۚ وَكَانَ فَضْلُ اللَّهِ عَلَيْكَ عَظِيمًا

അല്ലാഹുവിന്‍റെ ഔദാര്യവും അവന്‍റെ കാരുണ്യവും നിന്‍റെമേല്‍ ഉണ്ടായിരുന്നില്ലെങ്കിലോ, അവരില്‍ ഒരു വിഭാഗം നിന്നെ വഴിപിഴപ്പിക്കാന്‍ ഉദ്യമിക്കുക തന്നെ ചെയ്യുമായിരുന്നു, എന്നാല്‍ അവര്‍ അവരെത്തന്നെയല്ലാതെ വഴിപിഴപ്പിക്കുന്നുമില്ല, നിനക്ക് ഒരു ഉപദ്രവവും വരുത്തുകയുമില്ല, നിന്‍റെമേല്‍ അല്ലാഹു വേദവും തത്വജ്ഞാനവും അവതരിപ്പിച്ചിട്ടുണ്ടല്ലോ, നിന്നെ അറിവില്ലാത്ത പലതും പഠിപ്പിക്കുകയും ചെയ്തിരിക്കുന്നുവല്ലോ, നിന്‍റെമേലുള്ള അല്ലാഹുവിന്‍റെ ഔദാര്യം മഹത്തരവുമായിരിക്കുന്നു.

17: 73-75 സൂക്തങ്ങളില്‍, അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ നാം നിനക്ക് ദിവ്യസന്ദേശമായി നല്‍കിയ ഗ്രന്ഥത്തില്‍ അക്ഷരങ്ങള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് നമ്മുടെ മേല്‍ ഇല്ലാത്തത് കെട്ടിച്ചമച്ച് അവര്‍ നിന്നെ നാശത്തില്‍ അകപ്പെടുത്താന്‍ ശ്രമിക്കുക തന്നെ ചെയ്യുമായിരുന്നു, അങ്ങനെ നീ ചെയ്തിരുന്നുവെങ്കില്‍ അവര്‍ നിന്നെ ആത്മമിത്രമായി തെരഞ്ഞെടുക്കുമായിരുന്നു. നാം നിന്നെ ഉറപ്പിച്ച് നിര്‍ത്തിയിട്ടുണ്ടായിരുന്നില്ലെങ്കില്‍ നീ അല്‍പസ്വല്‍പം അവരിലേക്ക് ചാഞ്ഞുപോവുക തന്നെ ചെയ്യുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഇഹത്തിലും പരത്തിലും ഇരട്ടിശിക്ഷ നാം നിന്നെ രുചിപ്പിക്കുക തന്നെ ചെയ്യും, പിന്നെ നമ്മുടെ മേല്‍ ഒരു സഹായിയെയും നീ കണ്ടെത്തുകയുമില്ല തന്നെ എന്ന് പറഞ്ഞിട്ടുണ്ട്. 

മദീനയില്‍ ബനൂസഫര്‍ ഗോത്രത്തില്‍ പെട്ട തഅ്മത്തുബ്നു ഉബൈരിഖ് എന്ന ഒരാള്‍ ഒരു അന്‍സാരിയുടെ പടയങ്കി മോഷ്ടിച്ചു, കാണാതായ അങ്കിയെപ്പറ്റി ഉടമസ്ഥന്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തഅ്മത്ത് അത് ഒരു ജൂതന്‍റെ പക്കല്‍ സൂക്ഷിക്കാന്‍ കൊടുത്തു. അങ്കിയുടമ പ്രവാചകന്‍റെ മുമ്പാകെ കേസ് ബോധിപ്പിക്കുക യും തഅ്മത്തിനെ സംശയിക്കുന്നതായി ഉണര്‍ത്തുകയും ചെയ്തു. തഅ്മത്ത് സ്വകുടുബക്കാരെ സമീപിച്ച് ഗൂഢാലോചന നടത്തി കുറ്റം ജൂതന്‍റെമേല്‍ ആരോപിക്കാന്‍ തീരുമാനിച്ചു. വിചാരണ നടത്തിയപ്പോള്‍ ജൂതന്‍ വാസ്തവം വെളിപ്പെടുത്തുകയും തന്‍റെ നിരപരാധിത്തം അറിയിക്കുകയും ചെയ്തു. എന്നാല്‍ തഅ്മത്തും കുടുംബവും ശക്തിയായി പക്ഷം പിടിച്ച് വാദിക്കുകയാണുണ്ടായത്. ഇവനോ ഒരു ജൂതന്‍, സത്യത്തെയും അല്ലാഹുവിന്‍റെ പ്രവാച കനെയും നിഷേധിക്കുന്ന ഇവന്‍റെ വാദം ഒരിക്കലും വിശ്വസനീയമല്ല, വിശ്വാസികളായ ഞങ്ങളുടെ വാദമാണ് അംഗീകരിക്കേണ്ടത് എന്ന് അവര്‍ വാദിച്ചു. പ്രത്യക്ഷത്തില്‍ ജൂതനെ സംശയിക്കാനും തഅ്മത്തിനും കൂടുംബത്തിനും അനുകൂലമായി വിധി കല്‍പിക്കാനും ഇടയാക്കുമായിരുന്ന ഈ സാഹചര്യത്തിലാണ് ത്രികാലജ്ഞാനിയായ നാഥന്‍ 4: 105 മുതല്‍ 4: 113 വരെയുള്ള സൂക്തങ്ങള്‍ അവതരിപ്പിക്കുന്നത്. അങ്ങനെ പ്രവാചകന്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം ജൂതന് അനുകൂലമായി വിധി കല്‍പിക്കുകയും ജൂതനെ സംശയിക്കാന്‍ ഇടയായ സാഹചര്യത്തെത്തൊട്ട് അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും ചെയ്തു. ഈ സംഭവത്തില്‍ നിന്നും കിട്ടുന്ന പാഠം വിശ്വാസികള്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായിരിക്കെ സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, വര്‍ഗീയത എന്നീ ദുര്‍ഗുണങ്ങളൊന്നുമില്ലാതെ നിഷ്കളങ്കരായിരിക്കണമെന്നാണ്. 

സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ, എല്ലാ ഓരോ കാര്യവും വിശദീകരിച്ച, 16: 89 ല്‍ പറഞ്ഞ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അത് വന്നുകിട്ടിയിട്ട് അതുകൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞ് അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അവര്‍ അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായവരും നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണെന്ന് 9: 67-68; 18: 101; 25: 33-34; 48: 6; 98: 6 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 62; 10: 57-58 വിശദീകരണം നോക്കുക.