قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّي أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ
നീ ചോദിക്കുക: ഞാന്‍ അല്ലാഹുവിനെയല്ലാതെ സംരക്ഷകനായി തെരഞ്ഞെടുക്കുകയോ, ആകാശങ്ങളെയും ഭൂമിയെയും വിരിപ്പിച്ചുണ്ടാക്കിയവന്‍, അവന്‍ ഭക്ഷിപ്പിക്കുന്നു, അവനെ ആരും ഭക്ഷിപ്പിക്കുന്നില്ല. നീ പറയുക: നിശ്ചയം ഞാന്‍ അവന് സര്‍വ്വാര്‍പ്പണം ചെയ്തവരില്‍ ഒന്നാമനായിരിക്കണമെന്ന് കല്‍പിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടുപോവുകയുമരുതെന്നും.
ആകാശങ്ങളെയും ഭൂമിയെയും വിരിപ്പിച്ചുണ്ടാക്കിയ അല്ലാഹുവിനെക്കൂടാതെ ഞാന്‍ മറ്റ് സംരക്ഷകരെ തെരഞ്ഞെടുക്കുകയോ? അവനാകട്ടെ എല്ലാവരെയും ഭക്ഷിപ്പിക്കുന്നു, അവനെ ആരും ഭക്ഷിപ്പിക്കുന്നുമില്ല. ഞാന്‍ സര്‍വസ്വം അവന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിമായിരിക്കാനും അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്ന മുശ്രിക്ക് ആവാതിരിക്കാനും കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രവാചകനും, അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ഒറ്റപ്പെട്ട വിശ്വാസിയും ഇവിടെ ജീവിക്കുക. അല്ലാഹുവിന് സര്‍വ്വാര്‍പ്പണം ചെയ്തവരില്‍ ഒന്നാമനാകാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് 39: 12 ല്‍ പറഞ്ഞിട്ടുണ്ട്. 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുക വഴി കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകളോട്: 'അല്ലാഹു എല്ലാ വസ്തുക്കളുടെയും ഉടമയായിരിക്കെ ഞാന്‍ അവനെക്കൂടാതെ വേറെ നാഥനെ അന്വേഷിക്കുകയോ' എന്ന് ചോദിക്കാന്‍ 6: 164 ലൂടെയും; ഓ അവിവേകികളേ! അല്ലാഹുവിനെ മാത്രം സേവിക്കുന്നവനാകരുതെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത് എന്ന് ചോദിക്കാന്‍ 39: 64 ലൂടെയും പ്രവാചകനും വിശ്വാസിയും കല്‍പിക്കപ്പെട്ടിട്ടുണ്ട്. 39: 65 ല്‍, നിശ്ചയം നിന്നിലേക്കും നിനക്ക് മുമ്പുള്ളവരിലേക്കും ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുണ്ട്, നീയെങ്ങാനും ശിര്‍ക്ക് ചെയ്താല്‍ നിന്‍റെ കര്‍മങ്ങളെല്ലാം നിഷ്ഫലമാവുകയും നീ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടുപോവുക തന്നെ ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. 23: 88 ല്‍, നീ ചോദിക്കുക: ആരുടെ കയ്യിലാണ് എല്ലാ വസ്തുക്കളുടേയും ആധിപത്യമുള്ളത്, അവന്‍ എല്ലാവര്‍ക്കും അഭയം നല്കുന്നു, അവനോ ആരും അഭയം നല്‍കുന്നുമില്ല, നിങ്ങള്‍ വിവരമുള്ളവരാണെങ്കില്‍? എന്നും; 23: 89 ല്‍, 'അല്ലാഹുവിന്റേതെന്ന്' അപ്പോള്‍ അവര്‍ മറുപടി പറയും; വീണ്ടും ചോദിക്കുക: അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ മാരണത്തിന് വിധേയമാക്കപ്പെട്ടവരാവുന്നത്? എന്നും പറഞ്ഞിട്ടുണ്ട്. 10: 104 അവസാനിക്കുന്നത് 'ഞാന്‍ വിശ്വാസികളില്‍ പെട്ടവനാകണമെന്ന്' കല്പിച്ചുകൊണ്ടും; 10: 105 അവസാനിക്കുന്നത് 'നീ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്നവനാകരുത്' എന്ന് കല്പിച്ചുകൊണ്ടുമാണ്. 2: 113, 135; 3: 83-85, 101-102; 4: 48 വിശദീകരണം നോക്കുക.