( അൽ അന്‍ഫാല്‍ ) 8 : 4

أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَهُمْ دَرَجَاتٌ عِنْدَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

അക്കൂട്ടര്‍, അവര്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ മാന്യമായ പദവികളും പാപമോചനവും മാന്യമായ വിഭവങ്ങളുമുണ്ട്.

യഥാര്‍ത്ഥ വിശ്വാസികളുടെ സ്വഭാവമാണ് മുകളില്‍ ഉദ്ധരിച്ച രണ്ട് സൂക്തങ്ങളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. അക്കൂട്ടര്‍, അവര്‍ തന്നെയാണ് യഥാര്‍ത്ഥവിശ്വാസികള്‍ എന്ന് ഇവിടെയും 74-ാം സൂക്തത്തിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍, അക്കൂട്ടര്‍ അവര്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകള്‍ എന്ന് 4: 150-151 ല്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. അവരുടെ സ്വഭാവങ്ങള്‍ക്ക് നേരെ എതിരാണ് ഇവിടെ വിവരിച്ച വിശ്വാസികളുടെ സ്വഭാവമെന്ന് കാണാം. 36: 10-11 ല്‍, അവരുടെ കാര്യത്തില്‍ നീ മുന്നറിയിപ്പ് നല്‍കലും നല്‍കാതിരിക്കലും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല; നിശ്ചയം ആരാണോ അദ്ദിക്ര്‍ പിന്‍പറ്റുക യും നിഷ്പക്ഷവാനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുകയും ചെയ്യുന്നത്, അവരെ മാത്രമാണ് നീ ഉണര്‍ത്തുക, അപ്പോള്‍ അവന് പാപമോചനവും മാന്യമായ വിഭവങ്ങളുമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമായ, ഒറ്റ ഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണെന്നും അത് അവതരിപ്പിച്ചിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ദൈവവുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് കല്‍പിച്ചുകൊണ്ടാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവരെല്ലാം മിഥ്യയാണ് പിന്‍പറ്റുന്നതെന്നും മിഥ്യയാകട്ടെ ഉടയാനുള്ളതാണെന്നും 17: 81 ല്‍ പറഞ്ഞിട്ടുണ്ട്. 25: 68-70 ല്‍, അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ചുപ്രാര്‍ത്ഥിക്കുക, അല്ലാഹു നിഷിദ്ധമാക്കിയ ആത്മാവിനെ ന്യായം കൂടാതെ വധിക്കുക, വ്യഭിചരിക്കുക എന്നീ മൂന്ന് വന്‍കുറ്റങ്ങള്‍ ചെയ്തവര്‍ കുറ്റകൃത്യത്തില്‍ വീണുകഴിഞ്ഞു, അന്ത്യനാളില്‍ അവര്‍ക്ക് ശിക്ഷ ഇരട്ടിപ്പിച്ച് കൊടുക്കുന്നതാണ്, അതില്‍ അവര്‍ ശാശ്വതരായി നിന്ദ്യരായി കഴിഞ്ഞുകൂടുകയും ചെയ്യും. എന്നാല്‍ ആരാണോ പശ്ചാത്തപിച്ച് ഖേദിച്ചുമടങ്ങുകയും വിശ്വാസം രൂപപ്പെടുത്തുകയും സല്‍കര്‍മ്മങ്ങള്‍ ധാരാളമായി പ്രവര്‍ത്തിക്കുകയും ചെയ്തത്, അപ്പോള്‍ അക്കൂട്ടരുടെ തിന്മകളെല്ലാം അല്ലാഹു നന്മകളാക്കി മാറ്റുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ, അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ ആരോ, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയു ള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 39: 36 ല്‍, അല്ലാഹു പോരെയോ അവന്‍റെ അടിമക്ക്, അവനെക്കൂടാതെയുള്ളവരെക്കൊണ്ട് അവര്‍ നിന്നെ ഭയപ്പെടുത്തുന്നുവല്ലോ! ആരെയാണോ അല്ലാഹു വഴിപിഴപ്പിച്ചത്, അവനെ സന്‍മാര്‍ഗത്തിലാക്കുന്ന ആരും തന്നെയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 39: 41 ല്‍, നിശ്ചയം നിന്‍റെ മേല്‍ സത്യമായ ഈ ഗ്രന്ഥം അവതരിപ്പിച്ചത് മനുഷ്യര്‍ക്കുവേണ്ടി ലക്ഷ്യത്തോടുകൂടിയാണ്, അപ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗത്തിലായത്, അത് അവനുവേണ്ടിത്തന്നെയാണ്, ആരാണോ അതിനെ അവഗണിച്ചത്, അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ്, നിന്നെ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമാക്കിയിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ പരിഹസിക്കുമെന്ന് 83: 29 ലും പറഞ്ഞിട്ടുണ്ട്. 2: 119; 5: 54; 7: 40, 178; 39: 53-55 വിശദീകരണം നോക്കുക.