( അല്‍ ബഖറ ) 2 : 39

وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

ആരാണോ നമ്മുടെ സൂക്തങ്ങള്‍ മൂടിവെക്കുകയും അതിനെ തള്ളിപ്പറയുകയും ചെയ്തത്, അക്കൂട്ടരാണ് നരകവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാണ്.

അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകന്‍മാരെക്കൊണ്ടും വിശ്വസിച്ചവര്‍ തന്നെയാണ് തങ്ങളുടെ നാഥന്‍റെ അടുക്കല്‍ ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നവരും ഗ്രന്ഥത്തിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നവരും, അവര്‍ക്ക് അവരുടെ പ്രതിഫലവും പ്രകാശവുമുണ്ട്, ആരാണോ നമ്മുടെ സൂക്തങ്ങള്‍ മൂടിവെക്കുകയും അതിനെ തള്ളിപ്പറയുകയും ചെ യ്തത്, അക്കൂട്ടര്‍ തന്നെയാണ് ജ്വലിക്കുന്ന നരകത്തിന്‍റെ സഹവാസികള്‍ എന്ന് 57: 19 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണോ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തത്, അക്കൂട്ടരാണ് ജ്വലിക്കുന്ന നരകത്തിന്‍റെ നിവാസികള്‍ എന്ന് 5: 10, 86; 64: 10 എ ന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇവിടെ പറഞ്ഞ മൂടിവെക്കുന്നവര്‍ 'അദ്ദിക്റിന്‍റെ 40 പേരുകളും അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന' കപടവിശ്വാസികളായ നേതാക്കളും, സൂക്തങ്ങളെ തള്ളിപ്പറയുന്നവര്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളുമാണ്. ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ നിശ്ചയം ജ്വലിക്കുന്ന നരകത്തില്‍ തന്നെയാണെന്ന് 82: 14 ല്‍ പറഞ്ഞിട്ടുണ്ട്. 7: 36 ല്‍, നമ്മുടെ സൂക്തങ്ങള്‍ തള്ളിപ്പറയുകയും അതിനോട് അഹങ്കാരം നടിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അക്കൂട്ടര്‍ നരകത്തിന്‍റെ സഹവാസികളും അവര്‍ അതില്‍ നിത്യവാസികളുമാണെന്നും; 7: 40 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങളെ ത ള്ളിപ്പറയുകയും അവയെല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയില്ല, തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല, അപ്രകാരമാണ് നാം ഭ്രാന്തന്‍മാര്‍ക്ക് പ്രതിഫലം നല്‍കുക എന്നും പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പറഞ്ഞ തള്ളിപ്പറഞ്ഞവര്‍ അനുയായികളും അതിനോട് അഹങ്കാരം നടിക്കുന്നവര്‍ കപടവിശ്വാസികളുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഇക്കൂട്ടര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്.

ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയപ്പോള്‍ അതിനെ മൂടിവെക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളതെന്ന് 41: 41-43 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണ് അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍, അല്ലെങ്കില്‍ അവന് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവനേക്കാള്‍ ഏറ്റവും വലിയ അക്രമി, ഇത്തരം കാഫിറുകള്‍ക്ക് നരകകുണ്ഠത്തില്‍ പാര്‍പ്പിടമില്ലെന്നോ എന്ന് 29: 68 ലും 39: 32 ലും അല്ലാഹു ചോദിക്കുന്നു. നമ്മുടെ സൂക്തങ്ങള്‍ മൂടിവെച്ചവരുണ്ടല്ലോ, അവര്‍ നരകത്തീയില്‍ വേവിക്കപ്പെടുകതന്നെ ചെയ്യും, എല്ലാ ഓരോ പ്രാവശ്യവും അവരുടെ തൊലി ഉരുകിയുരുകി ഇല്ലാതാകുമ്പോള്‍ ശിക്ഷ അതിന്‍റെ പൂര്‍ണ്ണരുചിയില്‍ ആസ്വദിക്കുന്നതിനുവേണ്ടി തല്‍സ്ഥാനത്ത് നാം പുതിയ തൊലികള്‍ വെ ച്ചുകൊടുക്കുമെന്ന് 4: 56 ല്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 6-7; 25: 33-34 വിശദീകരണം നോക്കുക.