(യൂനുസ്) 10 : 68
قَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ هُوَ الْغَنِيُّ ۖ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ إِنْ عِنْدَكُمْ مِنْ سُلْطَانٍ بِهَٰذَا ۚ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ

അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് അവര്‍ പറയുന്നു -അവന്‍ അതീവ പരിശുദ്ധന്‍! അവന്‍ സ്വയം പര്യാപ്തനാണ്, ആകാശങ്ങ ളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവനുള്ളതാകുന്നു, ഇതിന് നിങ്ങളുടെ പക്കല്‍ വല്ല പ്രമാണവുമുണ്ടോ? അതോ അല്ലാഹുവിന്‍റെ മേല്‍ നിങ്ങള്‍ അറിവില്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുകയാണോ?

ഇവിടെ 'അല്ലാഹു അതീവ പരിശുദ്ധന്‍' (സുബ്ഹാനല്ലാഹ്) എന്ന വചനം അത്ഭുതം കുറിക്കുന്നതിനും അല്ലാഹു എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കുന്നതിനും വേണ്ടിയാണ് പ്രയോഗിച്ചിട്ടുള്ളത്. അല്ലാഹു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന വാദത്തില്‍ അത്ഭുതം പ്രകടിപ്പിക്കുകയും അവര്‍ക്ക് മറുപടിയായി ന്യൂനതകളില്‍ നിന്ന് പരിശുദ്ധനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് ആരോപിക്കുന്നത് സത്യമല്ലെന്ന് വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്. നിങ്ങളുടെ പക്കല്‍ വല്ല പ്രമാണവുമുണ്ടോ എന്ന് ചോദിച്ചത് വേദഗ്രന്ഥത്തില്‍ നിന്നുള്ള വല്ലതെളിവുമുണ്ടോ എന്നാണ്. 39: 4 കൂട്ടി വായിക്കുക. 

313 പ്രവാചകന്മാരും സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ട് അയക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെക്കൂടാതെ മറ്റൊരു ദൈവവുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെമാത്രം സേവിക്കുവീന്‍ എന്നും മനുഷ്യരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് എന്ന് 16: 22; 21: 24-25 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ജ്ഞാനവും സന്മാര്‍ഗവും പ്രകാശിക്കുന്ന ഗ്രന്ഥവുമായ അദ്ദിക്ര്‍ കൂടാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട് എന്ന് 22: 8; 31: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാഓരോ സമുദായത്തിലേക്കും നാഥന്‍ അദ്ദിക്റും കൊണ്ട് പ്രവാചകന്മാരെ അയച്ചിട്ടുണ്ട്; അപ്പോള്‍ ഈ ജനത നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ ഇതിനുമുമ്പും വിശദീകരണങ്ങളും വേദങ്ങളും പ്രകാശിക്കുന്ന ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ടും ജനതയിലേക്ക് വന്ന പ്രവാചകന്മാരും തള്ളിപ്പറയപ്പെട്ടിട്ടുണ്ട് എന്ന് 35: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ അതിന് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നും മനുഷ്യര്‍ക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ടിട്ടുള്ള അത് അവന്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തുന്നതിന് വേണ്ടിയും അവര്‍ അത് മറ്റുള്ളവരിലേക്ക് ആലോചിച്ച് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാണ് എന്ന് 16: 44 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് പ്രപഞ്ചനാഥനെ ഏക ഉടമയായും ഇലാഹായും രാജാവായും മനുഷ്യര്‍ക്ക് സമര്‍പ്പിക്കല്‍. എന്നാല്‍ 17: 81; 40: 78 സൂക്തങ്ങള്‍ പ്രകാരം സത്യമായ അദ്ദിക്റിനെ അവഗണിച്ച് മിഥ്യയായ ഫുജ്ജാര്‍ ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്ന അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിക്കഴിഞ്ഞു. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകളിലെ കപടവിശ്വാസികളായ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും കുറ്റപ്പെടുത്തുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 116-117; 6: 100; 9: 30-31 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!