( അൽ അഅ്റാഫ് ) 7 : 150

وَلَمَّا رَجَعَ مُوسَىٰ إِلَىٰ قَوْمِهِ غَضْبَانَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِي مِنْ بَعْدِي ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى الْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُ إِلَيْهِ ۚ قَالَ ابْنَ أُمَّ إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ

മൂസാ തന്‍റെ ജനതയിലേക്ക് ദേഷ്യത്തോടെ ദു:ഖിതനായിക്കൊണ്ട് തിരിച്ചുവ ന്ന് ചോദിച്ചു: എനിക്ക് ശേഷം നിങ്ങള്‍ എന്തുമാത്രം ദുഷിച്ച പ്രാതിനിധ്യമാണ് സ്വീകരിച്ചത്, നിങ്ങള്‍ നിങ്ങളുടെ നാഥന്‍റെ കല്‍പ്പനക്കുവേണ്ടി ധൃതി കാണിച്ചുവോ? ഫലകങ്ങള്‍ എറിഞ്ഞുകളയുകയും തന്‍റെ സഹോദരന്‍റെ തലമുടിയില്‍ പിടിച്ച് അവനെ അവനിലേക്ക് വലിച്ചിഴക്കുകയും ചെയ്തു; അവന്‍ പറഞ്ഞു: എന്‍റെ മാതാവിന്‍റെ മകനേ, നിശ്ചയം ഈ ജനം എന്നെ ബലഹീനനാക്കി ഒതുക്കിക്കളഞ്ഞു, എന്നെ അവര്‍ കൊന്നുകളയുമെന്നിടത്തോളമെത്തി, അപ്പോള്‍ എന്‍റെ ശത്രുക്കള്‍ക്ക് നീ ചിരിക്കാന്‍ അവസരമുണ്ടാക്കാതിരിക്കുകയും എന്നെ നീ അക്രമികളായ ഈ ജനത്തില്‍ പെടുത്താതിരിക്കുകയും ചെയ്യുക.

20: 85 ല്‍, സീനാപര്‍വ്വതത്തില്‍ വെച്ച് അല്ലാഹു മൂസാനബിയോട് പറയുന്നു: നിശ്ചയം നിന്‍റെ ജനതയെ നിനക്കുപുറകെ നാം പരീക്ഷണത്തിലകപ്പെടുത്തുകയും 'സാമിരി' അവരെ വഴിപിഴപ്പിക്കുകയും ചെയ്തിട്ടുണ്ട്. 20: 86 ല്‍, അപ്പോള്‍ മൂസാനബി കോപത്തോടും നിരാശയോടും ദുഃഖത്തോടും കൂടി ജനതയിലേക്ക് തിരിച്ചുവരികയും, ഓ എന്‍റെ ജനമേ! നിങ്ങളോട് നിങ്ങളുടെ ഉടമയായ നാഥന്‍ ഏറ്റവും നല്ല വാഗ്ദത്തം ചെയ്തിരുന്നില്ലേ, അപ്പോള്‍ ആ ഉടമ്പടി നിങ്ങള്‍ക്ക് ദീര്‍ഘിച്ചതായി അനുഭവപ്പെട്ടുവോ? അതോ എന്‍റെ വാഗ്ദത്തങ്ങള്‍ ലംഘിക്കുക വഴി നിങ്ങളുടെ നാഥനില്‍ നിന്നുള്ള കോപം നിങ്ങളില്‍ പതിക്കണമെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് എന്ന് ചോദിക്കുകയുണ്ടായി. 20: 90 ല്‍, മൂസാ തിരിച്ച് വരുന്നതിന് മുമ്പ് ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: നിശ്ചയം ഈ പശുക്കുട്ടി വഴി നിങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്, നിശ്ചയം നിങ്ങളുടെ നാഥന്‍ നിഷ്പക്ഷവാനാണ്, അപ്പോള്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുകയും എന്‍റെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുക എന്നും; 20: 91 ല്‍, ആ ജനത മറുപടി പറഞ്ഞു: മൂസാ ഞങ്ങളിലേക്ക് തിരിച്ച് വരുന്നതുവരെ ഞങ്ങള്‍ ഒരിക്കലും അതിനെ പൂജിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയില്ല എന്നും; 20: 92-94 സൂക്തങ്ങളില്‍, മൂസാ ഹാറൂനിനോട് ചോദിക്കുന്നു: ഓ ഹാറൂന്‍, അവര്‍ വഴിപിഴക്കുന്നത് കണ്ടപ്പോള്‍ അത് തടയാതിരിക്കാന്‍ നിനക്ക് എന്തുപറ്റി? നീ എന്‍റെ മാര്‍ഗ്ഗം പിന്‍പറ്റാതിരിക്കുകയും എന്‍റെ കല്‍പന ധിക്കരിക്കുകയും ചെയ്തുവോ? ഹാറൂന്‍ മറുപടി പറഞ്ഞു: 'ഓ എന്‍റെ മാതാവൊത്ത സഹോദരാ, നീ എന്‍റെ താടിയും തലമുടിയും പിടിച്ച് വലിക്കല്ലേ, നിശ്ചയം ഇസ്റാഈല്‍ സന്തതികളില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും എന്‍റെ വാക്കിന് നീ കാത്തിരുന്നില്ല എന്നും നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു'.

20: 94 ലെ ഹാറൂനിന്‍റെ മറുപടി സംഘടനാ താല്‍പര്യത്തിന് വേണ്ടി ശിര്‍ക്ക് വരെ അനുവദനീയമാണെന്ന് വാദിക്കാന്‍ വേണ്ടി വളച്ചൊടിക്കുന്ന ചില കപടവിശ്വാസികള്‍ ഇന്ന് രംഗത്തുണ്ട്. അവര്‍ 20: 90 ല്‍, ഹാറൂന്‍: 'നിങ്ങളുടെ നാഥന്‍ നിഷ്പക്ഷവാനാണ്', അഥവാ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമടങ്ങിയ അദ്ദിക്ര്‍ പഠിപ്പിക്കുക വഴി നന്ദി പ്രകടിപ്പിക്കുന്നവര്‍ അല്ലെങ്കില്‍ നന്ദികെട്ടവര്‍ എന്നീ രണ്ടാലൊരു വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നു എന്ന് പറഞ്ഞതോ; 7: 150 ല്‍, അവര്‍ എന്നെ ഒതുക്കിക്കളഞ്ഞു, അവര്‍ എന്നെ കൊന്നുകളയുമെന്നോളമെത്തി, ഇപ്പോള്‍ നീയും എന്‍റെ താടിയും മുടിയും പിടിച്ച് എന്നോട് ദേഷ്യം കാണിക്കുക വഴി ശത്രുക്കള്‍ക്ക് ചിരിക്കാന്‍ അവസരം നല്‍കല്ലേ, എന്നെ അക്രമികളായ ജനതയില്‍ പെടുത്തുകയും ചെയ്യല്ലേ എന്ന് ഹാറൂന്‍ മൂസായോട് പറഞ്ഞതോ കണ്ടില്ലെന്ന് നടിച്ചുകൊണ്ടും; 2: 137, 176; 3: 103; 6: 158-159; 23: 51-53; 30: 31-32 തുടങ്ങിയ സൂക്തങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ടും മൂടിവെച്ചുകൊണ്ടും ജനങ്ങളെ വിവിധ സംഘടനകളായി വിഭജിച്ചുകൊണ്ട് പിശാചിന്‍റെ സംഘത്തിലേക്ക് വലിച്ചിഴക്കുകയാണ് ഇത്തരം മനുഷ്യപ്പിശാചുക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 2: 62, 159-161, 165-167; 4: 91; 10: 33 വിശദീകരണം നോക്കുക.