وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ
ഏറ്റവും നല്ല പേരുകളെല്ലാം അല്ലാഹുവിനുള്ളതാകുന്നു, അപ്പോള്‍ അവകൊണ്ട് നിങ്ങള്‍ അവനെ വിളിക്കുക, അവന്റെ നാമങ്ങളില്‍ നിന്ന് തെറ്റിച്ചുകളയു ന്നവരായവരെ നിങ്ങള്‍ വെടിയുകയും ചെയ്യുക, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലം നാം അവര്‍ക്ക് നല്കുകതന്നെ ചെയ്യും.
ഏറ്റവും നല്ലതായ അദ്ദിക്ര്‍ അവതരിപ്പിക്കുന്ന അല്ലാഹുവിന്റെ നാമങ്ങളാണ് 'ഏറ്റവും നല്ല നാമങ്ങള്‍'. നിങ്ങള്‍ അല്ലാഹ് എന്നോ നിഷ്പക്ഷവാന് എന്നോ വിളിച്ചുപ്രാര്‍ത്ഥിക്കുക, നിങ്ങള്‍ എങ്ങനെ വിളിച്ചാലും ഏറ്റവും നല്ല പേരുകളെല്ലാം അല്ലാഹുവിനുള്ളതാണ് എന്ന് 17: 110 ല്‍ പറഞ്ഞിട്ടുണ്ട്. 59: 24 ല്‍, അവനാണ് അല്ലാഹു, സ്രഷ്ടാവ് (ആത്മാവിനെ സൃഷ്ടിച്ചവന്), പടച്ചവന് (ശരീരത്തെ സൃഷ്ടിച്ചവന്), സന്തുലിതപ്പെടുത്തിയവന് (ആത്മാവിനെയും ശരീരത്തെയും സംയോജിപ്പിച്ചവന്‍), അപ്പോള്‍ ഏറ്റവും നല്ല പേരുകളെല്ലാം അവനുള്ളതാണ്, അവന് ചോദ്യം ചെയ്യപ്പെടാത്ത അജയ്യനായ യുക്തിജ്ഞനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. വീഴാന്‍ പോകുമ്പോഴും ആപത്ത് ഘട്ടങ്ങളിലും അല്ലാഹുവിനെ അല്ലാഹ് എന്നോ അവന്റെ ഉല്‍കൃഷ്ടനാമങ്ങള്‍ കൊണ്ടോ വിളിക്കുന്നതിന് പകരം ഇടയാളന്മാരും ശുപാര്‍ശക്കാരുമായി അവന്റെ സൃഷ്ടികളെ വിളിച്ചാല്‍ 4: 117 ല്‍ പറഞ്ഞ പ്രകാരം ശപിക്കപ്പെട്ട പിശാചിനെയാണ് അവര്‍ വിളിക്കുന്നത്. നിശ്ചയം നമ്മുടെ സൂക്തങ്ങളെ വളച്ചൊടിക്കുന്നവര്‍ നമ്മില്‍ നിന്ന് മറഞ്ഞുനില്‍ക്കുന്നുമില്ല, അപ്പോള്‍ നരകത്തില്‍ വലിച്ചെറിയപ്പെടുന്നവനാണോ ഉത്തമന്, അതോ അന്ത്യനാളില്‍ സുരക്ഷിതനായി വരുന്നവനാണോ ഉത്തമന്? നിങ്ങള്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക, നിശ്ചയം അവന് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം വീക്ഷിച്ച് കൊണ്ടിരിക്കുന്നവനാണ് എന്ന് 41: 40 ല്‍ പറഞ്ഞിട്ടുണ്ട്. 2: 286; 9: 51 സൂക്തങ്ങളില്‍ അല്ലാഹുവിനെയാണ് ഞങ്ങളുടെ യജമാനന് (മൗലാനാ) എന്ന് പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ആരാണോ അവന്റെ സൃഷ്ടികളില്‍ ആരെയെങ്കിലും മൗലാനാ എന്ന് ചേര്‍ത്ത് വിളിക്കുന്നത്, അവര്‍ തെമ്മാടികളായ കപടവിശ്വാസികളാണ്. 22: 78 ല്‍ വിശ്വാസികളെ വിളിച്ച് 'നിങ്ങള്‍ നാഥനെ മുറുകെപ്പിടിക്കുവീന്‍, അവനാണ് നിങ്ങളുടെ യജമാനന്, എത്ര നല്ല യജമാനന്! എത്ര നല്ല സഹായി!' എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 78; 5: 62-63; 6: 115; 7: 37 വിശദീകരണം നോക്കുക.