( അൽ അന്‍ആം ) 6 : 2

هُوَ الَّذِي خَلَقَكُمْ مِنْ طِينٍ ثُمَّ قَضَىٰ أَجَلًا ۖ وَأَجَلٌ مُسَمًّى عِنْدَهُ ۖ ثُمَّ أَنْتُمْ تَمْتَرُونَ

അവന്‍ തന്നെയാണ് നിങ്ങളെ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചത്, പിന്നെ അവന്‍ നിങ്ങള്‍ക്ക് ഒരു അവധി നിശ്ചയിക്കുകയും ചെയ്തു, അവന്‍റെയടുക്കല്‍ ക്ലിപ്തമാ യ മറ്റൊരു അവധിയുമുണ്ട്, പിന്നെയും നിങ്ങള്‍ സംശയിച്ചുകൊണ്ടിരിക്കുന്നവരാകുന്നു.

മണ്ണിന്‍റെ ഘടകങ്ങളടങ്ങിയതാണ് മനുഷ്യന്‍റെ ശരീരം. ആദ്യമനുഷ്യനായ ആദമിനെ അല്ലാഹു മണ്ണുകൊണ്ട് സൃഷ്ടിക്കുകയും പിന്നെ മനുഷ്യന്‍റെ വംശപരമ്പര ഹീനമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നാക്കുകയും ചെയ്തു. മാതാപിതാക്കള്‍ മണ്ണില്‍ നിന്നുള്ള മണ്ണിന്‍റെ ഘടകങ്ങളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുകയും അതില്‍ നിന്ന് രക്തമുണ്ടാവുകയും അതില്‍ നിന്ന് ഇന്ദ്രിയം രൂപപ്പെടുകയും ചെയ്തു. 2: 28; 4: 1 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിതാവില്‍ നിന്നുള്ള ബീജവും മാതാവില്‍ നിന്നുള്ള അണ്ഡവും കൂടിച്ചേര്‍ന്നാണ് മനുഷ്യശരീരത്തെ നാഥന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ജീവന്‍റെ സാന്നിധ്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തില്‍ നാലാം മാസത്തില്‍ പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ ഒരു മലക്ക് മുഖേന എടുത്ത് മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭ്രൂണത്തിലേക്ക് ആവാഹിപ്പിക്കുന്നു. അതോടുകൂടി ശിശുവിന് ജീവനും ആത്മാവും കൂടിയ റൂഹ് ലഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് രൂപപ്പെടുത്തിയിട്ടുള്ള മനുഷ്യന്‍റെ ഈ ശരീരം ജീവനും ആത്മാവുമടങ്ങിയ റൂഹിന് സഞ്ചരിക്കാനുള്ള വാഹനമാണ്. 6: 60 ല്‍ വിവരിച്ച പ്രകാരം ഈ റൂഹിനെ ശരീരത്തില്‍ നിന്ന് ഊരിയെടുക്കുന്നതിനാണ് മരണമെന്ന് പറയുന്നത്. അത് ഓരോരുത്തരുടെയും കാര്യത്തില്‍ എപ്പോഴാണ് എ ന്ന് ത്രികാലജ്ഞാനിയായ നാഥന്‍ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 

'പിന്നെ അവന്‍ നിങ്ങള്‍ക്ക് ഒരു അവധി നിശ്ചയിക്കുകയും ചെയ്തു' എന്ന് പറഞ്ഞതിലെ അവധി കൊണ്ടുദ്ദേശിക്കുന്നത് ഓരോ വ്യക്തിയുടെയും മരണസമയമാണ്. 'അവന്‍റെയടുക്കല്‍ ക്ലിപ്തമായ മറ്റൊരു അവധിയുമുണ്ട്' എന്ന് പറഞ്ഞതിലെ അവധി അന്ത്യനാളുമാണ്. എല്ലാ ഓരോ സമുദായത്തിനും ഒരു ക്ലിപ്തമായ അവധിയുണ്ട്, ആ അവധി എത്തിയാല്‍ പിന്നീട് ഒട്ടും മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ല എന്ന് 7: 34 ലും 10: 49 ലും പറഞ്ഞിട്ടുണ്ട്. 6: 47 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരുടെ ജനതയില്‍ നിന്നുള്ള എല്ലാവരും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ആ ജനതയെ നശിപ്പിച്ചിട്ടുള്ളത്. അതാണ് ഒരു ജനതക്കുള്ള ക്ലിപ്തമായ അവധി. 1: 3 ല്‍ വിവരിച്ച പ്രകാരം മൊത്തം ലോകത്തിനുള്ള അവധി അന്ത്യദിനമാണ്. 43: 61 ല്‍, ഈസായുടെ രണ്ടാം വരവ് അന്ത്യമണിക്കൂറിന്‍റെ അറിവാക്കി വെച്ചിരിക്കുന്നു, അപ്പോള്‍ അതിന്‍റെ കാര്യത്തില്‍ നീ സംശയിക്കുന്നവനാകരുത് എന്ന് പറഞ്ഞിട്ടുണ്ട്. 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല. 38: 78-81 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാച് പുനര്‍ജന്മനാള്‍ വരെ സമയം നല്‍കണമെന്നാണ് നാഥനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവസാനകാലത്ത് മസീഹുദ്ദജ്ജാലായി വരുന്ന അവന് ഈസാ രണ്ടാമത് വന്ന് കൊല്ലപ്പെടുന്നതുവരെയാണ് അവധി നല്‍കപ്പെട്ടിട്ടുള്ളത്. 2: 147 ല്‍ വിവരിച്ച പ്രകാരം ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ ഏതൊരു വിഷയത്തിലും മറ്റേതൊരു ജനവിഭാഗത്തേക്കാളും സംശയം വെച്ച് പുലര്‍ത്തുന്നവരാണ്. 2: 119; 3: 60, 185; 4: 78-79; 6: 27 വിശദീകരണം നോക്കുക.