أَوَلَمْ يَنْظُرُوا فِي مَلَكُوتِ السَّمَاوَاتِ وَالْأَرْضِ وَمَا خَلَقَ اللَّهُ مِنْ شَيْءٍ وَأَنْ عَسَىٰ أَنْ يَكُونَ قَدِ اقْتَرَبَ أَجَلُهُمْ ۖ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യത്തെക്കുറിച്ച് അവര്‍ നോക്കുന്നില്ലേ?-അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിനെയും, നിശ്ചയം അവരുടെ അവധി അടുത്തുവരാറായി എന്നും, അപ്പോള്‍ ഇതിനുശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?
3: 191-192 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ബുദ്ധിമാന്മാരായ വിശ്വാസികള്‍ ആകാശഭൂമികളുടെയും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളുടെയും സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിച്ച് അതിന്റെ പിന്നിലുള്ള ഏകനായ സ്രഷ്ടാവിനെ കണ്ടെത്തുന്നവരും ഇതെല്ലാം ലക്ഷ്യത്തോടുകൂടി മാത്രം സൃഷ്ടിച്ചതാണ്, അല്ലാതെ വൃഥാ സൃഷ്ടിച്ചതല്ല എന്നും; അതിന്റെ പിന്നിലുള്ള ലക്ഷ്യം മനസ്സിലാക്കി ജീവിച്ചിട്ടില്ലെങ്കില്‍ നാളെ നരകശിക്ഷയാണുള്ളതെന്ന് ഇവിടെവെച്ചുതന്നെ തിരിച്ചറിയുന്നവരും എപ്പോഴും 'അല്ലാഹ്' എന്ന സ്മരണയില്‍ നിലകൊള്ളുന്നവരുമാണ്. 42: 29 ല്‍, ആകാശങ്ങളുടെയും ഭൂമിയുടെയും അവ രണ്ടിലും പരത്തിയിട്ടിട്ടുള്ള ജീവജാലങ്ങളുടെയും സൃഷ്ടിപ്പ് അവന് ഉണ്ട് എന്നതിന് തെളിവാണ്, അവന് ഉദ്ദേശിക്കുമ്പോള്‍ അവയെയെല്ലാം ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവന് തന്നെയാണവന്‍ എന്ന് പറഞ്ഞിട്ടുണ്ട്. 44: 38-39 സൂക്തങ്ങളില്‍, ആകാശഭൂമികളെയും അവയ്ക്ക് രണ്ടിനുമിടയിലുള്ളതിനെയും നാം തമാശയായി സൃഷ്ടിച്ചിട്ടുള്ളതല്ല തന്നെ, അവ രണ്ടിനേയും ലക്ഷ്യത്തോടെയല്ലാതെ സൃഷ്ടിച്ചിട്ടേയില്ല, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവര്‍ തന്നെയാകുന്നു എന്നും; 45: 22 ല്‍, ആകാശങ്ങളെയും ഭൂമിയെയും ലക്ഷ്യത്തോടുകൂടി സൃഷ്ടിച്ചിരിക്കുന്നു -നിങ്ങളില്‍ ഓരോ ആത്മാവിനും അത് സമ്പാദിച്ചതിന് പ്രതിഫലം കൊടുക്കുന്നതിനുവേണ്ടി, അവര്‍ അല്പം പോലും അനീതി കാണിക്കപ്പെടുകയുമില്ല എന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആകാശഭൂമികള്‍ തന്നെയും സൃഷ്ടിച്ചത് മനുഷ്യരെ ഈ ഭൂമിയില്‍ നിയോഗിച്ച് അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണെന്നുള്ള വസ്തുത ത്രാസായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി കണ്ടെത്തണമെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 45: 12-13 സൂക്തങ്ങളില്‍, അല്ലാഹു എന്ന് പറയുന്നവന് കപ്പലോടിക്കുന്നതിനുവേണ്ടി തന്റെ കല്പനപ്രകാരം സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നവനാണ്, നിങ്ങള്‍ അവന്റെ അനുഗ്രഹങ്ങള്‍ തേടിപ്പിടിക്കുന്നതിനും അങ്ങനെ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നതിനും വേണ്ടി, ആകാശഭൂമികളും അവ രണ്ടിലുമുള്ള എല്ലാ ഒന്നും നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു, നിശ്ചയം അതില്‍ ചിന്തിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് ധാരാളം പാഠങ്ങളുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അവന് സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിനെക്കുറിച്ചും പഠിക്കുകയും അതിന്റെ പിന്നിലുള്ള സൃഷ്ടിവൈഭവനെ കണ്ടെത്തുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്. 88: 17 ല്‍, അപ്പോള്‍ അവര്‍ ഒട്ടകത്തിലേക്ക് -അത് എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് നോക്കിയിട്ടില്ലെയോ എന്ന് ചോദിക്കുന്നതിന് മറുപടി: നീ പരിശുദ്ധനാണ് നാഥാ! എന്നാണ്. അഥവാ ആ ഒട്ടകത്തിന്റെ പിന്നിലുള്ള സൃഷ്ടിവൈഭവനെ ഞാന്‍ ആത്മാവ് കൊണ്ട് കണ്ടു, അവന് ഉപമയില്ലാത്ത ഉദാഹരണമില്ലാത്ത എല്ലാറ്റിനും കഴിവുള്ള പരിശുദ്ധനാണ്, അവന്റെ സൃഷ്ടിവൈഭവം അപാരം തന്നെ എന്നാണ്.
'അവരുടെ അവധി അടുത്തുവരാറായി' എന്ന് സൂക്തത്തില്‍ പറഞ്ഞതിന്റെ പൊരുള്‍ മരണത്തിന് അവധി നിശ്ചയിച്ചിട്ടുണ്ട് എന്നും അത് എപ്പോള്‍ വേണമെങ്കിലും വരാമെന്നുമാണ്. മരണശേഷമുള്ള ജീവിതത്തിനുവേണ്ടി ഓരോരുത്തരും എന്താണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് നോക്കിക്കാണാന്‍ 59: 18 ല്‍ അല്ലാഹു വിശ്വാസികളെ വിളിച്ച് കല്പിച്ചിട്ടുണ്ട്. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ബോധത്തോടെ ജീവിക്കണമെന്നാണ് ഇത്തരം സൂക്തങ്ങളെല്ലാം പഠിപ്പിക്കുന്നത്. അതല്ലാതെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത പ്രജ്ഞയറ്റവരും ലക്ഷ്യബോധം നഷ്ടപ്പെട്ട വഴിപിഴച്ച ദുര്‍മാര്‍ഗികളുമായി മാറാന്‍ ഇടവരരുതെന്നുമാണ്. 4: 78, 87; 12: 111; 18: 6 തുടങ്ങി 12 സൂക്തങ്ങളില്‍ പറഞ്ഞ വര്‍ത്തമാനം (ഹദീസ്) അല്ലാഹുവിന്റെ സംസാരമായ അദ്ദിക്ര്‍ തന്നെയാണ്. അല്ലാഹുവിന്റെ സംസാരമായ അദ്ദിക്ര്‍ ഒഴിവാക്കിക്കൊണ്ട് ഇനി മറ്റേതൊരു വര്‍ത്തമാനത്തിലാണ് നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നത് എന്ന ആശയത്തോടുകൂടിയുള്ള സൂക്തമാണ് 77: 50. 45: 6 ല്‍, ഇതെല്ലാം അല്ലാഹുവിന്റെ സൂക്തങ്ങളാണ്, നാം അത് നിനക്ക് ലക്ഷ്യത്തോടുകൂടി വിശദീകരിച്ച് തരികയാണ്, അപ്പോള്‍ അല്ലാഹുവിന് ശേഷവും അവന്റെ സൂക്തങ്ങള്‍ക്ക് ശേഷവും വേറെ ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. 2: 94-95, 281; 4: 1-2, 78; 6: 75 വിശദീകരണം നോക്കുക.