(ഹൂദ്) 11 : 40
حَتَّىٰ إِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ قُلْنَا احْمِلْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ وَمَنْ آمَنَ ۚ وَمَا آمَنَ مَعَهُ إِلَّا قَلِيلٌ

അങ്ങനെ നമ്മുടെ കല്‍പന വന്നെത്തുകയും അടുപ്പില്‍ ഉറവ പൊട്ടുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാഓരോ ജീവജാലങ്ങളില്‍ നിന്നും രണ്ട് ജോടികളെയും ആരുടെ മേലാണോ വചനം മുന്‍കടന്നത് അവരൊഴികെയുള്ള നിന്‍റെ കുടുംബത്തെയും വിശ്വാസികളെയും ആ കപ്പലില്‍ കയറ്റികൊള്ളുക, അവനോടൊപ്പം വിശ്വാസികളായിട്ട് കുറച്ചുപേരല്ലാതെ ഉണ്ടായിരുന്നുമില്ല.

23: 27 ലും ഇതേ കാര്യം പരാമര്‍ശിക്കുന്നുണ്ട്. ബൈബിളിന്‍റെ വിശദീകരണമനുസരിച്ച് പ്രവാചകന്‍ നൂഹ് നിര്‍മ്മിച്ച കപ്പലിന് മൂന്ന് തട്ടുകളാണുണ്ടായിരുന്നത്. അടിയിലെ തട്ടില്‍ ജന്തുവര്‍ഗങ്ങളില്‍ നിന്നുള്ള ഈ രണ്ട് ജോടികളെയും മധ്യത്തില്‍ വിശ്വാസികളായ മനുഷ്യരെയും മുകളിലെ തട്ടില്‍ പക്ഷികളില്‍ നിന്നുള്ള ഈരണ്ട് ജോടികളെയുമായിരുന്നു കയറ്റിയിരുന്നത്. ഒരു പ്രത്യേക അടുപ്പില്‍ നിന്ന് ഉറവ പൊട്ടിയൊഴുകി ക്കൊണ്ടായിരുന്നു പ്രളയം ആരംഭിച്ചത്, പിന്നെ മഴ ശക്തിപ്രാപിക്കുകയും ഭൂമിയില്‍ സര്‍വ്വത്ര ഉറവകള്‍ പൊട്ടിയൊഴുകുകയും ചെയ്തു. അടുപ്പില്‍ നിന്ന് വെള്ളം പൊട്ടിയൊഴുകിയത് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ 11: 44 ല്‍, മഴ വര്‍ഷിച്ചതിന് തെളിവ് ലഭിക്കുന്നുണ്ട്. 54: 11-12 സൂക്തങ്ങളില്‍, കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നു, ഭൂമിയെ പ്രസവിപ്പിച്ച് പുഴകളാക്കി, അങ്ങനെ വിധിക്കപ്പെട്ടിരുന്ന കാര്യം നിവര്‍ത്തിക്കുന്നതിന് വേണ്ടി ജലമൊക്കെയും കൂടിച്ചേര്‍ന്നു എന്ന് പറഞ്ഞിട്ടുണ്ട്. 'ആരുടെ മേലാണോ വചനം മുന്‍കടന്നത്' എന്ന് പറഞ്ഞത് 11: 45 ല്‍ പറഞ്ഞ പ്രവാചകന്‍ നൂഹിന്‍റെ ഒരു മകനെയും 66: 10 ല്‍, കാഫിറുകള്‍ക്ക് മാതൃകയായി എടുത്തുദ്ധരിച്ച നൂഹിന്‍റെ സ്ത്രീയേയുമാണ്. 11: 37 ല്‍ 'അക്രമികളെക്കുറിച്ച് എന്നോട് സംസാരിക്കേണ്ടതില്ല' എന്ന് പറഞ്ഞതിലെ അക്രമികളും അവര്‍ തന്നെയാണ്.

29: 14 ല്‍ പറഞ്ഞതുപോലെ പ്രവാചകന്‍ നൂഹ് തൊള്ളായിരത്തി അന്‍പത് വര്‍ഷക്കാലം പ്രബോധനം നടത്തിയിട്ടും ഏതാനും ചിലര്‍ മാത്രമാണ് വിശ്വാസം സ്വീകരിച്ചത്. നൂഹിന്‍റെ പുത്രന്‍മാരുടെ മാത്രമല്ല, കപ്പലില്‍ കയറ്റി രക്ഷപ്പെടുത്തിയ എല്ലാവരുടെയും സന്താനപരമ്പരയാണ് പില്‍ക്കാലത്ത് വന്നിട്ടുള്ള മനുഷ്യസമൂഹം. 36: 41 ല്‍, നിശ്ചയം നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തിയവരുടെ പിന്‍ഗാമികളാണ് ഇവര്‍ (മക്കാമുശ്രിക്കുകള്‍) എന്നത് അവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലെയോ എന്ന് ചോദിക്കുന്നുണ്ട്. 17: 3 ല്‍, നൂഹിനോടൊപ്പം കപ്പലില്‍ വഹിച്ചവരുടെ സന്തതികളില്‍ പെട്ടവരാണ് ഇസ്റാഈല്‍ സന്തതികളെന്ന് പറഞ്ഞിട്ടുണ്ട്. നാഥന്‍റെ സന്ദേശം എത്തിച്ച് തരുന്നതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കുന്നില്ല, എന്‍റെ പ്രതിഫലം സര്‍വലോകങ്ങളുടെയും ഉടമയിലല്ലാതെ അല്ല. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുവീന്‍ എന്ന് പ്രവാചകന്‍ നൂഹ് തന്‍റെ ജനതയോട് പറഞ്ഞതായി 26: 109-110 സൂക്തങ്ങളിലും; നിന്നെ പിന്‍പറ്റുന്നത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയോ എന്ന് ജനതയിലെ പ്രമാണിമാര്‍ ചോദിച്ചതായി 26: 111 ലും; അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ ക്കുറിച്ച് എനിക്ക് ഒരു അറിവുമില്ല. നിശ്ചയം, അവരുടെ വിചാരണ എന്‍റെ നാഥന്‍റെ പക്കലല്ലാതെയല്ല, നിങ്ങള്‍ തിരിച്ചറിവുള്ളവരായിരുന്നുവെങ്കില്‍! ഞാന്‍ വിശ്വാസികളെ ആട്ടിയകറ്റുന്നവനുമല്ല, നിശ്ചയം ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരനല്ലാതെയല്ല എന്ന് നൂഹ് പറഞ്ഞതായി 26: 112-115 സൂക്തങ്ങളിലും; നീ വിരമിക്കുന്നില്ലെങ്കില്‍ ഓ നൂ ഹേ, നിശ്ചയം നീ എറിഞ്ഞോടിക്കപ്പെടുന്നവരില്‍ പെട്ടുപോവുകതന്നെ ചെയ്യും എന്ന് ജനത പറഞ്ഞതായി 26: 116 ലും; എന്‍റെ നാഥാ, നിശ്ചയം എന്‍റെ ജനത എന്നെ കളവാ ക്കി തള്ളിപ്പറഞ്ഞിരിക്കുന്നു, അപ്പോള്‍ നീ എനിക്കും അവര്‍ക്കുമിടയില്‍ ഒരു തീരുമാനം എടുക്കുകയും എന്നെയും വിശ്വാസികളില്‍ നിന്ന് എന്നോടൊപ്പമുള്ളവരെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ! എന്ന് നൂഹ് പ്രാര്‍ത്ഥിച്ചതായി 26: 117-118 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 26: 119-121 സൂക്തങ്ങളില്‍, അപ്പോള്‍ അവനെയും അവനോടൊപ്പമുള്ളവരെയും നിറക്കപ്പെട്ട കപ്പലില്‍ നാഥന്‍ രക്ഷപ്പെടുത്തി. പിന്നെ അതിനുശേഷം ബാക്കി യുള്ളവരെ മുക്കിക്കൊല്ലുകയും ചെയ്തു. നിശ്ചയം അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്, എന്നാല്‍ അവരില്‍ അധികപേരും വിശ്വാസികളായില്ല എന്നും പറഞ്ഞിട്ടുണ്ട്. 19: 58 ല്‍, അക്കൂട്ടരെല്ലാമാണ് ആദം സന്തതിപരമ്പരകളില്‍ നിന്ന് അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് വിധേയമായിട്ടുള്ള നബിമാരില്‍ നിന്നുള്ള ചിലര്‍, നൂഹിന്‍റെകൂടെ നാം കപ്പലില്‍ വഹിപ്പിച്ചവരില്‍ നിന്നുള്ള ചിലര്‍, ഇബ്റാഹിമിന്‍റേയും ഇസ്റാഈലിന്‍റെയും സന്തതിപരമ്പരകളില്‍പെട്ട ചിലര്‍, നാം സന്മാര്‍ഗത്തിലാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളവരില്‍ നിന്നുള്ള ചിലര്‍; നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ അവരുടെ മേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ ഉടനെത്തന്നെ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 1: 6; 7: 64, 205-206; 10: 103 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!