നരകാഗ്നിയില്‍ അത് ചുട്ടുപഴുപ്പിക്കുകയും അതുകൊണ്ട് അവരുടെ നെറ്റികളും അവരുടെ പാര്‍ശ്വങ്ങളും അവരുടെ മുതുകുകളും പൊള്ളിക്കുകയും ചെയ്യുന്ന ദിനം! ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കി വെച്ചിരുന്ന നിധി, അപ്പോള്‍ നിങ്ങള്‍ തങ്കരിച്ചുകൊണ്ടിരുന്നത് നിങ്ങള്‍ ആസ്വദിച്ചുകൊള്ളുവീന്‍!
സമ്പത്തില്‍ നിന്ന് അല്ലാഹുവിന്‍റെ വിഹിതവും ദരിദ്രന്‍റെ അവകാശവുമായ സകാത്ത് (നിര്‍ബന്ധദാനം) കൊടുക്കാതിരുന്നാലും കണക്കനുസരിച്ചുള്ള സകാത്ത് നല്‍കുന്നതോടെ സമ്പത്ത് ശുദ്ധീകരിക്കപ്പെടുമെങ്കിലും അത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതെ കെട്ടിപ്പൂട്ടിവെച്ചാലും അതും നരകാഗ്നിയില്‍ ചുട്ടുപഴുപ്പിച്ച് അവരെ പൊള്ളിക്കുമെന്നാണ് സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും വിധിദിവസം ചോദിക്കപ്പെടുന്നതാണ് എന്ന് 102: 8 ല്‍ പറഞ്ഞിട്ടുണ്ട്. 6: 165 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളതിന്‍റെ ലക്ഷ്യം അവര്‍ക്ക് നല്‍കിയിട്ടുള്ള ആയുസ്സ്, അറിവ്, സമ്പത്ത് തുടങ്ങിയവയില്‍ അവരെ പരീക്ഷിക്കാനാണ്. പിശാചാണ് സമ്പത്ത് തങ്കരിച്ചുവെക്കുന്നതിനും പിശുക്ക് കാണിക്കുന്നതിനും കല്‍പിക്കുന്നത്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ കാഫിറാണെന്നും അവര്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും 4: 37-38 സൂക്തങ്ങളിലും, ധൂര്‍ത്തായി ചെലവഴിക്കുന്നവര്‍ പിശാചിന്‍റെ സഹോദരന്‍മാരാണെന്ന് 17: 27 ലും പറഞ്ഞിട്ടുണ്ട്.
സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍ക്ക് സകാത്ത് കൊടുത്താല്‍ മതി, കടലാസ് നോട്ടുകള്‍ക്ക് സകാത്ത് കൊടുക്കേണ്ടതില്ലെന്നും, ആഭരണമായി സ്വര്‍ണ്ണം തങ്കരിക്കുകയാണെങ്കില്‍ അതിന് പരിധിയില്ലെന്നും നൂറും ഇരുന്നൂറുമെല്ലാം പവന്‍ ആകാമെന്നും കപടവിശ്വാസികളായ നേതാക്കന്മാര്‍ സാധാരണക്കാര്‍ക്ക് മതവിധി നല്‍കാറുണ്ട്. എന്നാല്‍ ഈ മതവിധി നല്‍കുന്ന കപടവിശ്വാസികള്‍ 4: 145 ല്‍ വിവരിച്ച പ്രകാരം വിചാരണകൂടാതെ നരകത്തില്‍ പോകുന്നവരും അത് സ്വീകരിച്ച് അല്ലാഹുവിന്‍റെ പ്രവാചകനെ ധിക്കരിച്ചുകൊണ്ട് ആഭരണങ്ങള്‍ അണിഞ്ഞ് ഇവിടെ ജാഹിലിയ്യാ അലങ്കാരവും പൊങ്ങച്ചവും വെളിപ്പെടുത്തി ജീവിക്കുന്ന അനുയായികള്‍ 39: 71-72 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളുമാണ്. സ്ത്രീകളെയാണ് ഇസ്റാഅ്-മിഅ്റാജ് രാത്രിയില്‍ നരകത്തില്‍ അധികം കണ്ടതെന്ന് പ്രവാചകന്‍ പറഞ്ഞതിന് ഒരുകാരണം ഇതാണ്. പ്രിയതമന്‍റെ കിടപ്പറയില്‍ മാത്രമേ ചമഞ്ഞൊരുങ്ങി ഭംഗി പ്രകടിപ്പിക്കാവൂ എന്ന 24: 31; 33: 33-34 സൂക്തങ്ങളുടെ കല്‍പനകളെല്ലാം അവഗണിച്ചുകൊണ്ട് പുറത്തുപോകുമ്പോഴും പൊതുസദസ്സുകളിലും വിവാഹവേളകളിലും മറ്റുമാണ് അവര്‍ ആഭരണങ്ങളെല്ലാം കെട്ടിച്ചമയുന്നത്. 7: 26 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ആശയമായ 'സൂക്ഷ്മതാ വസ്ത്രം' എടുക്കുന്ന വിശ്വാസിനികള്‍ ആഭരണങ്ങള്‍ ധരിക്കുന്നത് തന്നെ ഇഷ്ടപ്പെടുകയില്ല.
ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും ഐഹികജീവിതത്തിനും ദേഹേച്ഛക്കും പ്രാധാന്യം കൊടുക്കുന്നവരാണെന്ന് 3: 14-15, 180 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഇന്ന് ലോകത്തെവിടെയും ധൂര്‍ത്തടിച്ചു ജീവിതം നയിക്കുന്നവര്‍ കൂടുതലും ഫുജ്ജാറുകളാണ്. അവരുടെ പ്രദേശങ്ങളില്‍ പലചരക്ക് കടകളെക്കാള്‍ സ്വര്‍ണ്ണക്കടകള്‍ ഇന്ന് വര്‍ദ്ധിച്ചിട്ടുള്ളതായി കാണാം. ഭക്ഷണത്തി്നും മറ്റു അവശ്യകാര്യങ്ങള്‍ക്കും പണം ചെലവഴിക്കുന്നതിനേക്കാള്‍ ആര്‍ഭാടത്തിനും രോഗചികിത്സക്കും പണം ചെലവഴിക്കുന്നതും ഏറ്റവും കൂടുതല്‍ അവരാണെന്ന് കാണാം. രോഗശമനവും കാരുണ്യവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളാവാതെ അതിനെ മൂടിവെക്കുന്ന അക്രമികളായതാണ് അതിനുകാരണം. അവരിലുള്ള കപടവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും അദ്ദിക്റിനെ ജീവിപ്പിക്കുന്ന കാര്യത്തില്‍ കൈചുരുട്ടുന്ന പിശുക്കന്‍മാരാണെന്ന് 9: 67 ല്‍ പറഞ്ഞിട്ടുണ്ട്. 35: 32 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്ന് ആരാണോ എല്ലാ അനുഗ്രഹങ്ങളും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സ്വര്‍ഗം സമ്പാദിക്കാത്തത്, അവര്‍തന്നെയാണ് 2: 254; 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും അക്രമികളും. അവര്‍ 2: 286 ല്‍ വിവരിച്ച പ്രകാരം ഏഴാം ഘട്ടത്തിലേക്ക് വേണ്ടി നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്ന ത്. 3: 91; 6: 25-26; 8: 22, 55 വിശദീകരണം നോക്കുക.