( അൽ അഅ്റാഫ് ) 7 : 168

وَقَطَّعْنَاهُمْ فِي الْأَرْضِ أُمَمًا ۖ مِنْهُمُ الصَّالِحُونَ وَمِنْهُمْ دُونَ ذَٰلِكَ ۖ وَبَلَوْنَاهُمْ بِالْحَسَنَاتِ وَالسَّيِّئَاتِ لَعَلَّهُمْ يَرْجِعُونَ

നാം അവരെ ഭൂമിയില്‍ നിരവധി വിഭാഗങ്ങങ്ങളായി ഛിന്നഭിന്നമാക്കി, അവരില്‍ സജ്ജനങ്ങളായിട്ടുള്ളവരുണ്ട്, അവരില്‍ അങ്ങനെയല്ലാത്തവരുമുണ്ട്, നാം അവരെ നന്മകള്‍ കൊണ്ടും തിന്മകള്‍ കൊണ്ടും പരീക്ഷിച്ചുകൊണ്ടിരുന്നു-അവര്‍ ജീവിത ലക്ഷ്യത്തിലേക്ക് മടങ്ങുന്നതിനുവേണ്ടി.

2: 84-85 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മദീനയില്‍ ബനൂഖുറൈള, ബനൂനളീര്‍, ബനൂഖൈനുഖാഅ് എന്നീ ജൂതഗോത്രക്കാരാണ് പ്രവാചകന്‍റെ കാലത്ത് ഉണ്ടായിരുന്നത്. അവര്‍ ഇസ്ലാമിനും പ്രവാചകനും എതിരായി ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതായി 3: 72 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും ജൂതന്മാരും പ്രവാചകന്‍ ഗ്രന്ഥം വിശദീകരിക്കുന്ന സദസ്സില്‍ ഹാജരായിരുന്നത് ഗ്രന്ഥം മനസ്സിലാക്കണമെന്നും അതിനെ സത്യപ്പെടുത്തി ജീവിക്കണമെന്നുമുള്ള ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല. മറിച്ച് അവരുടെ നേതാക്കള്‍ക്ക് വേണ്ടിയും 3: 78; 4: 46; 5: 41 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സൂക്തങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ ഗ്രന്ഥത്തില്‍ നിന്ന് തടയാന്‍ ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു. 5: 11 ല്‍ വിവരിച്ച പ്രകാരം അവര്‍ പ്രവാചകനെ വധിക്കാന്‍ പോലും വിഫലശ്രമം നടത്തുകയുണ്ടായി. ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി കപടവിശ്വാസികളുമായി കൂടിച്ചേര്‍ന്ന് അവര്‍ നടത്തിയ വഞ്ചനകളും നിഗൂഢശ്രമങ്ങളും കാരണം ഈ മൂന്ന് ജൂതഗോത്രക്കാരെയും ഘട്ടം ഘട്ടമായി മദീനയില്‍ നിന്ന് ഖൈബറിലേക്ക് നാട് കടത്തുകയാണുണ്ടായത്.

 ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറി കഴിഞ്ഞുകൂടുകയായിരുന്ന ജൂതന്മാര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും മുഴുകി എംബസി ജീവനക്കാരെ തട്ടിക്കൊണ്ടുപോകല്‍, ബോംബുസ്ഫോടനം, രക്തച്ചൊരിച്ചില്‍ തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അങ്ങനെ അവരെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് അവര്‍ക്ക് ഇസ്റായേല്‍ എന്ന ഒരു രാഷ്ട്രം തന്നെ 1948 ല്‍ ഉണ്ടാക്കിക്കൊടുത്തു. ക്രമേണ വിവിധ രാഷ്ട്രങ്ങളിലുള്ള ജൂതന്മാര്‍ അവരുടെ വാഗ്ദത്തഭൂമിയായ ഇസ്റായേലിലേക്ക് കുടിയേറിപ്പാര്‍ത്തു. 

പ്രവാചകന് ശേഷം നാല് ഖലീഫമാരില്‍ മൂന്നുപേരും ജൂതന്മാരുടെയും കപടവിശ്വാസികളുടെയും ഗൂഢതന്ത്രത്തിന്‍റെ ഭാഗമായി വധിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ നാലാമത്തെ ഖലീഫ അലിയുടെയും മക്കളായ ഹസ്സന്‍, ഹുസ്സൈന്‍ എന്നിവരുടെയും വധത്തിന് ശേഷം അറബി ഖുര്‍ആന്‍ വായിക്കുന്നവര്‍ 3: 7 ല്‍ വിവരിച്ച പ്രകാരം മുഅ്മിന്‍, കാഫിര്‍, ഫാജിര്‍ എന്നീ മൂന്ന് വിഭാഗങ്ങളായിത്തീര്‍ന്നു. അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ഒറ്റ സംഘമായി നിലകൊള്ളാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ ഗ്രന്ഥത്തെ തുണ്ടം തുണ്ടമായി ഭാഗം വെച്ച് ജൂതക്രൈസ്തവരേക്കാള്‍ വിവിധ സംഘടനകളായിപ്പിരിഞ്ഞ് 30: 30-32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം യഥാര്‍ത്ഥ മുശ്രിക്കുകളായി കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെടുകയാണുണ്ടായത്. 3: 110-112 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു ഉത്തമസമുദായമായി നിലകൊള്ളാന്‍ കല്‍പിക്കപ്പെട്ട അവര്‍ ഗ്രന്ഥത്തെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ലോകത്തെവിടെയും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമായ തെമ്മാടികളായിരിക്കുകയാണ്. 

എക്കാലത്തുമുള്ള പ്രവാചകന്മാരെയും ജനങ്ങളെയും തിന്മ കൊണ്ടും നന്മ കൊണ്ടും പരീക്ഷിക്കുന്നതിനുവേണ്ടിയും, അവര്‍ക്ക് നല്‍കിയതില്‍ പരീക്ഷിക്കുന്നതിനുവേണ്ടിയുമാണ് ഭൂമിയില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് 5: 48; 6: 165; 21: 35 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായിത്തീര്‍ന്ന കപടവിശ്വാസികള്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരികയില്ല എന്ന് 2: 18, 170-171; 17: 96-98 എന്നീ സൂക്തങ്ങളിലെല്ലാം ഇവര്‍ വായിച്ചിട്ടുണ്ട്. ഇക്കൂട്ടരെപ്പോലെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക എന്ന് 6: 47; 46: 35 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെല്ലായിടത്തുമുള്ള അന്ത്യപ്രവാചകന്‍റെ ജനതയാണ് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളേക്കാള്‍ എല്ലാ തിന്മകളിലും മുഴുകി 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റി ജീവിക്കുന്നത്. അവര്‍ തന്നെയാണ് 25: 17-18 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കെട്ടജനതയും. 7: 40-41, 95-96; 9: 28; 10: 33 15: 44 വിശദീകരണം നോക്കുക.