( അസ്സജദഃ ) 32 : 25

إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

നിശ്ചയം നിന്‍റെ നാഥന്‍ അവന്‍ തന്നെ, അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ വിധിദിവസം അവര്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുന്നതാണ്.

16: 64 ല്‍, നാം നിന്‍റെമേല്‍ ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുമില്ല, എന്തൊന്നിന്‍റെ കാര്യത്തിലാണോ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നത്, അത് അവര്‍ക്ക് നീ വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടിയല്ലാതെ, അത് വിശ്വാസികളായ ഒരു ജനതക്ക് സന്മാര്‍ഗവും കാരുണ്യവും തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ അവരുടെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ഇവിടെവെച്ചുതന്നെ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്നവരായതിനാല്‍ 2: 186; 7: 8-9; 39: 69, 75; 47: 8-9 സൂക്തങ്ങള്‍ പ്രകാരം അവരുടെ കര്‍മരേഖയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിധിദിവസം തൂക്കം ലഭിക്കുന്നതാണ്. ആരാണോ ഇഹലോകത്തുവെച്ച് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്തത്, അവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ അവര്‍ക്ക് സത്യം വെളിവാക്കിക്കൊടുക്കുന്നതിനും കാഫിറുകളായവര്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെയുമായിരുന്നു എന്ന് അവര്‍ അറിയുന്നതിനും വേണ്ടിയാണ് വിധിദിവസം നിശ്ചയിച്ചിട്ടുള്ളത് എന്ന് 16: 39 ലും പറഞ്ഞിട്ടുണ്ട്.

നിശ്ചയം കപടവിശ്വാസികള്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് 63: 1 അവസാനിക്കുന്നത്. പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്ന വിശ്വാസിയോട് ചോദിക്കുന്നത് 'ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങളില്‍ അല്ലാഹു വിധികല്‍പിക്കുമെന്നല്ലേ പറഞ്ഞിട്ടുള്ളത്, പിന്നെ നിങ്ങളെന്തിനാണ് ഇന്നയിന്ന ആളുകളെക്കുറിച്ച് അവര്‍ കാഫിറുകളാണ്, അക്രമികളാണ്, തെമ്മാടികളാണ്, ഭ്രാന്തന്മാരാണ് എന്നെല്ലാം ആക്ഷേപിക്കുന്നതും അവര്‍ നരകത്തിലേക്കാണ് എന്ന് പറയുന്നതും? അതുപോലെത്തന്നെ ഗ്രന്ഥം വന്നുകിട്ടിയിട്ടില്ലാത്ത ഇതര ജനവിഭാഗങ്ങളെ സ്വര്‍ഗമോ നരകമോ അല്ലാത്ത മറ്റുലോകങ്ങളിലേക്കാണ് സര്‍വലോകങ്ങളുടെയും ഉടമയായ അല്ലാഹു അയക്കുക എന്ന് വിധിപറയാന്‍ നിങ്ങളാരാണ്' എന്നെല്ലാമാണ്. അദ്ദിക്ര്‍ കൊണ്ട് ഇഹലോകത്തുവെച്ച് വിധികല്‍പിക്കുന്ന വിശ്വാസിയെക്കുറിച്ച് ഈ കെട്ടജനത 38: 8; 54: 25 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം 'നമ്മുടെ ഇടയില്‍ നിന്ന് ഇവന്‍റെ മേലാണോ അദ്ദിക്ര്‍ അവതരിച്ചിട്ടുള്ളത്? അല്ല, ഇവന്‍ ഒറ്റയാനാ യ നുണ പറയുന്നവന്‍ തന്നെയാണ്' എന്ന് പറയുന്നതാണ്. സത്യമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ അറിഞ്ഞുകൊണ്ട് മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് 2: 79; 17: 81 തുടങ്ങിയ സൂക്തങ്ങളെ ധിക്കരിച്ചുകൊണ്ട് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്നവരും അനുയായികളെ ആ വഴി പിന്‍പറ്റാന്‍ കല്‍പിക്കുന്നവരുമാണ് 2: 99; 9: 67-68; 10: 33; 59: 19 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളായ തെമ്മാടികള്‍. 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമായ അവര്‍ ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതാണ്. 

39: 46 പ്രകാരം വിശ്വാസി ആത്മാവുകൊണ്ട് എപ്പോഴും 'ആകാശഭൂമികളെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച ഉടമയായ നാഥാ! ദൃശ്യങ്ങളും അദൃശ്യങ്ങളും അറിയുന്നവനേ! നിന്‍റെ അടിമകള്‍ ഭിന്നിച്ച വിഷയങ്ങളില്‍ ഞങ്ങളെ നീ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്ക് മാര്‍ഗദര്‍ശനം ചെയ്യേണമേ!' എന്ന് നാഥനെ വാഴ്ത്തുകയും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ്. പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ചുകൊണ്ട് വിശ്വാസി സ്വര്‍ഗത്തിലേക്കുള്ള ഏകസംഘമായ അല്ലാഹുവിന്‍റെ സംഘത്തില്‍ ഉള്‍പ്പെട്ട് തന്‍റേടത്തോടെ ഇവിടെ ജീവിക്കുകതന്നെ വേണമെന്ന് 2: 256 ല്‍ പറഞ്ഞിട്ടുണ്ട്. 2: 113, 213; 3: 101-102 വിശദീകരണം നോക്കുക.