( അല്‍ ജുമുഅഃ ) 62 : 9

يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! ജുമുഅഃ ദിവസം നമസ്കാരത്തിന് നിങ്ങള്‍ വിളിക്കപ്പെട്ടാല്‍ അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ സ്മരണയിലേക്ക് ക്രയവിക്രയങ്ങളെല്ലാം വെടിഞ്ഞുകൊണ്ട് ഉളരുവീന്‍, അതായിരിക്കും നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ വിവരമുള്ളവര്‍ തന്നെയാണെങ്കില്‍.

വെള്ളിയാഴ്ച ദിവസം നമസ്കാരത്തിനുവേണ്ടി വിളിക്കപ്പെട്ടാല്‍ എന്ന് പറഞ്ഞത് ള്വുഹ്ര്‍ നമസ്കാരത്തിന് പകരമുള്ള ജുമുഅഃ നമസ്കരത്തിനുവേണ്ടി വിളിക്കപ്പെട്ടാല്‍ എന്നാണ്. വിശ്വാസികളേ എന്ന് ബഹുവചനത്തില്‍ വിളിച്ചതുകൊണ്ട് വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ മാത്രമേ ജുമുഅഃ നിര്‍ബന്ധമാവുകയുള്ളൂ. വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അവര്‍ക്ക് അധികാരം നല്‍കുമെന്ന് 24: 55 ലും; അദ്ദിക്റിനെ മൂടിവെച്ച് ഇസ്ലാമിനെ ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിക്കുന്ന കപടവിശ്വാസികളെ വധിക്കണമെന്ന് 9: 5, 123 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അല്ലാഹുവിന്‍റെ സംഘമായ വിശ്വാസികളുടെ സംഘം ലോകത്ത് എവിടെയുമുണ്ടായിട്ടില്ല. മറിച്ച് കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട 48: 6 ല്‍ പറഞ്ഞ കപടവിശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ വിവിധ സംഘടനകള്‍ മാത്രമാണുള്ളത്. ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ പരിഹസിക്കുന്നതാണെന്ന് 83: 29 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. ഫുജ്ജാറുകള്‍ക്ക് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള 'ഇല്ലിയ്യീന്‍' പട്ടികയില്‍ തങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി 7: 40 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറന്ന് കൊടുക്കുകയില്ല.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസികള്‍ 9: 73; 25: 52 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അതുകൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. അത്തരം കാഫിറുകള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായ അദ്ദിക്റിനെ മൂടിവെച്ച് നമസ്കരിച്ച്, നോമ്പനു ഷ്ഠിച്ച്, ഹജ്ജും ഉംറയും ചെയ്ത് പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരായതി നാല്‍ 25: 74 ല്‍ പറഞ്ഞ പ്രകാരം 'ഞങ്ങളെ നീ അദ്ദിക്റിനെ പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ക്ക് മുന്നില്‍ നടക്കുന്നവരാക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ക്ക് അവരുടെ ജുമുഅഃയില്‍ പങ്കെടുക്കാനോ 9: 84-85, 113-114 എന്നീ സൂക്തങ്ങളുടെ കല്‍പന പ്രകാരം അവരുടെമേല്‍ മയ്യിത്ത് നമസ്കരിക്കാനോ അവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേടാനോ അനുവാദമില്ല. 9: 71-72; 29: 45; 58: 22 വിശദീകരണം നോക്കുക.

ജുമുഅഃ ദിവസം നമസ്കാരത്തിലേക്ക് വിളിക്കപ്പെട്ടാല്‍ ക്രയവിക്രയങ്ങളെല്ലാം ഒഴിവാക്കി ജുമുഅഃ നമസ്കാരത്തിലേക്ക് വരണം എന്ന് പറയുന്നതിന് പകരം അല്ലാഹുവിന്‍റെ സ്മരണയിലേക്ക് ഉളരണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. വിശ്വാസികളുണ്ടെങ്കില്‍ ജുമുഅഃക്ക് വിളിക്കപ്പെട്ടാല്‍ ക്രയവിക്രയങ്ങളെല്ലാം ഒഴിവാക്കി അല്ലാഹുവിന്‍റെ സ്മരണയിലേക്ക് അഥവാ അല്ലാഹുവിന്‍റെ സ്മരണയുണ്ടാക്കുന്ന പ്രഭാഷണത്തിലേക്ക് ധൃതിപ്പെട്ട് വരണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. അഥവാ ജുമുഅഃ പ്രഭാഷണം 2: 113, 213; 4: 105; 9: 67-68 തുടങ്ങിയ സൂക്തങ്ങള്‍ പരിഗണിച്ചുകൊണ്ട് നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ ആയിരിക്കണം. 3: 103; 49: 9-10; 58: 22 തുടങ്ങിയ സൂക്തങ്ങളില്‍ കല്‍പിക്കപ്പെട്ടതുപോലെ വിശ്വാസികളുടെ ഏകസംഘം രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ളതുമായിരിക്കണം. അല്ലാത്തപക്ഷം 4: 140 പ്രകാരം പ്രഭാഷണം നടത്തുന്ന കപടവിശ്വാസികളായ കാഫിറുകളെയും അത് കേട്ടിരിക്കുന്ന അനുയായികളായ കാഫിറുകളേയും അല്ലാഹു നരകകുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുന്നതാണ്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തുന്ന വിശ്വാസി ഇന്ന് സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 35: 28-29; 39: 23; 51: 55 വിശദീകരണം നോക്കുക.