وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قَالُوا مَا أَنْزَلَ اللَّهُ عَلَىٰ بَشَرٍ مِنْ شَيْءٍ ۗ قُلْ مَنْ أَنْزَلَ الْكِتَابَ الَّذِي جَاءَ بِهِ مُوسَىٰ نُورًا وَهُدًى لِلنَّاسِ ۖ تَجْعَلُونَهُ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا ۖ وَعُلِّمْتُمْ مَا لَمْ تَعْلَمُوا أَنْتُمْ وَلَا آبَاؤُكُمْ ۖ قُلِ اللَّهُ ۖ ثُمَّ ذَرْهُمْ فِي خَوْضِهِمْ يَلْعَبُونَ
അവര്‍ അല്ലാഹുവിനെ, അവനെ പരിഗണിക്കേണ്ടവിധം പരിഗണിച്ചതുമില്ല, അല്ലാഹു മനുഷ്യരുടെമേല്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍, നീ ചോദിക്കുക: മൂസാ കൊണ്ടുവന്നിട്ടുള്ളതായ മനുഷ്യര്‍ക്കുവേണ്ടിയുള്ള സന്മാര്ഗ്ഗവും പ്രകാശവുമായ ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്? നിങ്ങള്‍ അതിനെ കടലാസുകളിലാക്കുകയും അതില്‍ നിന്ന് അല്പം വെളിവാക്കുകയും അധികവും നിങ്ങള്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നു, നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കള്‍ക്കും അറിവില്ലാതിരുന്ന അറിവ് നിങ്ങളെ പഠിപ്പിക്കുന്നതുമായ ഗ്രന്ഥം; നീ പറയുക: അല്ലാഹുവാണെന്ന്, പിന്നെ അവരെ അവരുടെ പരിഹാസങ്ങളില്‍ കളിച്ചുകൊണ്ടിരിക്കാന്‍ വിടുകയും ചെയ്യുക.
2: 119, 147; 3: 60; 7: 8-9; 10: 108; 17: 81; 39: 69, 75; 40: 78; 43: 78 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധത്തില്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിഗണിച്ചില്ല എന്നാണ് അല്ലാഹുവിനെ പരിഗണിക്കേണ്ട വിധം പരിഗണിച്ചില്ല എന്ന് പറഞ്ഞതിന്റെ ആശയം. ബുദ്ധിശക്തി നല്കപ്പെട്ട മനുഷ്യന് നാഥന്റെ സന്മാര്ഗമായ അദ്ദിക്ര്‍ നല്‍കിയിട്ടുള്ളത് ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധം അവര്‍ നാഥന്റെ പ്രാതിനിധ്യം വഹിച്ച് ജീവിക്കുന്നതിനാണ്. 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യാനും പ്രാര്‍ത്ഥിക്കാനും അവസരം ഉണ്ടാക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനും പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് അവരെ ജീവിതലക്ഷ്യമുള്ളവരാക്കുന്നതിനും കൂടിയാണ്. അല്ലാഹു ഒരു ജനതയെ സന്മാര്ഗത്തിലാക്കിയതിന് ശേഷം അവര്‍ ഏതൊക്കെ വിധിവിലക്കുകളാണ് പിന്‍പറ്റേണ്ടതെന്ന് അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാതെ അവരെ വഴികേടിലാക്കുക എന്നത് അല്ലാഹുവിന് യോജിച്ചതല്ല എന്ന് 9: 115 ല്‍ പറഞ്ഞിട്ടുണ്ട്. 36: 70 ല്‍, ഉണര്‍ത്തലായ അദ്ദിക്ര്‍ അവതരിപ്പിച്ചത് ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കാനും കാഫിറുകളുടെ മേല്‍ ന്യായം സ്ഥാപിതമാകാനുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 22: 73 ല്‍, ഓ മനുഷ്യരേ! അല്ലാഹു എടുത്തുദ്ധരിക്കുന്ന ഉപമ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുവീന്‍, നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുന്നവരല്ല, അതിന് അവര്‍ എല്ലാവരും ഒരുമിച്ച് കൂടിയാലും ശരി; മാത്രമല്ല, ഈച്ച അവരില്‍ നിന്ന് എന്തെങ്കിലും തട്ടിക്കൊണ്ട് പോയാല്‍ ആ ഈച്ചയില്‍ നിന്ന് അത് തിരിച്ചെടുക്കാന്‍ പോലും അവര്‍ക്ക് സാധ്യമല്ല, സഹായം തേടുന്നവരും തേടപ്പെടുന്നവരും ബലഹീനര്‍ തന്നെയാകുന്നു എന്നും; 22: 74 ല്‍, അല്ലാഹുവിനെ അവര്‍ പരിഗണിക്കേണ്ട വിധം പരിഗണിച്ചില്ല, നിശ്ചയം അല്ലാഹു ശക്തനായ അജയ്യന്‍ തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 39: 67 ല്‍, അവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ട വിധം പരിഗണിച്ചതുമില്ല, അന്ത്യനാളില്‍ അവന് ഭൂമി മുഴുവന്‍ ചുരുട്ടി (അവന്റെ ഇടതുകൈയ്യിലും) ആകാശങ്ങള്‍ മുഴുവന്‍ ചുരുട്ടി അവന്റെ വലതുകൈയ്യിലും പിടിക്കുന്നതാണ്, അവര്‍ ജല്പിക്കുന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അത്യുന്നതനായ അല്ലാഹു അതീവപരിശുദ്ധനാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
ഒരു നാട്ടിലേക്ക് നിയോഗിക്കപ്പെട്ട 3 പ്രവാചകന്മാരോടും ആ നാട്ടിലെ ജനത: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ അല്ല, നിഷ്പക്ഷവാന് ഒന്നും തന്നെ അവതരിപ്പിച്ചിട്ടുമില്ല, നിങ്ങള്‍ നുണ പറയുന്നവരല്ലാതെ അല്ല എന്ന് പറഞ്ഞതായി 36: 15 ല്‍ പറഞ്ഞിട്ടുണ്ട്. 67: 8 ല്‍, എല്ലാ പ്രാവശ്യവും കാഫിറുകളുടെ ഓരോ സംഘവും നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള് അതിന്റെ പാറാവുകാര്‍ അവരോട്: നിങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിരുന്നില്ലേ എന്ന് ചോദിക്കുമെന്നും; 67: 9 ല്‍, അവര്‍: അതെ, നിശ്ചയം ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിരുന്നു, അപ്പോള്‍ അവരെ ഞങ്ങള്‍ തള്ളിപ്പറയുകയും അല്ലാഹു ഒന്നും തന്നെ ഇറക്കിയിട്ടില്ല, നിശ്ചയം നിങ്ങള്‍ വമ്പിച്ച വഴികേടിലല്ലാതെ അല്ല എന്ന് അവരോട് ഞങ്ങള്‍ പറയുകയും ചെയ്തു എന്ന് മറുപടി പറയും എന്നും; 67: 10 ല്‍, അവര്‍ പറയുകയും ചെയ്യും: ഓ! ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ഞങ്ങള്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നവരായിരുന്നുവെങ്കില്‍ ഈ കത്തിയാളുന്ന നരകത്തിന്റെ സഹവാസികളില്‍ പെട്ടുപോകുമായിരുന്നില്ലല്ലോ എന്നും; 67: 11 ല്‍, അവര്‍ അവരുടെ കുറ്റങ്ങളെല്ലാം തിരിച്ചറിയുകയും അങ്ങനെ അവര്‍ നരകത്തിന്റെ സഹവാസികളായി കരിക്കപ്പെടുകയും ചെയ്യുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്.
മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് മക്കയിലുള്ളവര്‍ മൂസാക്ക് നല്കപ്പെട്ട സന്മാര്ഗവും പ്രകാശവുമായ അദ്ദിക്ര്‍ അനുസരിച്ച് ജീവിക്കാന്‍ കല്പിക്കപ്പെട്ടവരായിരുന്നു. പ്രവാചകന് അവരിലേക്ക് ചെന്നപ്പോള്‍ സ്വാഭാവികമായും പ്രവാചകന് പറയുന്നതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചുകൊണ്ട് ഖുറൈശികളടങ്ങുന്ന മക്കാമുശ്രിക്കുകള്‍ അന്നത്തെ വേദക്കാരായ ജൂതരെയും ക്രൈസ്തവരെയും സമീപിക്കുകയുണ്ടായി. നിങ്ങള്‍ വേദം നല്കപ്പെട്ടവരും പ്രവാചകന്മാരില് വിശ്വസിച്ചവരുമാണല്ലോ, മുഹമ്മദിന് ദിവ്യവെളിപാട് ലഭിക്കുന്നുണ്ട് എന്ന് പറയുന്നതില്‍ വല്ല സത്യവുമുണ്ടോ എന്ന് അന്വേഷിച്ചു. ഇതിന് ജൂതര്‍ നല്കിയ മറുപടി: അല്ലാഹു മനുഷ്യരുടെമേല്‍ ഒന്നും തന്നെ ഇറക്കിയിട്ടില്ല, മുഹമ്മദ് കളവ് പറയുകയാണ് എന്നായിരുന്നു. ജനങ്ങളെ പ്രവാചകനെതിരില്‍ അണിനിരത്താനായി മക്കാമുശ്രിക്കുകള്‍ വേദക്കാരുടെ ഈ മറുപടി തെളിവായി ഉദ്ധരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഈ സൂക്തത്തില്‍ മൂസാക്ക് തൗറാത്ത് നല്‍കിയതിനെക്കുറിച്ചും അതിനോട് അവര്‍ അനുവര്‍ത്തിച്ച നയത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുള്ളത്. മൂസാ നബിക്ക് തൗറാത്ത് അവതരിപ്പിച്ചു എന്നത് അല്ലാഹു ഒരു മനുഷ്യനും യാതൊന്നും അവതരിപ്പിച്ചിട്ടില്ല എന്ന അവരുടെ വാദത്തിന് തിരിച്ചടിയാണ്. ഒറ്റ ഗ്രന്ഥമായ അല്‍കിതാബിന്റെ ഭാഗമായ, മൂസാനബിക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്ത് അന്നുള്ള മനുഷ്യര്‍ക്കെല്ലാം പ്രകാശവും മാര്‍ഗദര്‍ശനവുമാണ്. 7: 150, 154 സൂക്തങ്ങളില്‍ പരാമര്‍ശിച്ച പ്രകാരം ഫലകങ്ങളില്‍ രേഖപ്പെടുത്തി മൂസാക്ക് നേരിട്ട് നല്കപ്പെട്ട 10 കല്പനകളും അതിന്റെ വിശദീകരണങ്ങളും അവര്‍ ക്രമേണ കടലാസുകളിലാക്കുകയും അതിലുള്ളത് കുറച്ചൊക്കെ ജനങ്ങള്‍ക്ക് വെളിവാക്കുകയും, എന്നാല്‍ അധികവും അവര്‍ മൂടിവെക്കുകയും ചെയ്തിരുന്നു. 32: 23 ല്‍, നിശ്ചയം ഞാന്‍ മൂസാക്ക് ഗ്രന്ഥം നല്കിയിട്ടുണ്ടായിരുന്നു, അപ്പോള്‍ അതുപോലുള്ള ഒന്ന് നിനക്ക് വന്നുകിട്ടുന്നതില്‍ നീ സംശയിക്കേണ്ടതില്ല, അതിനെ നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സന്മാര്ഗമാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ത്രികാലജ്ഞാനിയായ നാഥന് രൂപപ്പെടുത്തിയിരിക്കെ അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്ത് അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളാണ് പ്രവാചകന്റെ കാലത്തുള്ള ജൂതരെപ്പോലും വെല്ലുന്ന വിധം ലക്ഷ്യബോധമില്ലാതെ അന്ധകാരങ്ങളില്‍ ജീവിക്കുന്നത്. അവര്‍ തന്നെയാണ് അദ്ദിക്റിനോട് വിരോധം വെച്ചുകൊണ്ടിരിക്കുന്നവരും അല്ലാഹുവിന്റെയും വിശ്വാസികളുടെയും പ്രവാചകന്മാരുടെയും ശത്രുക്കളും. 1: 7; 2: 119, 165-167; 4: 150-151 വിശദീകരണം നോക്കുക.